X
    Categories: MoreViews

എ.കെ.ജി വിവാദം; മാപ്പു പറയില്ല, വിവാദം അവസാനിപ്പിക്കേണ്ടത് സി.പി.എം: വി.ടി ബല്‍റാം

തിരുവനന്തപുരം: കമ്യൂണിസ്റ്റ് നേതാവ് എ.കെ. ഗോപാലനെതിരായ പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് തൃത്താല എം.എല്‍.എ വി.ടി. ബല്‍റാം. മാപ്പ് പറഞ്ഞില്ലെങ്കില്‍ വഴി നടത്തില്ലെന്ന സി.പി.എം ഭീഷണിക്കു വഴങ്ങില്ല. കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടും സി.പി.എമ്മിന്റെ ഈ നിലപാട് പരിഹാസ്യമാണെന്നും വിവാദവുമായി മുന്നോട്ട് പോകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബല്‍റാം പറഞ്ഞു.

നൂറ് പേര്‍ പോലും കാണാന്‍ സാധ്യതയില്ലാത്ത കമന്റ് സ്‌ക്രീന്‍ഷോട്ട് എടുത്ത് പ്രചരിപ്പിക്കുകയായിരുന്നു. തനിക്ക് തിരിച്ചറിവുള്ളതിനാല്‍ വിവാദം തുടരില്ലെന്നും പ്രോകോപനത്തില്‍ വീഴരുതായിരുന്നെന്നും ബല്‍റാം പറഞ്ഞു. തന്റെ പ്രതികരണം കോണ്‍ഗ്രസ് ശൈലിക്ക് ചേരുന്നതല്ല. അവര്‍ക്ക് കോണ്‍ഗ്രസിന്റെ ഏത് നേതാക്കളെക്കുറിച്ചും അസഭ്യം പറയാം. പ്രത്യേക തരക്കാരായി ചിത്രീകരിച്ച് പുകമറയില്‍ നിര്‍ത്താം. കാരണം പറയുന്നത് സി.പി.എമ്മാണ്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മറുപടി പറയാന്‍ പാടില്ലെന്ന നിലപാട് ശരിയല്ല.

എ.കെ.ജിയുമായി ബന്ധപ്പെട്ടു താന്‍ നടത്തിയ പരാമര്‍ശം സി.പി.എം പ്രവര്‍ത്തകരുടെ സമാനതരത്തിലുള്ള പ്രചാരണങ്ങള്‍ക്കു നല്‍കിയ മറുപടിയാണെന്നും അത് ഏറ്റവും ഉദാത്തമാണെന്ന് അവകാശപ്പെടുന്നില്ലെന്നും നേരത്തേ തന്നെ ബല്‍റാം വ്യക്തമാക്കിയിരുന്നു. ആ വാക്കുകള്‍ ഒരിടത്തും ഇനി ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ ഈ നിലയില്‍ ആ വിവാദം മുന്നോട്ടുകൊണ്ടുപോകാന്‍ താല്‍പര്യമില്ല. പ്രകോപനത്തില്‍ വീഴരുതായിരുന്നുവെന്ന പുനര്‍വിചിന്തനവുമുണ്ട്.

വിവാദം ഒഴിവാക്കാന്‍ സി.പി.എം മുന്‍കൈയെടുക്കണം. തന്റെ പ്രസ്താവനയെ കുറിച്ചുള്ള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുടെ പ്രതികരണം സ്വാഭാവികം മാത്രമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്താണ് താന്‍ പ്രതികരിച്ചത്. സി.പി.എമ്മിന് മാത്രമല്ല അഭിപ്രായ സ്വാതന്ത്ര്യമുള്ളതെന്നും ബല്‍റാം പറഞ്ഞു.

അതേസമയം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ബല്‍റാമിന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരുന്നു. പരാമര്‍ശം അപ്പാടെ തള്ളിക്കളഞ്ഞ കോണ്‍ഗ്രസ്, ഇത്തരം പരാമര്‍ശങ്ങള്‍ മേലില്‍ ആവര്‍ത്തിക്കരുതെന്ന താക്കീതും നല്‍കിയിരുന്നു.

chandrika: