X

പുല്‍വാമ ഭീകരാക്രമണം: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതല്ലെന്ന് എത്രപേര്‍ക്ക് ഉറപ്പിച്ച് പറയാന്‍ കഴിയുമെന്ന് ആനന്ദ് പട്വര്‍ദ്ധന്‍

പുല്‍വാമയില്‍ സൈനികവ്യൂഹത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് നിരവധി സംശയങ്ങളാണ് രാജ്യത്തിന്റെ പ്രമുഖര്‍ ഉന്നയിക്കുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നിട്ടും ആവശ്യമായ മുന്നൊരുക്കങ്ങള്‍ കൈക്കൊള്ളുന്നതില്‍ വീഴ്ച്ചവരുത്തിയെന്ന് വ്യാപക വിമര്‍ശനമുണ്ട്. അതുകൂടാതെയാണ് റാഫേലിലും അഴിമതിയിലും പ്രതിരോധത്തിലായ കേന്ദ്രസര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് കാലത്തെ നാടകമാണെന്ന് സംശയിക്കുന്നവരും കുറവല്ല. അത്തരമൊരു വിമര്‍ശനവുമായി പ്രമുഖ ഡോക്യുമെന്ററി സംവിധായകനും ദേശീയ പുരസ്‌കാര ജേതാവുമായ ആനന്ദ് പട് വര്‍ദ്ധന്‍ രംഗത്തെയിരിക്കുകയാണ്.

പുല്‍വാമ ഭീകരാക്രമണത്തേക്കുറിച്ച് കേള്‍ക്കുന്നതെല്ലാം ശരിയാണെന്ന് വിശ്വസിക്കുന്നില്ലെന്ന് വിഖ്യാത ഡോക്യുമെന്ററി സംവിധായകനും ദേശീയ പുരസ്‌കാര ജേതാവുമായ ആനന്ദ് പട്‌വര്‍ദ്ധന്‍. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അകത്ത് നിന്ന് തന്നെ നടത്തിയ ഒരു ആക്രമണമല്ല പുല്‍വാമയിലേതെന്ന് 100 ശതമാനം ഉറപ്പിച്ച് പറയാന്‍ എത്രപേര്‍ക്ക് കഴിയുമെന്ന് പട്‌വര്‍ദ്ധന്‍ ചോദിച്ചു. കശ്മീരിലെ ഭീകരാക്രമണത്തില്‍ ഉണ്ടായ നഷ്ടം ഭീകരവും ദാരുണവുമാണെന്നും ആനന്ദ് പറഞ്ഞു. ജീവന്‍ നഷ്ടപ്പെട്ട സൈനികരുടെ കുടുംബത്തിന്റെ ദുഃഖം എല്ലാവരുടേതുമാണെന്നും ആനന്ദ് പട്‌വര്‍ദ്ധന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇനിയും ഇതുപോലെയുള്ള ആക്രമണങ്ങള്‍ ഉണ്ടാകാം. അതിന് തിരിച്ചടിയായുളള ആക്രമണങ്ങള്‍ നടത്തി ‘ദേശഭക്തിക്ക് വേണ്ടി’ വോട്ട് ചെയ്യണമെന്ന ബോധമുണ്ടാക്കാനുള്ള ഒരു പ്രത്യേക ശ്രമമാണിതെങ്കിലോ എന്നും ആനന്ദ് പറയുന്നു. തനിക്ക് സത്യമറിയില്ല. പക്ഷേ നമ്മളോട് പറഞ്ഞിട്ടുളളതെല്ലാം അന്ധമായി വിശ്വസിക്കുന്നത് ദേശഭക്തിയുണര്‍ത്തുന്നതാണെന്ന് കരുതുന്നില്ല. താന്‍ ഉന്നയിക്കുന്ന ഈ ചോദ്യം തന്നെ ദേശവിരുദ്ധ പ്രവര്‍ത്തനനമാകും എന്ന് കരുതുന്ന എത്രപേരുണ്ടാകുമെന്നും അദ്ദേഹം ചോദിക്കുന്നു.

എനിക്ക് സത്യം എന്തെന്ന് അറിയില്ല. പക്ഷെ നമ്മളോട് പറയുന്നതെല്ലാം ആരോഗ്യപരമാണെന്നും ദേശസ്‌നേഹത്താലുമാണെന്ന് കരുതുന്നേയില്ല.

ഇവയിലേതെങ്കിലും ചോദിക്കുന്നത് തന്നെ ഒരു ദേശവിരുദ്ധ പ്രവര്‍ത്തിയാകുമെന്ന് എത്ര പേര്‍ക്ക് ബോധ്യം വന്നു?” ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞദിവസം കശ്മീരിലെ പുല്‍വാമയില്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തില്‍ മലയാളിയായ സൈനികന്‍ ഉള്‍പ്പെടെ 39 പേരാണ് കൊല്ലപ്പെട്ടത്. 2547 ജവാന്മാരുമായിപ്പോയ വാഹന വ്യൂഹത്തിന് നേരെ സ്ഫോടക വസ്തുക്കളുമായി ചാവേര്‍ കാര്‍ ഓടിച്ച് കയറ്റുകയായിരുന്നു. സംഭവത്തിന് പിന്നാലെ പാക്കിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആക്രമണത്തില്‍ ശക്തമായി തിരിച്ചടിക്കുമെ്ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ആക്രമണത്തെ അപലപിച്ച് നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു.

chandrika: