X

പുന്നമട കായലിൽ ആവേശത്തിരയിളക്കം ; 69-ാമത് നെഹ്റു ട്രോഫി വള്ളംകളി മത്സരം ഇന്ന്

69-ാമത് നെഹ്റു ട്രോഫി വള്ളംകളി മത്സരം ആലപ്പുഴ പുന്നമട കായലില്‍ ഇന്ന് നടക്കും. പത്തൊന്‍പത് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്റു ട്രോഫി ജലമേളയില്‍ മത്സരിക്കുന്നത്.അഞ്ചു വർഷത്തിന് ശേഷം ഇക്കുറി ആദ്യമായിട്ടാണ് നെഹ്റു ട്രോഫി വള്ളംകളി ടൂറിസം കലണ്ടര്‍ അനുസരിച്ച് ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടക്കുന്നത്.രാവിലെ 11 മണി മുതല്‍ ചുണ്ടന്‍ വള്ളങ്ങള്‍ ഒഴികെയുള്ള ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങള്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് പതാക ഉയര്‍ത്തും. മുൻ വർഷത്തെ ചാമ്പ്യന്മാരായ കാട്ടിൽ തെക്കേതിലും രണ്ടാം സ്ഥാനക്കാരായ നടുഭാഗവുമടക്കം 19 ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണത്തെ അങ്കത്തിനൊരുങ്ങുന്നത്.

ഇത്തവണ വള്ളം കളികാണാൻ ഭിന്നശേഷിക്കാരായ 50 പേർക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. ചിൽഡ്രൻസ് ഹോം, സ്പെഷ്യൽ സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള അന്തേവാസികൾക്ക് വള്ളം കളികാണാൻ അവസരം ഒരുക്കുന്നുണ്ട്.വിദേശികളടക്കമുള്ള മൂന്ന് ലക്ഷം കാണികൾ മത്സരം കാണെത്തുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രതീക്ഷ.ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ 20 ഡിവൈഎസ്പിമാർ, 50 ഇന്‍സ്പെക്ടര്‍മാർ, 465 എസ്‌ഐമാർ എന്നിവരുള്‍പ്പടെ രണ്ടായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷാ, ട്രാഫിക് ഡ്യൂട്ടിക്കായി വിന്യസിച്ചിട്ടുണ്ട്.പുന്നമട കായലിലും സുരക്ഷയ്ക്കായി 50 ബോട്ടുകളിലായി പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.

webdesk15: