X

മഹാനായ നേതാവ്

പി.വി അബ്ദുല്‍ വഹാബ് എം.പി

മരണത്തിന്റെ തലേ ദിവസം എന്നോടൊപ്പം മണിക്കൂറുകളോളം ഒരുമിച്ചുണ്ടായിരുന്ന ഒരാള്‍ വേര്‍പിരിഞ്ഞുവെന്ന യാഥാര്‍ഥ്യത്തോട് ഇതുവരെ പൊരുത്തപ്പെടാനായിട്ടില്ല. മരണം വന്ന് തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹത്തെ മാടിവിളിക്കുമെന്ന് തിങ്കളാഴ്ച അഹമ്മദ് സാഹിബിനോടൊപ്പം യാത്ര ചെയ്തപ്പോള്‍ ഒരിക്കല്‍ പോലും പ്രതീക്ഷിച്ചതല്ല. കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് ലോക്‌സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒരു ദിവസം നേരത്തെ തന്നെ പോകാന്‍ തീരുമാനിച്ചത് അദ്ദേഹവും ഒപ്പമുണ്ടല്ലോ എന്ന ആവേശത്തിലായിരുന്നു. തിങ്കളാഴ്ച രാവിലെ 11 മണിക്കായിരുന്നു കരിപ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനം.

മുംബൈ വഴി ഡല്‍ഹിയിലെത്തിച്ചേരാന്‍ എടുത്തത് ഏകദേശം ആറു മണിക്കൂറോളം. പ്രായത്തിന്റെയും, രോഗങ്ങളുടേയും ആധിക്യം അദ്ദേഹത്തിന്റെ സംസാരത്തില്‍ ഒട്ടും തന്നെ നിഴലിച്ചിരുന്നില്ല. തമാശയിലൂടെയും, കാര്യമായുമെല്ലാം അദ്ദേഹം വിവരിച്ചത് പതിറ്റാണ്ടുകള്‍ നീണ്ട തന്റെ പൊതുജീവിതത്തെക്കുറിച്ചായിരുന്നു. അതില്‍ അദ്ദേഹം പറഞ്ഞ ഒരുകാര്യം എന്നെ വളരെയേറെ സ്പര്‍ശിച്ചു. ഈ കാലയളവില്‍ ലഭിച്ച ഏറ്റവും വലിയ സമ്പാദ്യമായി അദ്ദേഹം കാണുന്നത് മറ്റെന്തിനേക്കാളും സൗഹൃദങ്ങളാണ്.

ആലോചിച്ചു നോക്കുമ്പോള്‍ വളരെ ശരിയായ കാര്യമാണ്. രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കോ, പാര്‍ലമെന്ററി രംഗത്തെ അത്യുന്നത സ്ഥാനങ്ങളിലേക്കോ ഇതുവരെ കടന്നു വരാത്ത ഒരു പ്രസ്ഥാനത്തിന്റെ ദേശീയ നേതാവെന്ന നിലയില്‍ അദ്ദേഹം സമ്പാദിച്ചു കൂട്ടിയ സൗഹൃദങ്ങളുടെ പട്ടിക നമ്മുടെ പല വിദേശകാര്യ മന്ത്രിമാരെയും നാണിപ്പിക്കും. ലോകത്തിന്റെ ഏത് കോണിലും അഹമ്മദ് സാഹിബിനെ സ്‌നേഹത്തോടെ സ്മരിക്കുന്ന ആരെങ്കിലുമൊക്കെ ഉണ്ടാകും. പ്രത്യേകിച്ചും ഗള്‍ഫ് രാജ്യങ്ങളില്‍ അദ്ദേഹത്തിനുള്ള സ്വീകാര്യത നേരിട്ടു തന്നെ അനുഭവിച്ചറിഞ്ഞ വ്യക്തിയാണ് ഞാന്‍.

അഹമ്മദ് സാഹിബുമായുള്ള പരിചയം എന്റെ ബാപ്പയുടെ കാലത്തെ തുടങ്ങിയതാണ്. പിന്നീട് പലതവണ ഗള്‍ഫില്‍ വെച്ച് കണ്ട് പരിചയിച്ച് ആ പരിചയം സൗഹൃദത്തിന് വഴിമാറി. ചന്ദ്രിക ഡയറക്ടര്‍ ബോര്‍ഡിലേക്ക് എന്നെ തിരഞ്ഞെടുത്തതോടെ സൗഹൃദത്തിനപ്പുറമുള്ള അടുപ്പമായി അഹമ്മദ് സാഹിബുമായി. അഹമ്മദ് സാഹിബടക്കമുള്ള നേതാക്കളാണ് എന്നെ ലോക്‌സഭയിലേക്ക് പറഞ്ഞുവിടാന്‍ മുന്‍കൈയെടുത്തത്. പിന്നീട് മാര്‍ഗദര്‍ശിയായും അദ്ദേഹമുണ്ടായിരുന്നു. കഴിഞ്ഞ 4-5 വര്‍ഷത്തോളമായി അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി വരികയായിരുന്നു. ഇതിനിടയില്‍ പലപ്പോഴായി പലതവണ അദ്ദേഹവുമായി അടുത്തിടപഴകാന്‍ അവസരമുണ്ടായി. ഞാനും അദ്ദേഹവുമായുള്ള വ്യക്തിബന്ധം ഈ വര്‍ഷങ്ങള്‍ക്കിടയില്‍ കൂടുതല്‍ ഊഷ്മളമായി.

മുസ്‌ലിംലീഗ് പ്രസ്ഥാനത്തിലെ പല തലമുറകളോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ച നേതാവ് കൂടിയാണ് അദ്ദേഹം. ഇസ്മാഈല്‍ സാഹിബ് മുതല്‍ പുതുതലമുറയിലെ മുനവറലി തങ്ങള്‍ വരെയുള്ളവരുമായി അദ്ദേഹം പ്രവര്‍ത്തിച്ചു. മുസ്‌ലിംലീഗെന്ന തന്റെ പ്രസ്ഥാനത്തെ വളര്‍ത്തിയതിനൊപ്പം ഇ അഹമ്മദ് എന്ന നേതാവും അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് അതിനിടയില്‍ വളര്‍ന്നു. അവസാനമായി പലരും അദ്ദേഹത്തെ കണ്ടത് മുനവറലി തങ്ങളുടെ വീട് താമസത്തിനാകും. അതിന്റെ പിറ്റേ ദിവസമായിരുന്നു ഞങ്ങളൊന്നിച്ചുള്ള യാത്ര.

പതിവിലും കൂടുതല്‍ ആ യാത്രയില്‍ അദ്ദേഹം സംസാരിച്ചത് ഒരുപക്ഷേ ഇനിയൊരിക്കല്‍ കൂടി ഇങ്ങനെയൊരു യാത്ര ഉണ്ടാകില്ലെന്ന ഉള്‍വിളിയില്‍ നിന്നാണോ? അറിയില്ല. എന്തായാലും മുസ്‌ലിംലീഗിനും, ഈ രാജ്യത്തിനും അങ്ങ് നല്‍കിയ സേവനങ്ങള്‍ എന്നെന്നും സ്മരിക്കപ്പെടും.
സര്‍വശക്തനായ നാഥന്‍ അദ്ദേഹത്തിന്റെ പരലോക ജീവിതം ധന്യമാക്കട്ടെ

chandrika: