X

‘പിന്തുണ തേടി അമിത് ഷാ നിരവധി തവണ വിളിച്ചു, ഒരു കോള്‍ പോലും എടുത്തില്ല’; തുറന്നടിച്ച് ശിവസേന

മുംബൈ: അവിശ്വാസപ്രമേയത്തിന് പിന്തുണ തേടി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ നിരവധി തവണ പാര്‍ട്ടി നേതാവ് ഉദ്ധവ് താക്കറെയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് ശിവസേന. എന്നാല്‍ താക്കറെ അമിത്ഷായുടെ കോളുകള്‍ക്ക് മറുപടി നല്‍കിയിട്ടില്ലെന്ന് ശിവസേന നേതൃത്വം അറിയിച്ചു.

‘അമിത്ഷാ നിരവധി തവണ വിളിച്ചിരുന്നു. ഇന്നലെ രാവിലെ മുതല്‍ മാത്രം അഞ്ചു തവണയാണ് അദ്ദേഹം വിളിച്ചത്. ബി.ജെ.പി പാര്‍ലമെന്ററി കമ്മിറ്റി ഓഫീസില്‍ നിന്നും വിളിച്ചിരുന്നു. എന്നാല്‍ താക്കറെ ഒറ്റ കോളിനു പോലും മറുപടി നല്‍കിയില്ല.’, ശിവസേന നേതൃത്വം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തില്‍ ബി.ജെ.പിയെ പിന്തുണക്കുമെന്ന് യാതൊരു ഉറപ്പും നല്‍കിയിരുന്നില്ലെന്നും ശിവസേന നേതാക്കള്‍ പറഞ്ഞു.

വിശ്വാസ വോട്ടെടുപ്പില്‍ ബി.ജെ.പിക്ക് അനുകൂലമായി എം.പിമാര്‍ക്ക് വിപ്പ് നല്‍കിയ മുതിര്‍ന്ന പാര്‍ട്ടി നേതാവ് ചന്ദ്രകാന്ത് ഖൈറയെ ശിവസേന തല്‍സ്ഥാനത്തു നിന്ന് നീക്കി. പാര്‍ട്ടി അറിവോടെയായിരുന്നില്ല ഇത്തരമൊരു നീക്കമെന്നും ബി.ജെ.പി പിന്തുണക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നില്ലെന്നും ശിവസേന നേതൃത്വം വ്യക്തമാക്കി. അവിശ്വാസപ്രമേയത്തിന്മേല്‍ നടന്ന വോട്ടെടുപ്പില്‍ നിന്ന് ശിവസേന വിട്ടു നിന്നിരുന്നു. 18 എം.പിമാരാണ് ശിവസേനക്കു ലോക്‌സബയിലുള്ളത്.

chandrika: