X

എയർ ഇന്ത്യാ വിമാനത്തിൽ പൈലറ്റ് വനിതാ സുഹൃത്തിനെ കോക്പിറ്റിൽ പ്രവേശിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു

ഫെബ്രുവരിയിൽ ദുബായിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് എയർ ഇന്ത്യ പൈലറ്റ് വനിതാ സുഹൃത്തിനെ കോക്പിറ്റിൽ പ്രവേശിപ്പിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഏവിയേഷൻ റെഗുലേറ്റർ അതോറിറ്റി ഉത്തരവിട്ടതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വിഷയത്തിൽ അന്വേഷണം നടത്തി വരികയാണെന്നും വസ്തുതകൾ പരിശോധിക്കുമെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു.

ഫെബ്രുവരി 27 ന് ദുബായിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ അതേ വിമാനത്തിൽ യാത്രക്കാരിയായ തന്റെ വനിതാ സുഹൃത്തിനെ കോക്ക്പിറ്റിൽ വിളിച്ചു കയറ്റുകയും മൂന്നുമണിക്കൂറോളം തങ്ങാൻ അനുവദിക്കുകയും ചെയ്തുവെന്നാണ് പരാതി. പൈലറ്റിന്റെ പ്രവൃത്തി സുരക്ഷാ ലംഘനം മാത്രമല്ല, വിമാനത്തിന്റെയും യാത്രക്കാരുടെയും സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുന്ന രീതിയിൽ ശ്രദ്ധ തിരിക്കുന്നതാണെന്നും അന്വേഷണത്തിന്റെ ഫലമനുസരിച്ച് പൈലറ്റിന് സസ്‌പെൻഷൻ അല്ലെങ്കിൽ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള അച്ചടക്കനടപടികൾ നേരിടേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

അതേ സമയം സംഭവത്തെക്കുറിച്ച് എയർ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല

webdesk15: