X

എലിപ്പനി മരണങ്ങള്‍ കൂടുന്നു; കോഴിക്കോട് 131 പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: പ്രളയാനന്തരം സംസ്ഥാനത്ത് ഭീതിപടര്‍ത്തി എലിപ്പനി പടരുന്നു. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ നിരവധി എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് എലിപ്പനി ലക്ഷണങ്ങള്‍ ഓടെ 131 ചികിത്സയിലാണ്. ഇവരില്‍ 43 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ എലിപ്പനി ബാധിച്ച് 3 പേര്‍ കൂടി മരിച്ചു. വടകര മേപ്പയിൽ ആണ്ടി, മുക്കം സ്വദേശി ശിവദാസൻ (61), കാരന്തൂര്‍ സ്വദേശി കൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. ഇതോടെ ജില്ലയില്‍ ഓഗസ്റ്റില്‍ മാത്രം എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ആലപ്പുഴ ജില്ലയില്‍ നാല് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ആലപ്പുഴ, പുന്നപ്ര, കരുവാറ്റ, കഞ്ഞിക്കുഴി എന്നിവിടങ്ങളില്‍ ഉള്ളവര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. മറ്റ് നാല് പേര്‍ക്ക് എലിപ്പനിയെന്ന് സംശയമുണ്ട്. ഇവര്‍ നിരീക്ഷണത്തിലാണ്.

അതേസമയം എലിപ്പനി പടരാനുള്ള സാധ്യതയെ കുറിച്ച് ആരോഗ്യ വകുപ്പ് തുടര്‍ച്ചയായി മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ പറഞ്ഞു. എന്നാല്‍ പ്രതിരോധ മരുന്ന് കഴിക്കുന്നതില്‍ ആളുകള്‍ വൈമുഖ്യം കാണിക്കുന്നുവെന്ന് മന്ത്രി കണ്ണൂരില്‍ വ്യക്തമാക്കി. പകര്‍ച്ചവ്യധികള്‍ പിടിച്ച് നിര്‍ത്താന്‍ നിലവില്‍ കഴിഞ്ഞിട്ടുണ്ട്.


Read more: എലിപ്പനി വരാന്‍ എലി തന്നെ വേണമെന്നില്ല; പരിസരം വൃത്തിയാക്കുമ്പോള്‍ ജാഗ്രത അനിവാര്യം


പനിയുള്ളവര്‍ പ്രതിരോധ മരുന്ന് കഴിക്കാന്‍ ശ്രദ്ധിക്കണം. ഡോക്ടര്‍മാരും ഡോക്‌സി സൈക്ലിന്‍ നിര്‍ദ്ദേശിക്കണമെന്ന് മന്ത്രി വ്യക്താക്കി. ടാബ്ലറ്റ് ഇല്ലെങ്കില്‍ ആശുപത്രികള്‍ രേഖരിക്കണം. ഡെങ്കിപ്പനി വരാതിരിക്കാനും ശ്രദ്ധ വേണം. കൊതുക് നിവാരണത്തിന് കൂട്ടായ പരിശ്രമം വേണം. ജലജന്യ രോഗങ്ങള്‍ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു.

ശ്വോസകോശ സംബന്ധമായ രോഗമുള്ളവര്‍ക്കാണ് എലിപ്പനി വന്നാല്‍ മരണ സാധ്യത കൂടുതല്‍. അതേസമയം പനി പടരാതിരിക്കാന്‍ എല്ലാവിധ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. പ്രളയത്തിനു ശേഷം സംസ്ഥാനത്ത് എലിപ്പനി പടരാനുള്ള സാധ്യത സര്‍ക്കാര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

chandrika: