X

അമിത്ഷാ ഡല്‍ഹിക്ക് മടങ്ങി; പിണറായിയിലെ ജനരക്ഷായാത്രയില്‍ പങ്കെടുക്കില്ല

കണ്ണൂര്‍: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ ഇന്നത്തെ കേരള സന്ദര്‍ശനം റദ്ദാക്കിയതായി റിപ്പോര്‍ട്ട്. പിണറായിയിലൂടെയുള്ള ജനരക്ഷാ യാത്രയില്‍ അമിത്ഷാ പങ്കെടുക്കില്ലെന്ന് ബി.ജെ.പി നേതാക്കള്‍ അറിയിച്ചു. കുമ്മനം രാജശേഖരന്‍ നയിക്കുന്ന പദയാത്ര ഇന്ന് മൂന്നാംദിവസത്തിലേക്ക് പ്രവേശിപ്പിച്ചപ്പോഴാണ് ദേശീയ നേതാവിന്റെ പിന്‍മാറ്റം. മമ്പറത്ത് നിന്നാരംഭിച്ച യാത്ര വൈകുന്നേരം തലശ്ശേരിയിലാണ് സമാപിക്കുന്നത്. സമാപന ചടങ്ങിലും അമിത്ഷാ എത്തില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ രാത്രി അമിത്ഷാ ഡല്‍ഹിയിലേക്ക് മടങ്ങിയിരുന്നു. ഇന്ന് മുഖ്യമന്ത്രിയുടെ നാട്ടിലൂടെയുള്ള പദയാത്രയില്‍ പാര്‍ട്ടിപ്രവര്‍ത്തകരെ അമിത്ഷാ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പങ്കെടുക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അമിത്ഷാ ഡല്‍ഹിയില്‍ തുടരുകയാണെന്ന് സംസ്ഥാന നേതാക്കള്‍ പറഞ്ഞു. അമിത്ഷാ പങ്കെടുക്കുന്നതുമൂലം കനത്ത സുരക്ഷയാണ് കണ്ണൂരില്‍ ഒരുക്കിയിരിക്കുന്നത്. സി.പി.എമ്മിന്റെ ശക്തി കേന്ദ്രങ്ങളിലൂടെ 42കിലോമീറ്ററോളം പദയാത്രയാണ് ബി.ജെ.പി ലക്ഷ്യം വെക്കുന്നത്. ഇന്നലെ കീച്ചേരി മുതല്‍ കണ്ണൂര്‍ ടൗണ്‍ വരെ നടന്ന പദയാത്രയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുത്തിരുന്നു. യോഗി ആദിത്യനാഥിന്റെ ആസ്പത്രികളെക്കുറിച്ചുള്ള പരാമര്‍ശത്തിന് മറുപടിയുമായി സി.പി.എം നേതാക്കളും രംഗത്തെത്തിയിരുന്നു. നാളെ പാനൂരില്‍ നിന്നാരംഭിക്കുന്ന പദയാത്ര കൂത്തുപറമ്പില്‍ സമാപിക്കുന്നതോടെ കണ്ണൂര്‍ ജില്ലയിലെ പര്യടനം അവസാനിക്കും.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചതോടെ അമിത്ഷായുടെ പരിപാടിക്ക് പ്രാധാന്യം ലഭിച്ചിരുന്നില്ല. വേണ്ടത്ര മാധ്യമശ്രദ്ധ ലഭിക്കാത്തതാണ് ജനരക്ഷാ യാത്രയില്‍ നിന്ന് പിന്‍മാറാന്‍ കാരണമെന്നാണ് പ്രചാരണം.

chandrika: