X

ഗുല്‍മെഹറിനെ പിന്തുണച്ചവര്‍ പാക്കിസ്താനിലേക്ക് പോകണമെന്ന് ഹരിയാനയിലെ മന്ത്രി അനില്‍ വിജ്

ന്യൂഡല്‍ഹി: എ.ബി.വി.പിക്കെതിരെ പ്രചാരണം നടത്തിയ വിദ്യാര്‍ത്ഥിനി ഗുല്‍മെഹറിനെ പിന്തുണച്ചവര്‍ക്കെതിരെ ഹരിയാനയിലെ ബി.ജെ.പി മന്ത്രി അനില്‍ വിജ്. അവരെ പിന്തുണച്ചവര്‍ പാക് അനുകൂലികള്‍ ആണെന്നും അവരെ രാജ്യത്തുനിന്നും പുറത്താക്കണമെന്നും മന്ത്രി പറഞ്ഞു.

തന്റെ പിതാവിനെ കൊന്നത് യുദ്ധമാണെന്നും മറിച്ച് പാക്കിസ്താനല്ലെന്നും ഗുല്‍മെഹര്‍ പറഞ്ഞിരുന്നു. ഇതിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.ഗുല്‍മെഹറിനെ ബലാത്സംഗം ചെയ്യുമെന്ന് എ.ബി.വി.പി ഭീഷണിപ്പെടുത്തി രംഗത്തെത്തി. ക്രിക്കറ്റ് താരം വീരേന്ദ്രന്‍ സെവാഗും ഹരിയാന ഗുസ്തി താരങ്ങളായ ബബിത ഫൊഗാട്ടും യോഗേശ്വര്‍ ദത്തും ഗുര്‍മെഹര്‍ കൗറിനെ വിമര്‍ശിച്ചു. താനല്ല ട്രിപ്പിള്‍ സെഞ്ച്വറി അടിച്ചതെന്നും ബാറ്റാണെന്നുമുള്ള പ്ലക്കാര്‍ഡും പിടിച്ചുകൊണ്ടായിരുന്നു സെവാഗിന്റെ ട്വീറ്റ്. എന്നാല്‍ ഇതിനെതിരെ വിമര്‍ശനമുയര്‍ന്നപ്പോള്‍ ട്വീറ്റ് തിരുത്തി സെവാഗ് രംഗത്തെത്തി. തമാശയായാണ് ട്വീറ്റ് ചെയ്തതെന്നും ബലാത്സംഗം ചെയ്യുമെന്നുള്ള എ.ബി.വി.പിയുടെ ഭീഷണി തറ പരിപാടിയാണെന്നും സെവാഗ് വ്യക്തമാക്കി.

പിന്നീട് വിവാദം കൊഴുത്തപ്പോള്‍ എ.ബി.വി.പിക്കെതിരായുള്ള ക്യാപെയിനില്‍ നിന്നും ഗുല്‍മെഹര്‍ പിന്‍മാറുന്നതായി ഇന്നലെ അറിയിച്ചിരുന്നു. പേടിച്ചിട്ടല്ല പിന്‍മാറുന്നതെന്നും പറയാനുള്ളത് പറഞ്ഞെന്നും ഗുല്‍മെഹര്‍ ഫേസ്ബുക്കില്‍ കുറിച്ചു. തന്നെ വെറുതെ വിടണമെന്നും ഗുല്‍മെഹര്‍ ആവശ്യപ്പെട്ടിരുന്നു.

chandrika: