X

എയ്ഡഡ് സ്‌കൂള്‍ യൂണിഫോം കുടിശിക; പ്രധാനാധ്യാപകര്‍ക്ക് ലക്ഷങ്ങളുടെ ബാധ്യത

പി.എ അബ്ദുല്‍ ഹയ്യ്
മലപ്പുറം

ഉച്ചക്കഞ്ഞി വിഷയത്തിലെ ചതിക്കു പിറകെ യൂണിഫോമിലും വിദ്യാഭ്യാസ വകുപ്പിന്റെ കള്ളക്കളി. വിദ്യാര്‍ഥികള്‍ക്കു സൗജന്യമായി നല്‍കിയ യൂണിഫോമിനുള്ള തുക രണ്ടു വര്‍ഷമായിട്ടും നല്‍കിയില്ലെന്ന് പരാതി. സര്‍ക്കാരില്‍ നിന്നു പണം പ്രതീക്ഷിച്ച് വിദ്യാര്‍ഥികള്‍ക്കു യൂണിഫോം വാങ്ങിക്കൊടുത്ത പല പ്രധാനാധ്യാപകരും ലക്ഷങ്ങളുടെ കടബാധ്യതയിലാണ്. ഈ അധ്യയന വര്‍ഷത്തെ തുക പൂര്‍ണമായും, ചില സ്‌കൂളുകള്‍ക്ക് കഴിഞ്ഞ അധ്യയന വര്‍ഷത്തെയും യുണിഫോം ഫണ്ടാണ് ലഭിക്കാനുള്ളത്. രണ്ടു ലക്ഷം അഞ്ച് ലക്ഷം രൂപ വരെയാണ് ഓരോ സ്‌കൂളുകള്‍ക്കും ലഭിക്കാനുള്ളത്. നിശ്ചിത കാലയളവിനുള്ള പണം ലഭ്യമാകുമെന്ന് കരുതി യൂണിഫോം നല്‍കിയ കരാറുകാര്‍ വര്‍ഷം കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനെതുടര്‍ന്ന് സ്‌കൂളുകളിലേക്ക് സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. നിവര്‍ത്തി കേടു കൊണ്ടു പല സ്‌കൂളുകളിലും പി.ടി.എ ഇടപെട്ട് വിദ്യാര്‍ഥികളില്‍ നിന്നും പണം പിരിക്കാനുള്ള ഒരുക്കത്തിലാണ്.

സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ 7വരെ ക്ലാസുകളിലുള്ളവര്‍ക്ക് എല്ലാവര്‍ഷവും വിദ്യാഭ്യാസ വകുപ്പു നേരിട്ടു യൂണിഫോം വിതരണം ചെയ്യുകയാണ് പതിവ്. എന്നാല്‍, എയ്ഡഡ് സ്‌കൂളിലെ യു.പി വിദ്യാര്‍ഥികള്‍ക്കു തുണിവാങ്ങാന്‍ 400 രൂപയും തയ്യല്‍ക്കൂലി ഇനത്തില്‍ 200 രൂപയും അടക്കം 600 രൂപയാണ് അനുവദിക്കുക.

ചിലയിടത്തു പ്രധാനാധ്യാപകര്‍ തന്നെ ടെന്‍ഡര്‍ നല്‍കി യൂണിഫോം വിതരണം ചെയ്യുകയാണു പതിവ്. ചിലയിടത്ത് കുട്ടികളുടെ അക്കൗണ്ടിലേക്ക് തുക നേരിട്ടു കൈമാറും. പണം ചെലവാക്കിയ പ്രധാനാധ്യാപകരാണ് പ്രതിസന്ധിയിലായത്. തുക നേരിട്ടു ലഭിക്കുന്നതിനായി അക്കൗണ്ട് നമ്പര്‍ നല്‍കിയ വിദ്യാര്‍ഥികള്‍ക്കും ലഭിച്ചിട്ടില്ല. എയ്ഡഡ് എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള അലവന്‍സ് അനുവദിച്ചപ്പോള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും യു.പി വിഭാഗക്കാരുടെ കാര്യത്തില്‍ തീരുമാനം വൈകുകയാണ്.

പറഞ്ഞ വാക്കുപോലും പാലിക്കാതെയാണ് സര്‍ക്കാറിന്റെ ഭരണം മുന്നോട്ടു പോകുന്നത്. ലക്ഷക്കണക്കിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വിശപ്പകറ്റിയ ഉച്ചഭക്ഷണ പദ്ധതിയും ഫണ്ടു നല്‍കാത്തതിനെ തുടര്‍ന്ന് നിര്‍ത്താനുള്ള ഒരുക്കത്തിലാണ്. ചെലവിനത്തില്‍ സ്‌കൂളുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഫണ്ടു നല്‍കാത്തതാണ് സ്‌കൂള്‍ അധികൃതര്‍ പദ്ധതി നിര്‍ത്തലാക്കുന്നത്. പല പ്രധാനാധ്യാപകരും തങ്ങള്‍ക്ക് പദ്ധതി തുടരാനാവില്ലെന്നു കാണിച്ച് ന്യൂണ്‍മീല്‍സ് സൂപ്രണ്ടു കൂടിയായ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ധൂര്‍ത്തടിച്ചും മറ്റും ഖജനാവ് കാലിയാക്കുന്ന തിരക്കിനിടയില്‍ പിഞ്ചോമനകളുടെ വിശപ്പകറ്റാന്‍ നല്‍കി വരുന്ന ഉച്ചഭക്ഷണ പദ്ധതി പോലും നിലച്ചതറിയാതെ മൗനം തുടരുകയാണ് സര്‍ക്കാര്‍.

webdesk11: