X

കായല്‍ കയ്യേറ്റം; പണത്തിന് മീതെ പരുന്തല്ല, പാര്‍ട്ടിയും പാതിരിയും പറക്കില്ല; അഡ്വ. എ ജയശങ്കര്‍

കോഴിക്കോട്: കായല്‍ നികത്തി സ്വന്തം ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് പാര്‍ക്കിങ് സംവിധാനം ഒരുക്കിയെന്ന മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണം ശരിവെച്ചുകൊണ്ടുള്ള കളക്ടറുടെ റിപ്പോര്‍ട്ടിന് പിന്നാലെ വിഷയത്തില്‍ നിയമോപദേശത്തിന് ശേഷം നടപടിയെടുക്കാമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി രാഷ്ട്രീയനിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍.

‘അഡ്വ ജനറലിന്റെ നിയമോപദേശവും വിജിലന്‍സിന്റെ ത്വരിത പരിശോധനാ റിപ്പോര്‍ട്ടും ചാണ്ടിച്ചായന് അനുകൂലമായിരിക്കും. അതുകൊണ്ട് രാജി വേണ്ട, നിയമസഭയുടെ കാലാവധി തീരുംവരെ മന്ത്രിയായി തുടരാം.മധ്യതിരുവിതാംകൂറിലെ കുപ്രസിദ്ധനായ ഒരു മതമേലധ്യക്ഷന്‍ ചാണ്ടിക്കു വേണ്ടി ശക്തമായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. പണത്തിന്റെ മീതെ പരുന്തല്ല പാര്‍ട്ടിയും പാതിരിയും പറക്കില്ല’ എന്ന് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. നിയമസഭയുടെ കാലാവധി തീരുംവരെ മന്ത്രിയായി തുടരാമെന്നായിരിക്കാം ഇനി സര്‍ക്കാര്‍ പറയാന്‍ പോകുന്നതെന്നും ജയശങ്കര്‍ പറഞ്ഞു.

തോമസ് ചണ്ടിക്കെതിരായ നടപടി തീരുമാനിക്കുന്നതിനായി സി.പി.ഐ.എം സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നിരുന്നെങ്കിലും തോമസ് ചാണ്ടി വിഷയത്തില്‍ യോഗത്തില്‍ വിശദമായ ചര്‍ച്ചയുണ്ടായിരുന്നില്ല. നിയമോപദേശം ലഭിച്ചതിനു ശേഷം മാത്രം നടപടി സ്വീകരിച്ചാല്‍ മതിയെന്നാണ് യോഗത്തിലുണ്ടായിരിക്കുന്ന ധാരണ.

അതേ സമയം തോമസ് ചാണ്ടിയുടെ കയ്യേറ്റം സംബന്ധിച്ച ആരോപണങ്ങളിലും കണ്ടെത്തലുകളിലും നിയമോപദേശം വൈകില്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. തന്റെ നിലപാട് മുഖ്യ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. നിലപാട് പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശം തേടിയത്. ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് സ്ഥലം വാങ്ങിക്കൂട്ടി, തണ്ണീര്‍ത്തട നിയമം ലംഘിച്ച് പാടം നികത്തി, ഉദ്യോഗസ്ഥര്‍ നിയമ ലംഘനത്തിന് കൂട്ടുനിന്നു തുടങ്ങിയവയാണ് പരാതികള്‍. നെല്‍വയല്‍ തണ്ണീര്‍തട നിയമം അട്ടിമറിച്ചാണ് മന്ത്രിയുടെ കയ്യേറ്റമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ചാണ്ടിക്കെതിരെ പൊതുതാല്‍പര്യ ഹര്‍ജിയുമായി തൃശൂര്‍ സ്വദേശിയും ഹൈക്കോടതിയില്‍ എത്തിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കുവൈറ്റ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവും നിയമലംഘനവും സംബന്ധിച്ച ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ തല്ക്കാലം നടപടി വേണ്ട, അഡ്വ ജനറലിന്റെ അഭിപ്രായം അറിയും വരെ കാത്തിരിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
അഡ്വ ജനറലിന്റെ നിയമോപദേശവും വിജിലന്‍സിന്റെ ത്വരിത പരിശോധനാ റിപ്പോര്‍ട്ടും ചാണ്ടിച്ചായന് അനുകൂലമായിരിക്കും. അതുകൊണ്ട് രാജി വേണ്ട, നിയമസഭയുടെ കാലാവധി തീരുംവരെ മന്ത്രിയായി തുടരാം.
മധ്യതിരുവിതാംകൂറിലെ കുപ്രസിദ്ധനായ ഒരു മതമേലധ്യക്ഷന്‍ ചാണ്ടിക്കു വേണ്ടി ശക്തമായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. പണത്തിന്റെ മീതെ പരുന്തല്ല പാര്‍ട്ടിയും പാതിരിയും പറക്കില്ല.
രക്തസാക്ഷികള്‍ സിന്ദാബാദ്!
രക്തപതാക സിന്ദാബാദ്!
രക്തപതാകത്തണലില്‍ വിരിയും
കുവൈറ്റ് ചാണ്ടി സിന്ദാബാദ്!

chandrika: