X

എയര്‍ ഇന്ത്യ മൊബൈല്‍ ആപ്ലിക്കേഷന്‍ പരിഷ്‌കരിച്ചു

ദുബൈ: പരിഷ്‌കരിച്ചതും കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയതുമായ എയര്‍ ഇന്ത്യയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്നു മുതല്‍ പൂര്‍ണതയോടെ ലഭ്യമാകും. ഏറ്റവും കുറഞ്ഞ നിരക്കുകളില്‍ ആഭ്യന്തര, അന്താരാഷ്ട്ര സേവനങ്ങള്‍ എളുപ്പത്തില്‍ തെരഞ്ഞെടുക്കാവുന്ന വിധത്തിലാണ് ആപ്ലിക്കേഷന്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് എയര്‍ ഇന്ത്യ ഇ-മെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കി. ഇഷ്ടമുള്ള സീറ്റ് തെരഞ്ഞെടുക്കല്‍, ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധന, ഫ്‌ളൈയിംഗ് റിട്ടേണ്‍സ് അക്കൗണ്ട് വിവരങ്ങള്‍, ആപ്ലിക്കേഷന്‍ വഴി ചെക്ക് ഇന്‍ സൗകര്യം തുടങ്ങിയവ പുതിയ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തുടര്‍ ഉപയോഗത്തിന് ക്രെഡിറ്റ് കാര്‍ഡ്, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ആപ്ലിക്കേഷനില്‍ സൂക്ഷിക്കാം. ഇത് മൊബൈലില്‍ സൂക്ഷിക്കുന്നത്രയും സുരക്ഷിതമായിരിക്കുമെന്ന് എയര്‍ ഇന്ത്യ ഉറപ്പു നല്‍കുന്നു. കൂടാതെ കോണ്ടാക്ട് ആക്‌സസ്, മറ്റു യാത്രാ വിവരങ്ങള്‍ തുടങ്ങിയവയും ആപ്ലിക്കേഷന്‍ ലഭ്യമാക്കും.നിലവിലുള്ള എയര്‍ ഇന്ത്യ ആപ്ലിക്കേഷന്‍ ഡിലീറ്റ് ചെയ്ത ശേഷം പുതിയ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണമെന്നാണ് എയര്‍ ഇന്ത്യ നല്‍കുന്ന നിര്‍ദേശം.

എന്നാല്‍ ആപ്ലിക്കേഷന്‍ സ്വമേധയാ അപ്‌ഡേറ്റ് ആകുന്നുണ്ട്. ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ ഗൂഗിള്‍ പ്ലേയിലും (.04), ഐ.ഒ.എസ് (0.9) ആപ്പിള്‍ സ്‌റ്റോറിലും ഇന്നു മുതല്‍ (ഇന്ത്യന്‍ സമയം 9 മണി മുതല്‍) ലഭ്യമാകും. ഡൗണ്‍ലോഡ് ചെയ്യാന്‍ തടസ്സം നേരിടുന്നവര്‍ക്ക് ഫോണ്‍ മോഡല്‍ സഹിതം A-Imo-b-i-l-e-suppor-t@d-ev-e-lop-er.a-ero വിലാസത്തില്‍ ബന്ധപ്പെട്ടാല്‍ സഹായം ലഭിക്കും. മറ്റു ഫോണുകള്‍ക്കും ടാബ്്‌ലറ്റുകള്‍ക്കുമുള്ള ആപ്ലിക്കേഷനും ലഭ്യമാണ്. പഴയ ആപ്ലിക്കേഷനില്‍ നടത്തിയ എല്ലാ ബുക്കിംഗ് വിവരങ്ങളും പുതിയ ആപ്ലിക്കേഷനിലും ലഭിക്കുമെന്നതിനാല്‍ പുതുമോടിയിലേക്കുള്ള മാറ്റം ഉപയോക്താക്കളെ ബാധിക്കില്ല. എങ്കിലും പഴയ ഇടപാടുകള്‍ വീണ്ടെടുക്കാനുള്ള വിശദവിവരങ്ങളും വൈകാതെ ഉപയോക്താവിന് ലഭിക്കും.

chandrika: