X
    Categories: MoreViews

ദളിതരെ നായകളോട് ഉപമിച്ച കേന്ദ്രമന്ത്രി വിവാദത്തില്‍

ബെല്ലാരി: ദലിതരെ നായകളോട് ഉപമിച്ച് കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ വീണ്ടും വിവാദത്തില്‍. കര്‍ണാടകയിലെ ബെല്ലാരിയില്‍ നടന്ന പ്രസംഗത്തിലായിരുന്നു കേന്ദ്ര നൈപുണ്യ വികസന മന്ത്രിയായ ഹെഗ്‌ഡെയുടെ പ്രസ്താവന.

തെരുവുനായകളുടെ കുരയെ ഭയക്കില്ലെന്നായിരുന്നു ഹെഗ്‌ഡെയുടെ പരാമര്‍ശം. ബെല്ലാരിയില്‍ ചടങ്ങിന് എത്തുന്നതിനു മുമ്പ് ദലിത് സംഘടനാ പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനം തടയുകയും മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ നടത്തിയ പ്രസംഗത്തിലാണ് പ്രതിഷേധിക്കുന്ന തെരുവുനായകളുടെ കുരയ്ക്കല്‍ ഗൗനിക്കില്ലെന്ന മന്ത്രിയുടെ വിവാദ പരാമര്‍ശം. പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ദലിതരെയും ഭരണഘടനയേയും അപമാനിക്കുന്നത് ഹെഗ്‌ഡെ പതിവാക്കിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

ബി.ജെ.പിയുടെ വര്‍ഗീയ മുഖം പുറത്തുവന്നെന്നും നാവിനെ ചങ്ങലക്കിടാന്‍ മന്ത്രി തയ്യാറാകണമെന്നും കോ ണ്‍ഗ്രസ് വക്താവ് ടേം വടക്കന്‍ പ്രതികരിച്ചു. നടന്‍ പ്രകാശ് രാജും പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. മാന്യതയുണ്ടെങ്കില്‍ ബി.ജെ.പി ഇയാളോട് രാജിവെക്കാന്‍ ആവശ്യപ്പെടണമെന്ന് പ്രകാശ് രാജ് പ്രതികരിച്ചു. നേരത്തെ, മതനിരപേക്ഷത എന്ന പദം ഭരണഘടനയില്‍ നിന്നൊഴിവാക്കണമെന്ന ഹെഗ്‌ഡെയുടെ പ്രസ്താവന വിവാദമായിരുന്നു. പ്രസ്താവന വിവാദമായതോടെ മന്ത്രി ലോക്‌സഭയില്‍ മാപ്പു പറഞ്ഞു തലയൂരി. ഉത്തര കന്നഡയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് ഹെഗ്‌ഡെ.

chandrika: