X

അഫ്ഗാനിലെ കുന്‍ഡുസ് പ്രവിശ്യ താലിബാന്‍ നിയന്ത്രണത്തില്‍

കാബൂള്‍: അഫ്ഗാനിസ്താനിലെ കുന്‍ഡുസ് നഗരത്തിനു നേരെ താലിബാന്‍ ശക്തമായ ആക്രമണം തുടങ്ങി. നഗരത്തിന്റെ നാലു ദിശയില്‍നിന്നും ഇരച്ചുകയറിയ പോരാളികള്‍ തന്ത്രപ്രധാന കേന്ദ്രങ്ങളുടെയെല്ലാം നിയന്ത്രണം പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്.
ഞായറാഴ്ച അര്‍ധരാത്രിയാണ് ആക്രമണം തുടങ്ങിയത്. താലിബാന്‍ പോരാളികളും അഫ്ഗാന്‍ സേനയും തമ്മില്‍ നഗരത്തിന് അകത്തും പുറത്തും ഉഗ്രപോരാട്ടം തുടരുന്നുണ്ട്. തീവ്രവാദികളെ പിന്തിരിപ്പിക്കാന്‍ എല്ലാ ശ്രമവും നടത്തുന്നുണ്ടെന്ന് പൊലീസ് കമാന്‍ഡര്‍ ശീര്‍ അലി കമാല്‍ അറിയിച്ചു. കുന്‍ഡുസിനു മുകളില്‍ സൈനിക ഹെലികോപ്ടറുകള്‍ വട്ടമിട്ടു പറക്കുന്നുണ്ട്. വെടിയൊച്ചയും കേള്‍ക്കാം. ആളുകളോട് വീടുകളില്‍ തന്നെ തങ്ങാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

പോരാളികള്‍ വീടുകളില്‍ കയറിക്കൂടിയും സൈനികരെ ആക്രമിക്കുന്നുണ്ട്. എവിടെനിന്നാണ് വെടിയുണ്ടകള്‍ വരുന്നതെന്ന് കൃത്യമായി മനസിലാക്കാന്‍ സാധിക്കാതെ സൈനികരും പൊലീസും പ്രയാസപ്പെടുകയാണെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. ഒരുവര്‍ഷം മുമ്പും താലിബാന്‍ പോരാളികള്‍ കുന്‍ഡുസ് നഗരം പിടിച്ചെടുത്തിരുന്നു.

ഏപ്രില്‍, ജൂലൈ, ആഗസ്ത് മാസങ്ങളിലും താലിബാനില്‍നിന്ന് കടുത്ത ഭീഷണിയുണ്ടായി. നഗരത്തിലെ നവാബാദ് പ്രദേശവും നാല് ചെക്‌പോയിന്റുകളും പിടിച്ചെടുത്തതായി താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് അവകാശപ്പെട്ടു. നിരവധി സൈനികരും കൊല്ലപ്പെട്ടതായി അദ്ദേഹം അറിയിച്ചു. ഹെല്‍മന്ദ് പ്രവിശ്യയടക്കം അഫ്ഗാനിസ്താന്റെ നിരവധി ഭാഗങ്ങളില്‍ താലിബാന്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഹെല്‍മന്ദിലെ നാവ ജില്ല ആക്രമിച്ച തീവ്രവാദികള്‍ പൊലീസ് മേധാവിയെ കൊലപ്പെടുത്തി. അഫ്ഗാനിസ്താനില്‍ താലിബാന്‍ തങ്ങളുടെ ശക്തി തെളിയിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി പ്രദേശങ്ങള്‍ താലിബാ നില്‍നിന്ന് ഭീഷണി നേരിടുന്നുണ്ട്. ഏത് സമയവും അഫ്ഗാ ന്‍ സേനക്ക് ഇവയുടെ നിയന്ത്രണം നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്.

Web Desk: