X

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എംബിബിഎസിന് പ്രവേശനം; പെണ്‍കുട്ടിയെ പറ്റിച്ച് ആറ് മാസം ഓണ്‍ലൈന്‍ ക്ലാസ്, അറിഞ്ഞത് കോളജിലെത്തിയപ്പോള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പഠനത്തിന് പ്രവേശനം ലഭിച്ചതായി വ്യാജ ഇമെയില്‍ സന്ദേശം അയച്ചും ഓണ്‍ലൈനില്‍ ക്ലാസ് നടത്തിയും തട്ടിപ്പ് നടത്തിയതായി പരാതി. ആറുമാസം ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്ത മൂന്നാര്‍ സ്വദേശിനി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നേരിട്ട് എത്തിയപ്പോഴാണ് തട്ടിപ്പ് തിരിച്ചറിയുന്നത്.

മൂന്നാറിലെ സ്വകാര്യ സ്‌കൂളില്‍ നിന്ന് പ്ലസ്ടുവിന് ഉന്നത വിജയം നേടിയ പെണ്‍കുട്ടി 2022ലെ നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയിരുന്നു. പിന്നീട് വിവിധ മെഡിക്കല്‍ കോളേജില്‍ അപേക്ഷ നല്‍കി. പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ പേരില്‍ അഡ്മിഷന്‍ ലഭിച്ചുവെന്ന രീതിയില്‍ മെയില്‍ ലഭിക്കുകയും ചെയ്തു. 25,000 രൂപ ഫീസ് അടക്കണമെന്ന് ആവശ്യപ്പെടുകയും പതിനായിരം രൂപ ഗൂഗിള്‍ പേ വഴി അടക്കുകയും ചെയ്തു.

2022 നവംബറില്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമായിരുന്നു ക്ലാസ് എടുത്തിരുന്നത്. കോളേജില്‍ വരാന്‍ വേണ്ടി മൂന്ന് പ്രാവശ്യം മെയില്‍ വന്നെങ്കിലും പിന്നീട് വരേണ്ടതില്ല എന്ന സന്ദേശം ലഭിച്ചു. കഴിഞ്ഞ ജൂണ്‍ 24ന് മെഡിക്കല്‍ കോളേജില്‍ നേരിട്ട് ഹാജരാകാന്‍ സന്ദേശം ലഭിക്കുകയും പിന്നാലെ പോകാന്‍ തയ്യാറായപ്പോള്‍ വീണ്ടും വരേണ്ട എന്ന സന്ദേശം വീണ്ടും ലഭിക്കുകയായിരുന്നു. ഇതില്‍ സംശയം തോന്നിയ മാതാപിതാക്കളും വിദ്യാര്‍ത്ഥിനിയും നേരിട്ട് എത്തി കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. മെഡിക്കല്‍ കോളേജിലെ അതേ ക്ലാസുകളാണ് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പെണ്‍കുട്ടി ആറുമാസം പഠിച്ചതെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചതായി പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ വിദ്യാര്‍ഥിനി മൂന്നാര്‍ പോലീസില്‍ പരാതി നല്‍കി.

webdesk11: