X
    Categories: MoreViews

സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം ഡല്‍ഹിക്ക് നാണക്കേടിന്റെ ഒന്നാം സ്ഥാനം

ലോകത്തെ മഹാനഗരങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ലൈംഗികാതിക്രമങ്ങള്‍ അരങ്ങേറുന്നത് ഡല്‍ഹിയില്‍. ലോകനഗരങ്ങളില്‍ തോംസണ്‍ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വേയിലാണ് ഡല്‍ഹി നാണക്കേടിന്റെ കിരീടം ചൂടിയത്. ഇന്ത്യയിലുടനീളം പ്രതിഷേധക്കൊടുങ്കാറ്റ് സൃഷ്ടിച്ച 2012ലെ നിര്‍ഭയ സംഭവത്തിന് ശേഷവും തലസ്ഥാനത്തെ സ്ഥിതിഗതികളില്‍ കാര്യമായ മാറ്റം ഉണ്ടായില്ല എന്ന് തെളിയിക്കുന്നതാണ് സര്‍വേയിലെ കണ്ടെത്തലുകള്‍. 2015ല്‍ ഓരോ മണിക്കൂറിലും നാലു പീഡനങ്ങളെങ്കിലും ഇന്ത്യയില്‍ നടക്കുന്നുണ്ട് എന്നാണ് മറ്റു പഠനങ്ങള്‍.
ഡല്‍ഹിക്കൊപ്പം ബ്രസീല്‍ നഗരമായ സാവോ പോളോയും ഒന്നാം സ്ഥാനത്തുണ്ട്. നഗരത്തില്‍ സാമൂഹിക മാധ്യമങ്ങളാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നത്. ഈയിടെ എഴുത്തുകാരി ക്ലാസ അവര്‍ബക്ക് ടാക്‌സി ഡ്രൈവറില്‍ നിന്ന് ലൈംഗികാക്രമണത്തിന് ഇരയായത് ബ്രസീലില്‍ ഏറെ ചര്‍ച്ചയായിരുന്നു.
സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഏറ്റവും അപകടം നിറഞ്ഞ നഗരമായി സര്‍വേ കണ്ടെത്തിയത് ഈജിപ്ത് തലസ്ഥാനമായ കൈറോയാണ്. അയല്‍ രാജ്യമായ പാകിസ്താനിലെ കറാച്ചിയാണ് രണ്ടാമത്. കോംഗോ തലസ്ഥാനമായ കിന്‍ഷാസ മൂന്നാമതും ഡല്‍ഹി നാലാമതും.
ലണ്ടനാണ് സ്ത്രീകള്‍ക്ക് ഏറ്റവും മികച്ച മഹാനഗരം. തൊട്ടുപിന്നാലെ ജപ്പാനിലെ ടോക്യായും ഫ്രഞ്ച് തലസ്ഥാമായ പാരിസും. ഏറ്റവും സുരക്ഷിതമായ നഗരം ടോക്യായാണ്.
വിവിധ വിഭാഗങ്ങളില്‍ റഷ്യന്‍ തലസ്ഥാനമായ മോസ്‌കോ, യു.എസ് നഗരമായ ന്യൂയോര്‍ക്കിനെ കടത്തിവെട്ടി. ഏറ്റവും വലിയ വനിതാ സൗഹൃദ നഗരമാണ് മോസ്‌കോ.
2050 ഓടെ വനിതകളുടെ 54 ശതമാനവും നഗരങ്ങളില്‍ ജീവിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ലോകത്തുടനീളം അതിവേഗം നഗരവല്‍ക്കരണം നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ 2030ഓടെ മഹാനഗരങ്ങളുടെ എണ്ണം 41 ആകുമെന്നാണ് യു.എന്നിന്റെ കണക്ക്.

chandrika: