X

റാഷിദ തലൈബ്, ഇല്‍ഹാന്‍ ഉമര്‍, അയാന, അലക്‌സാന്‍ഡ്രിയ… ട്രംപിന്റെ വംശീയ ആക്രമണത്തിന് ഇരയായ നാലു പേരും ജയിച്ചു

ന്യൂയോര്‍ക്ക്: സാമൂഹിക മാധ്യമങ്ങളില്‍ ദ സ്‌ക്വാഡ് എന്ന പേരില്‍ അറിയപ്പെടുന്ന നാലു വനിതകളും യുഎസ് തെരഞ്ഞെടുപ്പില്‍ ജയിച്ചു കയറി. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ വംശീയ ആക്രമണങ്ങള്‍ക്ക് ഇരയായ റാഷിദ തലൈബ്, ഇല്‍ഹാന്‍ ഉമര്‍, അലക്‌സാന്‍ഡ്രിയ ഒകാസിയോ-കോര്‍ടസ്, അയാന പ്രസ്‌ലി എന്നിവരാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.

അലക്‌സാന്‍ഡ്രിയ ന്യൂയോര്‍ക്കില്‍ നിന്നും ഇല്‍ഹാന്‍ ഉമര്‍ മിനസോട്ടയില്‍ നിന്നുമാണ് വിജയിച്ചത്. അയാന മസാചുസറ്റ്‌സില്‍ നിന്നും റാഷിദ മിഷിഗനില്‍ നിന്നും. ലാസി ജോണ്‍സണെയാണ് രണ്ടാമൂഴത്തില്‍ 38കാരിയായ ഇല്‍ഹാന്‍ പരാജയപ്പെടുത്തിയത്. 46 കാരിയായ അയാനയും 44 കാരിയായ റാഷിദയും വലിയ മാര്‍ജിനിലാണ് വിജയം കണ്ടത്.

ഡെമോക്രാറ്റുകള്‍ക്കിടയിലെ പ്രോഗ്രസീവ് സംഘമാണ് ദ സ്‌ക്വാഡ്. കുടിയേറ്റക്കാരായ ഇവര്‍ക്കെതിരെ കടുത്ത വംശീയതയാണ് ട്രംപ് പ്രകടിപ്പിച്ചിരുന്നത്. അമേരിക്കയില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നില്ല എങ്കില്‍ ‘സ്വന്തം രാജ്യങ്ങളിലേക്ക്’ മടങ്ങിക്കൊള്ളൂ എന്നു വരെ ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഇല്‍ഹാന്‍ ഒഴികെയുള്ള മൂന്നു പേരും യുഎസില്‍ ജനിച്ചതാണ് എന്ന വസ്തുത നിലനില്‍ക്കെയാണ് പ്രസിഡണ്ടിന്റെ പരമാര്‍ശങ്ങള്‍.

ഇവര്‍ക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ യുഎസ് കോണ്‍ഗ്രസ് ഇടപെട്ടിരുന്നു. ജനപ്രതിനിധി സഭ ട്രംപിനെതിരെ പ്രമേയവും പാസാക്കിയിരുന്നു. അവളെ തിരിച്ചയക്കൂ എന്ന മുദ്രാവാക്യവുമായി ആയിരക്കണക്കിന് ട്രംപ് അനുകൂലികള്‍ തെരുവില്‍ പ്രകടനം നടത്തുകയും ചെയ്തിരുന്നു.

Test User: