X

കോവിഡ് വാര്‍ഡില്‍ നിന്നാണ് പുഴുവരിച്ചത്; ഭക്ഷണവും വെള്ളവും കിട്ടിയില്ലെന്നും അനില്‍കുമാര്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ നിന്നാണ് തന്റെ ശരീരത്തില്‍ പുഴുവരിച്ചതെന്ന് വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാര്‍. കൃത്യമായ പരിചരണം ലഭിച്ചില്ല. ഭക്ഷണവും വെള്ളവും ലഭിക്കാതെ അവഗണന നേരിട്ടുവെന്നും അനില്‍കുമാര്‍ പറഞ്ഞു. നേരത്തെ ശരീരത്തിലാകെ പുഴുവരിച്ച അനില്‍കുമാറിന്റെ ദയനീയാവസ്ഥ പുറത്തുവന്നിരുന്നു. മൂന്നാഴ്ച്ച മുമ്പായിരുന്നു സംഭവം.

ആ അവസ്ഥയില്‍ നിന്ന് ജീവിതത്തിലേക്ക് പതിയെ തിരിച്ചുവരികയാണ് അനില്‍കുമാര്‍. പേരൂര്‍ക്കട ആശുപത്രിയിലെ ചികിത്സയാണ് അനില്‍കുമാറിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നത്. അനക്കാന്‍ കഴിയാതിരുന്ന കൈ പതിയെ ചലിച്ചു തുടങ്ങി. ഭക്ഷണം കഴിച്ചു തുടങ്ങിയതോടെ ആരോഗ്യം വീണ്ടെടുത്തു. ചികിത്സ തുടര്‍ന്നാല്‍ അനില്‍കുമാറിന് പഴയ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്നപ്പോഴാണ് അനില്‍കുമാറിന് കോവിഡ് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 21 ന് പണി കഴിഞ്ഞ് മടങ്ങിവരും വഴി തെന്നി വീണാണ് അദ്ദേഹത്തിന് പരുക്കേറ്റത്. ആദ്യം പേരൂര്‍ക്കട ആശുപത്രിയിലെത്തിച്ച അനില്‍കുമാറിനെ 22 ന് പുലര്‍ച്ചെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശരീരത്തില്‍ തളര്‍ച്ച ബാധിച്ചിരുന്നു. സെപ്റ്റംബര്‍ ആറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു. 26ന് അനില്‍കുമാറിന് കോവിഡ് നെഗറ്റീവായി. തുടര്‍ന്ന് വീട്ടില്‍ എത്തിച്ചപ്പോഴാണ് ശരീരമാസകലം പുഴുവരിച്ച നിലയില്‍ കണ്ടത്.

chandrika: