X

എ.ഐ ക്യാമറ അഴിമതി; എ.ജി റിപ്പോര്‍ട്ട് അടുത്തയാഴ്ച

തിരുവനന്തപുരം: എ.ഐ ക്യാമറ ഇടപാടില്‍ അഡ്വക്കറ്റ് ജനറലിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അടുത്തയാഴ്ച സമര്‍പ്പിച്ചേക്കും. വിശദമായ ഓഡിറ്റിന് ശുപാര്‍ശ ചെയ്താല്‍ എ.ഐ ക്യാമറ ഇടപാട് അടക്കം കെല്‍ട്രോണ്‍ ഇടനിലക്കാരായ വന്‍ കിട പദ്ധതികള്‍ എ.ജി വിശദമായി പരിശോധിക്കും. വ്യവസായ വകുപ്പിന്റെ പരിശോധനാ റിപ്പോര്‍ട്ടും അടുത്തയാഴ്ച നല്‍കും.

എ.ഐ ക്യാമറയില്‍ അഴിമതി ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ എ.ജിയുടെ ഓഡിറ്റ് സംഘം പ്രാഥമിക പരിശോധന തുടങ്ങിയത്. 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. കെല്‍ട്രോണിന്റെ ഉപകരാറിലൂടെ സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടുണ്ടെന്ന വിലയിരുത്തലുണ്ടായാല്‍ കരാറിനെ കുറിച്ചുള്ള വിശദമായ ഓഡിറ്റിലേക്ക് എ.ജി കടക്കും.
പൊതുമേഖല സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകളില്‍ ഓരോ സാമ്പത്തിക വര്‍ഷവും പ്രത്യേക പരിശോധന നടത്താറുണ്ട്. എന്നാല്‍ എ.ഐ ക്യാമറ ഇടപാട് വന്‍ വിവാദമായ പശ്ചാത്തലത്തിലാണ് ഇതില്‍ മാത്രമായി പരിശോധനക്ക് മൂന്നംഗ സംഘത്തെ ചുമതലപ്പെടുത്തിയത്.

പൊലീസിന് വേണ്ടി നടപ്പാക്കിയ പദ്ധതികളുടെ പേരില്‍ 2019ല്‍ കെല്‍ട്രോണിനെ മുന്‍നിര്‍ത്തിയുള്ള ഇടപാടുകളില്‍ എ.ജി വിമര്‍ശനം ഉന്നയിച്ചിരുന്നു. അതിന് ശേഷം ആദ്യ അന്വേഷണം നടക്കുന്നത് എ.ഐ ക്യാമറയിലാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ആഭ്യന്തര അന്വേഷണവും നടക്കുകയാണ്. ഇടപാടുകളില്‍ കെല്‍ട്രോണിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്ന വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഒരാഴ്ചക്കുള്ളില്‍ രിപ്പോര്‍ട്ട് നല്‍കും. കെല്‍ട്രോണ്‍ കൈമാറിയ രേഖകളാണ് പരിശോധിക്കുന്നത്. പ്രതിപക്ഷം ജുഡീഷ്യല്‍ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.

webdesk11: