X

ഇന്ത്യയെ വച്ചുള്ള ട്രംപിന്റെ പ്രചാരണം പാഴ്‌വേലയായി; 72% ഇന്ത്യന്‍ വംശജരുടെയും പിന്തുണ ജോ ബൈഡനെന്ന് സര്‍വേ

വാഷിംഗ്ടണ്‍: വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജരുടെ വോട്ടു കിട്ടാനായി ട്രംപ് കളിച്ച കളി ഏറ്റില്ല. 72 ശതമാനം ഇന്ത്യന്‍ വംശജരുടെയും പിന്തുണ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനാണെന്നാണ് പുതിയ സര്‍വേ ഫലം.

നേരത്തെ ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നപ്പോള്‍ എടുത്ത രംഗങ്ങള്‍ കോര്‍ത്തിണക്കി ഒരു തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ ഇറക്കിയിരുന്നു. നരേന്ദ്ര മോദി അമേരിക്കയെ പുകഴ്ത്തി സംസാരിക്കുന്ന വീഡിയോ കൂട്ടിച്ചേര്‍ത്തായിരുന്നു വീഡിയോ. ഇതുവച്ച് ഇന്ത്യന്‍ വംശജരുടെ വോട്ടു നേടാനായിരുന്നു ശ്രമം. രണ്ടു രാജ്യങ്ങളും തമ്മില്‍ മികച്ച സൗഹൃദ ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ടെന്നു കാണിക്കാനും ഇന്ത്യയുടെ പിന്തുണ ട്രംപിനൊപ്പമാണെന്ന് സ്ഥാപിക്കാനുമായിരുന്നു ഈ തരത്തിലുള്ള പ്രചാരണം. എന്നാല്‍ ആ തന്ത്രങ്ങളൊന്നും വിലപ്പോയില്ലെന്നാണ് പുതിയ സര്‍വേ ഫലം കാണിക്കുന്നത്.

936 ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ പങ്കെടുത്ത സര്‍വേയില്‍ സര്‍വേയില്‍ 72 ശതമാനവും ജോ ബൈഡനൊപ്പമാണ്. 22 ശതമാനം മാത്രമാണ് ട്രംപിനെ അനുകൂലിക്കുന്നവര്‍ ഉള്ളത്. കാര്‍നെഗീ എന്‍ഡോവ്മെന്റ്, പെന്‍സില്‍വാനിയ സര്‍വകലാശാല എന്നിവരുമായി സഹകരിച്ച് ജോണ്‍സ് ഹോപ്കിന്‍സ് സ്‌കൂള്‍ ഓഫ് അഡ്വാന്‍സ്ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മോദിക്കെതിരായ ഡെമോക്രാറ്റുകളുടെ വിമര്‍ശനവും ട്രംപ്-മോദി ബന്ധവും ഉയര്‍ത്തിക്കാട്ടി ഇക്കുറി 50 ശതമാനം ഇന്ത്യന്‍ വംശജരും ട്രംപിനെ പിന്തുണയ്ക്കുമെന്നായിരുന്നു റിപബ്ലിക്കന്‍സ് അവകാശപ്പെട്ടിരുന്നത്. ഇതെല്ലാം തള്ളുന്നതാണ് സര്‍വ്വേ ഫലം. ഡെമോക്രാറ്റുകളാണ് ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്തിയതെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 39 ശതമാനം പേരും അഭിപ്രായപ്പെട്ടു.

 

web desk 1: