X

ഓണം ബക്രീദ്: ഷാര്‍ജയില്‍നിന്ന് കേരളത്തിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 18 വിമാനങ്ങള്‍ക്ക് അനുമതി

തിരുവനന്തപുരം: ഓണം ബക്രീദ് ആഘോഷ കാലയളവില്‍ ഷാര്‍ജയില്‍നിന്ന് കേരളത്തിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 18 വിമാനങ്ങള്‍ക്ക് അനുമതി. ഷാര്‍ജാ അധികൃതര്‍ ഇതിനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 10 വരെയുള്ള സര്‍വീസിന് ടിക്കറ്റ് ബുക്കിങ് ആരംഭിക്കുകയും ചെയ്തു.

ഇതിനു പകരമായി എയര്‍ അറേബ്യയ്ക്കു വിമാന സര്‍വീസ് നടത്തുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ടു കേന്ദ്രസര്‍ക്കാരിന് അവര്‍ കത്ത് നല്‍കിയിട്ടുണ്ട്. കേന്ദ്രത്തിന്റെ നിലവിലെ നയം എയര്‍ അറേബ്യയ്ക്ക് അനുമതി നല്‍കുന്നതിനു തടസ്സമായതിനാല്‍ ഈ ആവശ്യത്തില്‍ തീരുമാനമായിട്ടില്ല. തടസ്സം മാറ്റണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു കത്തെഴുതിയിട്ടുണ്ട്. കേന്ദ്ര വ്യോമയാന സെക്രട്ടറി ഇക്കാര്യം വാഗ്ദാനം ചെയ്തെങ്കിലും നടപടി സ്വീകരിക്കാത്തതു കാരണം ഓണവും പെരുന്നാളും അടുത്തതിനാല്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് വീണ്ടും വ്യോമയാന വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അവധിക്കാലങ്ങളിലും മറ്റു വിശേഷാവസരങ്ങളിലും വിമാനക്കമ്പനികള്‍ പ്രവാസികളില്‍നിന്ന് ഉയര്‍ന്ന യാത്രാ നിരക്ക് ഈടാക്കുന്നതു സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ഓണം – ബക്രീദ് സീസണില്‍ കൂടുതല്‍ വിമാനയാത്രാ സൗകര്യം ഏര്‍പ്പെടുത്തണമെന്നും യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കരുതെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനോടു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിഗണിക്കാമെന്നു കേന്ദ്ര വ്യോമയാന സെക്രട്ടറി അറിയിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

chandrika: