X

രാഷ്ട്രീയ കാരണങ്ങളാല്‍ സിനിമയില്‍ നിന്നൊഴിവാക്കി എന്ന ആരോപണം; കൃഷ്ണകുമാറിനെ തള്ളി മകള്‍ അഹാന

പൃഥ്വിരാജ് നായകനായ ഭ്രമം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് നടി അഹാന കൃഷ്ണകുമാര്‍. അഹാനയെ സിനിമയില്‍ നിന്ന് ഒഴിവാക്കിയത് താന്‍ ബിജെപി പ്രവര്‍ത്തകന്‍ ആയതുകൊണ്ടാണെന്ന് നടനും അഹാനയുടെ പിതാവുമായ കൃഷ്ണകുമാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങളെ അഹാന തള്ളി. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത സ്റ്റോറിയിലാണ് അഹാനയുടെ വെളിപ്പെടുത്തല്‍.

‘രണ്ടു ദിവസമായി ഞാനുമായി ബന്ധപ്പെട്ട ഒരു അനാവശ്യ വാര്‍ത്ത നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും. എനിക്ക് അതുമായി യാതൊരു ബന്ധവുമില്ല. ദയവ് ചെയ്ത് എന്നെ ഇതില്‍ നിന്നും ഒഴിവാക്കുക. ഞാനൊന്നും പറഞ്ഞിട്ടില്ല. ഞാന്‍ ആരെക്കുറിച്ചും ഒന്നും പറഞ്ഞിട്ടില്ല. ഞാന്‍ ആരെയും കുറ്റപ്പെടുത്തിയിട്ടുമില്ല. ഞാന്‍ ആ സിനിമയിലേ ഇല്ല. ഇതില്‍ സംസാരിച്ചിരിക്കുന്ന ആളുകള്‍ ചിലപ്പോള്‍ ഞാനുമായി ബന്ധപ്പെട്ടവരാവാം. അതൊക്കെ അവരുടെ അഭിപ്രായമാണ്. അതുവെച്ച് എന്നെ അളക്കരുത്. എനിക്ക് ഈ നാടകത്തില്‍ ഒരു പങ്കുമില്ല.’ അഹാന പറഞ്ഞു.

താന്‍ പൃഥ്വിരാജിന്റെ കടുത്ത ആരാധികയാണെന്നും അഹാന പറഞ്ഞു. തന്റെ ചിത്രങ്ങള്‍ വച്ച് അനാവശ്യമായ ഇത്തരം വാര്‍ത്തകള്‍ വരുന്നത് കാണുമ്പോള്‍ ബുദ്ധിമുട്ടുണ്ട്. ദയവു ചെയ്ത് അത് തള്ളിക്കളയുക. വേറൊരു വ്യക്തി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എന്നെ വച്ച് വാര്‍ത്തയാക്കരുത്. ആ പ്രോജക്ടുമായി ബന്ധപ്പെട്ട് സംഭവിച്ചതെല്ലാം പ്രൊഫഷന്റെ ഭാഗമാണ്. അതിന്റെ പേരില്‍ കുറച്ചുപേര്‍ പൃഥ്വിരാജിനെ കുറ്റപ്പെടുത്തുന്നുണ്ട്. നിങ്ങള്‍ക്കൊന്നും വേറെ പണിയില്ലേ എന്നാണ് എനിക്കവരോട് ചോദിക്കാനുളളതെന്നും അഹാന പറഞ്ഞു.ആയുഷ്മാന്‍ ഖുറാന നായകനായ സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ചിത്രം അന്ധാദുന്റെ റീമേക്ക് ആണ് ഭ്രമം. കെവി ചന്ദ്രനാണ് ഭ്രമം സംവിധാനം ചെയ്യുന്നത്.

 

web desk 3: