X
    Categories: indiaNews

ഉവൈസി തമിഴ്‌നാട്ടിലേക്ക്; കമല്‍ഹാസന്റെ പാര്‍ട്ടിയുമായി സഖ്യത്തിന് സാധ്യത

ചെന്നൈ: ദേശീയ രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ നീക്കങ്ങള്‍ നടത്തുന്ന അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം തമിഴ്‌നാട് രാഷ്ട്രീയത്തില്‍ രംഗപ്രവേശം ചെയ്യുന്നു. ചലച്ചിത്രതാരം കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി എഐഎംഐഎം മത്സരത്തിന് ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. 2021 ഏപ്രില്‍-മെയ് മാസങ്ങളിലാണ് തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. കമലിന്റെ സംഘപരിവാര്‍ വിരുദ്ധ നിലപാടുകളോട് ഉവൈസി നേരത്തെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.

25-ാളം സീറ്റുകളിലായിരിക്കും എഐഎംഐഎം മത്സരിക്കുകയെന്ന് ഉവൈസിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. തമിഴ്‌നാട്ടിലെ പാര്‍ട്ടി ഭാരവാഹികളുമായി നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ചര്‍ച്ച നടത്തുന്നുണ്ട്. ഹൈദരാബാദില്‍ വെച്ചാണ് ചര്‍ച്ച. തിരഞ്ഞെടുപ്പ് പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനായി ജനുവരിയില്‍ ട്രിച്ചിയിലും ചെന്നൈയിലും വെച്ച് പാര്‍ട്ടി കോണ്‍ഫറന്‍സ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ അഞ്ച് നിര്‍ണായക നിയോജകമണ്ഡലങ്ങളില്‍ വിജയിക്കാനായത് ഉവൈസിക്ക് വലിയ ആത്മവിശ്വാസം പകരുന്നുണ്ട്. 20 സീറ്റുകളിലാണ് ബിഹാറില്‍ എഐഎംഐഎം മത്സരിച്ചത്. സമാന വിജയം തമിഴ്‌നാട്ടിലും നേടാനാകുമെന്നാണ് ഉവൈസിയുടെ കണക്കുകൂട്ടല്‍. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലും ഉവൈസിയുടെ പാര്‍ട്ടി മത്സരിക്കുന്നുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: