X

നടിയെ ആക്രമിച്ച സംഭവം; രാഷ്ട്രീയം തിരിഞ്ഞ് ആരോപണം കൊഴുക്കുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രാഷ്ട്രീയം തിരിഞ്ഞ് വാദങ്ങള്‍ കൊളുക്കുന്നു. സംഭവത്തില്‍ ഫലപ്രദമായി അന്വേഷണം നടക്കുന്നില്ലെന്ന് പി.ടി തോമസ് എം.എല്‍.എ പറഞ്ഞു രംഗത്തെത്തി. ഗുരുതരമായ സംഭവത്തിന്റെ പ്രതികളെ ഇത്രയും നാള്‍ കഴിഞ്ഞിട്ടും പിടികൂടാനാവാത്തത് കേരള പോലീസിന്റെ പരാജയമാണെന്നും പി.ടി. തോമസ് പറഞ്ഞു.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലും ചില ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. നേതാക്കള്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയതോടെ സംഭവത്തില്‍ രാഷ്ട്രീയ ചേരിതിരിവുണ്ടാവുകയായിരുന്നു. സംഭവം നടന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും കേസിലെ മുഖ്യപ്രതി സുനിയേയോ കേസിന്റെ പിന്നിലുള്ള ദുരൂഹതകള്‍ നീക്കം ചെയ്യാനോ സര്‍ക്കാരിന് കഴിയാത്തതിന്റെ പശ്ചാത്തലത്തിലാണ് രാഷ്ട്രീയം തിരിഞ്ഞുള്ള ആരോപണങ്ങള്‍ കൊഴുക്കുന്നത്.

നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് സി.പി.എം ബന്ധമുണ്ടെന്ന് ആരോപണവുമായി ബി.ജെ.പി നേതാവ് എം.ടി രമേഷ് രംഗത്തെത്തി. പ്രതികളിലൊരാളായ വി.പി വിജീഷ് സി.പി.എമ്മുകാരനാണെന്നും പി. ജയരാജന്റെ അയല്‍വാസിയുമാണെന്ന് രമേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. വിജീഷ് സി.പി.എമ്മിന്റെ ഗുണ്ടാലിസ്റ്റിലുള്ളയാളാണെന്നും രമേഷ് ആരോപിച്ചു. എന്നാല്‍ കണ്ണൂര്‍ ജില്ലയിലെ ബ്ലേഡ്, ക്വട്ടേഷന്‍ മാഫിയാ പ്രവര്‍ത്തനങ്ങള്‍ സംരക്ഷിക്കുന്നത് സംഘ്പരിവാര്‍ നേതാക്കളാണെന്നത് പുറത്തുവരാതിരിക്കാനാണ് എം.ടി രമേഷിന്റെ കുപ്രചാരണമെന്ന് സി.പി.എം നേതാവ് പി. ജയരാജന്‍ ആഞ്ഞടിച്ചു. കഴിഞ്ഞ ദിവസം ആക്രമണവുമായി ബിനീഷ് കൊടിയേരിക്ക് ബന്ധമുണ്ടെന്ന് ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണനും ആരോപിച്ചിരുന്നു.

അതേസമയം, കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ പിടികിട്ടാത്തത് പോലീസിന് തലവേദനയാകുന്നു. പള്‍സര്‍സുനിക്കുവേണ്ടി പോലീസ് മൂന്ന് സംഘമായി ചേരിതിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. സുനി കേരളം വിട്ടെന്നും സൂചനയുണ്ട്. തമിഴ്‌നാട്ടിലേക്കൊ കര്‍ണ്ണാടകയിലേക്കോ പ്രതി കടന്നിരിക്കാമെന്നാണ് സൂചന ലഭിക്കുന്നത്.

chandrika: