X

പുല്‍വാമ ഭീകരാക്രമണം: വിദ്വേഷം വളര്‍ത്താന്‍ ശ്രമം നടക്കുന്നു; മുന്നറിയിപ്പുമായി സി.ആര്‍.പി.എഫ്

പുല്‍വാമ ഭീകര ആക്രമണത്തിന്റെ പേരില്‍ രാജ്യത്ത് വിദ്വേഷം വളര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി സെട്രല്‍ റിസര്‍വ് പൊലീസ് ഫോഴസ് (സിആര്‍പിഎഫ്). മരിച്ച ജവാന്‍മാരുടെ പേരില്‍ വികൃതമായി നിര്‍മിച്ച വ്യാജചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായാണ് സിആര്‍പിഎഫ് രംഗത്തെത്തിയിരിക്കുന്നത്. ജവാന്‍മാരുടെ ശരീരഭാഗങ്ങള്‍ എന്നു പറഞ്ഞാണ് വ്യാജ ചിത്രങ്ങള്‍ പ്രചരിക്കുന്നതെന്നും അത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്നുമാണ് സേന മുന്നറിയിപ്പായി ട്വീറ്റ് ചെയ്തു.

നമ്മള്‍ ഒന്നിച്ച് നില്‍ക്കേണ്ട സമയത്ത് , വെറുപ്പും വൈര്യാഗ്യവും സൃഷ്ടിക്കുന്നതിനു വേണ്ടി ഏതാനും ചിലര്‍ രക്തസാക്ഷികളുടെ ശരീരഭാഗങ്ങളാണെന്ന് പറഞ്ഞ് ചില ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ ദയവുചെയ്ത് അത്തരം ചിത്രങ്ങള്‍, പോസ്റ്റ് എന്നിവ പ്രചരിപ്പിക്കുകയോ ലൈക്ക്/ ഷെയര്‍ ചെയ്യുകയോ അരുത്. സിആര്‍പിഎഫ് പ്രസ്താവന ട്വിറ്ററില്‍ പുറത്തുവിട്ടു.

ഇത്തരം വ്യാജവാര്‍ത്തയോ ചിത്രങ്ങളോ സബന്ധിച്ച് എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ webpro@crpf.gov.in എന്ന ഇ മെയില്‍ വിലാസത്തില്‍ അറിയിക്കാനും സിആര്‍പിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം പുല്‍വാമ ഭീകരാക്രമണത്തിന്റെ പേരില്‍ രാജ്യത്തുടനീളം വ്യജവാര്‍ത്തകളും അനിഷ്ടസംഭവങ്ങളും അരങ്ങേറുന്നുണ്ട്. കശ്്മീരി ജനതക്കെതിരെ വിദ്വേശ പ്രചാരണങ്ങും വ്യാപകമാണ്. പുല്‍വാമ ആക്രമണത്തിന്റെ പേര് പറഞ്ഞ് ഉത്തരാഖണ്ഡ് ഡെറാഡൂണില്‍ സംഘ്പരിവാര്‍ കശ്മീരി വിദ്യാര്‍ത്ഥികളെ ഇന്നലെ തല്ലിച്ചതച്ചിരുന്നു. വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നാണ് 12 വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചത്.
സംഭവത്തിനു പിന്നാലെ കശ്മീര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് നിര്‍ദേശം നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിആര്‍പിഎഫ് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്.

chandrika: