X
    Categories: Sports

അനസ് ബ്ലാസ്റ്റേഴ്‌സില്‍

 

കൊച്ചി: താരങ്ങളുടെ കൂടുമാറ്റത്തിനിടയില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ തേടി സന്തോഷ വാര്‍ത്ത. മലയാളി പ്രതിരോധ താരം അനസ് എടത്തൊടിക ഐ.എസ്.എല്‍ അഞ്ചാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി ബൂട്ട് കെട്ടും. നിലവില്‍ ജംഷെഡ്പൂര്‍ എഫ്.സി താരമായ അനസ് ബ്ലാസ്റ്റേഴ്‌സുമായി രണ്ടു വര്‍ഷത്തെ കരാറില്‍ ഒപ്പു വച്ചതായി നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും ഇന്നലെ സോഷ്യല്‍ മീഡിയ വഴിയാണ് ടീം മാനേജ്‌മെന്റ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രതിവര്‍ഷം ഒന്നര കോടി രൂപയാണ് പ്രതിഫലമെന്നാണ് സൂചന.
കൂടുതല്‍ മലയാളി താരങ്ങളെ ടീമിലെത്തിക്കുന്നതിന്റെ ഭാഗമായാണ് നിലവില്‍ ഇന്ത്യന്‍ ടീമംഗം കൂടിയായ അനസിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തം ക്യാമ്പിലെത്തിച്ചത്. റിനോ ആന്റോ അടുത്തിടെ ബ്ലാസ്റ്റേഴ്‌സ് വിട്ട് ബെംഗളൂരു എഫ്.സിയിലേക്ക് മടങ്ങിയിരുന്നു. സി.കെ വിനീതും ടീം വിടാന്‍ സാധ്യതയുണ്ട്. നേരത്തേ മുംബൈ സിറ്റി താരം എം.പി സക്കീര്‍, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ അബ്ദുല്‍ ഹക്കു എന്നിവരുമായും ബ്ലാസ്റ്റേഴ്‌സ് കരാര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ ഇവരുടെ സൈനിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അനസ് എത്തുന്നതോടെ ടീമിന്റെ പ്രതിരോധ നിര കൂടുതല്‍ ശക്തമാകും. ടീമിലെ യുവ പ്രതിരോധ താരമായ ലാല്‍ റുവാത്താരയെ ടീം നില നിര്‍ത്തിയിരുന്നു. അടുത്തിടെ അണ്ടര്‍-17 ലോകകപ്പില്‍ ഇന്ത്യന്‍ വല കാത്ത ധീരജ് സിങിനെയും ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിരുന്നു.
ഡല്‍ഹി ഡൈനാമോസ് താരമായിരുന്ന അനസിനെ കഴിഞ്ഞ ഐ.എസ്.എല്‍ സീസണില്‍ 1.10 കോടി രൂപക്ക് ഡ്രാഫ്റ്റിലൂടെയായിരുന്നു പുതുടീമായ ജംഷെഡ്പൂര്‍ സ്വന്തമാക്കിയത്. എന്നാല്‍ പരിക്ക് കാരണം എട്ടു മത്സരങ്ങളില്‍ മാത്രമാണ് അനസിന് പന്തു തട്ടാനായത്. 2007ല്‍ മുംബൈ എഫ്‌സിയിലൂടെ സീനിയര്‍ കരിയര്‍ തുടങ്ങിയ അനസ് 2011 മുതല്‍ 2015 വരെ പൂനെ എഫ്‌സിയുടെ താരമായിരുന്നു. ദേശീയ ടീമിനായി ഒമ്പത് മത്സരങ്ങള്‍ കളിച്ചു.

chandrika: