X

മോദിയെ വെട്ടിലാക്കി വീണ്ടും ‘ചരിത്രപിശക്’; ട്രോളി സോഷ്യല്‍മീഡിയ

ലക്‌നോ: ചരിത്രപരമായ കാര്യങ്ങളെ ഉദ്ധരിച്ച് മണ്ടത്തരം വിളിച്ചുപറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വെട്ടില്‍. ഇത്തവണ കവി കബീര്‍ദാസിന്റെ ജീവിത കാലഘട്ടത്തെക്കുറിച്ചുള്ള പരാമര്‍ശമാണ് മോദിയെ തിരിഞ്ഞുക്കുത്തിയത്. മഹാത്മാവായ കബീര്‍ദാസിന്റെ സമചിത്തതയും മൈത്രിയും നൂറ്റാണ്ടുകള്‍ക്കിപ്പുറമുള്ള സമൂഹത്തിനും മാര്‍ഗദര്‍ശിയാവുകയാണ്.

ഗുരു നാനാക്ക്, ബാബാ ഗോരഖ്‌നാത് എന്നിവര്‍ക്കൊപ്പം ഇവിടെയിരുന്നാണ് കബീര്‍ ആത്മീയതയെക്കുറിച്ച് സംസാരിച്ചത്, ഇതായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. 15-ാം നൂറ്റാണ്ടില്‍ ജീവിച്ച കബീര്‍ദാസിന്റെ ശവകുടീരം സന്ദര്‍ശിക്കവെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലാണ് വന്‍ പിഴവ് കടന്നുകൂടിയത്.

മോദി പറഞ്ഞത് ശുദ്ധ അസംബന്ധമാണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. കബീറും ഗുരുനാനാക്കും ജീവിച്ചിരുന്ന കാലഘട്ടത്തിലല്ല ബാബാ ഖോരക്‌നാഥ് ജീവിച്ചതെന്ന് ചരിത്രകാരന്മാര്‍ രേഖകളെ ഉദ്ധരിച്ച് പറഞ്ഞു.

ബാബാ ഖോരക്‌നാഥ് 11-ാം നൂറ്റാണ്ടിലും കബീര്‍ദാസ് 15-ാം നൂറ്റാണ്ടിലുണാണ് ജീവിച്ചിരുന്നത്. വ്യത്യസ്ത കാലഘട്ടത്തില്‍ ജീവിച്ച അവര്‍ എങ്ങനെ ഒരുമിച്ചിരുന്ന് ആത്മീയതയെക്കുറിച്ച് സംസാരിക്കുമെന്ന് ചരിത്രകാരന്മാര്‍ ചോദിക്കുന്നു. കബീര്‍ദാസിന്റെ ജീവിതകാലം തിരുത്തിയ പ്രധാനമന്ത്രിയുടെ നടപടിയെ പരിഹസിച്ച് സോഷ്യല്‍മീഡിയയിലും മറ്റും ട്രോളുകള്‍ സജീവമാണ്.

മുമ്പും ഇത്തരത്തില്‍ മോദി ചരിത്രത്തെ ഉദ്ധരിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിട്ടുണ്ട്. 700 വര്‍ഷം മാത്രം പഴക്കമുള്ള കൊണാര്‍ക്ക് ക്ഷേത്രത്തിന് 2000 വര്‍ഷം പഴക്കമുണ്ടെന്ന തരത്തില്‍ ഒരിക്കല്‍ മോദി സംസാരിച്ചിരുന്നു. അമേരിക്കയില്‍ വെച്ച് നടത്തിയ പ്രസംഗത്തിലാണ് കൊണാര്‍ക്ക് ക്ഷേത്രത്തെക്കുറിച്ച് മോദി സംസാരിച്ചത്. ബിഹാറില്‍ തക്ഷശിലയെക്കുറിച്ച് സംസാരിച്ചതിലും വലിയ പിശക് കടന്നു കൂടിയിരുന്നു. ബിഹാറിന്റെ ശക്തിയെക്കുറിച്ച് സംസാരിക്കവെ നടത്തിയ തക്ഷശില പരാമര്‍ശം ഏറെ വിവാദമായിരുന്നു. ഇവക്കു പുറമെ ചന്ദ്രഗുപ്തനെക്കുറിച്ച് നടത്തിയ പരാമര്‍ശവും വിവാദത്തിന് വഴിവെച്ചിരുന്നു.

chandrika: