X

ശ്രീറാമിന്റെ വഴിയെ അനുപമയും; നാളുകളെണ്ണി ആലപ്പുഴ കലക്ടര്‍

 

തിരുവനന്തപുരം: മന്ത്രിയുടെ അനീതിക്ക് എതിരെ പോരാടിയ ആലപ്പുഴ കലക്ടര്‍ ടി.വി അനുപമക്കും മൂന്നാറില്‍ ചുമതലാബോധത്തോടെ പ്രവര്‍ത്തിച്ച ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ ഗതിയെന്ന് ഉറപ്പായി. മാര്‍ത്താണ്ഡം കായലില്‍ വീണത് തോമസ് ചാണ്ടിയാണെങ്കിലും ചെളി പറ്റിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്താണ്. ചവിട്ടേറ്റ പാമ്പിനെപ്പോലെ പക വെച്ച് പുലര്‍ത്തുന്നയാളാണ് പിണറായിയെന്ന് സോളാര്‍ റിപ്പോര്‍ട്ടോടെ കേരളം കണ്ടു കഴിഞ്ഞു. മൂന്നാറില്‍ മുഖം നഷ്ടപ്പെട്ട മുഖ്യമന്ത്രി റവന്യുവകുപ്പിനെ പോലും അവഗണിച്ച് സബകലക്ടര്‍ ശ്രീറാമിനെ മാറ്റിയിരുന്നു. സര്‍ക്കാറിനും സി.പി.എമ്മിനും മാനക്കേടുണ്ടാക്കിയ കായല്‍ക്കയ്യേറ്റ വിഷയത്തില്‍ നടപടിയെടുത്തതിന് അനുപമയെ മാറ്റുമെന്നാണ് സൂചന. മുന്‍കാല അനുഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നതും ഇതിലേക്കാണ്.
മൂന്നാറിലെ സി.പി.എം നേതാക്കളുടെ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കിയതിനാണ് ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ കഴിഞ്ഞ ജൂലൈയില്‍ സര്‍ക്കാര്‍ സ്ഥാനത്ത് നിന്നും ഒഴിപ്പിച്ചത്. മൂന്നാറിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സി.പി.എം-സി.പി.ഐ തര്‍ക്കം രൂക്ഷമായതോടെ ശ്രീറാം തെറിക്കുകയായിരുന്നു. പാപ്പാത്തി ചോലയിലെ വന്‍കിട കയ്യേറ്റം ഒഴിപ്പിക്കല്‍ മുതലാണ് ശ്രീരാം വെങ്കിട്ടരാമന്‍ സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ കണ്ണിലെ കരടായത്. ഈ നടപടിയിലുള്ള അതൃപ്തി മുഖ്യമന്ത്രി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്നും ശ്രീറാം ഭൂമാഫിക്ക് എതിരേ ശക്തമായ നടപടികളുമായി മുന്നോട്ട് പോയതോടെ, സി.പി.ഐയുടെ എതിര്‍പ്പിനെ അവഗണിച്ച് ശ്രീറാമിനെ മാറ്റാന്‍ സി.പി.എം മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതേ അവസ്ഥയിലേക്കാണ് അനുപമയും നീങ്ങുന്നതെന്നാണ് മനസിലാക്കാനാകുന്നത്. തിടുക്കപ്പെട്ട് ഉണ്ടാകില്ലെങ്കിലും അനുപമക്ക് ഈ സ്ഥാനത്ത് അധികനാള്‍ തുടരാനാകില്ല.

chandrika: