X

പ്രവാസ ജീവിതം പറഞ്ഞ അനീഷ് അന്‍വറിന്റെ ‘രാസ്ത’ 5ന് തിയ്യറ്ററുകളില്‍

ദുബൈ: അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത ‘രാസ്ത’ സിനിമ ജനുവരി 5ന് ഡ്രീം ബിഗ് തിയ്യറ്ററുകളിലെത്തിക്കും. ജിസിയിലെ തിയ്യറ്ററുകളില്‍ ജനുവരി 4നാണ് റിലീസ്. പ്രവാസാനുഭവങ്ങളുള്‍ക്കൊള്ളുന്ന സിനിമയാണ് ‘രാസ്ത’യെന്നും എന്നാല്‍, മികച്ച സിനിമയാണോയെന്നത് പ്രേക്ഷകരാണ് വിലയിരുത്തേണ്ടതെന്നും സംവിധായകന്‍ അനീഷ് അന്‍വര്‍ ദുബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഒമാനിലെ റൂബ് അല്‍ ഖാലി മരുഭൂമിയില്‍ കൂടുതല്‍ ഭാഗം ചിത്രീകരിച്ച സിനിമയാണിത്. പ്രവാസികളുടെ പങ്കാളിത്തമുള്ള സിനിമയാണിത്. ഈ ചിത്രത്തിന്റെ ഭാഗമായ നിര്‍മാതാവ് ലിനു ശ്രീനിവാസും മുഖ്യ നടന്‍ സര്‍ജാനോ ഖലിദും താനുമടക്കമുള്ളവര്‍ പ്രവാസാനുഭവങ്ങളുള്ളവരാണെന്നും അനീഷ് വ്യക്തമാക്കി. പ്രവാസ ജീവിതം പറഞ്ഞ ഒട്ടേറെ സിനിമകള്‍ ഇന്ന് മലയാളത്തിലുണ്ട്. എന്നാല്‍, ഈ ചിത്രം വ്യത്യസ്ത ഫീല്‍ സമ്മാനിക്കുമെന്നാണ് പ്രതീക്ഷയെന്നും, അതേസമയം, ചിത്രം റിലീസായ ശേഷം വിലയിരുത്തേണ്ട കാര്യമാണതെന്നും സര്‍ജാനോ അഭിപ്രായപ്പെട്ടു.

സര്‍ജാനോ ഖാലിദിനു പുറമെ, അനഘ നാരായണന്‍, ആരാധ്യ.ആന്‍, സുധീഷ്, ഇര്‍ഷാദ് അലി, ടി.ജി രവി, അനീഷ് അന്‍വര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ‘രാസ്ത’ അലു എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ലിനു ശ്രീനിവാസ് ആണ് നിര്‍മിച്ചിരിക്കുന്നത്.

പ്രമുഖ ഒമാനി അഭിനേതാക്കളായ ഖാമിസ് അല്‍ റവാഹി, ഫഖ്‌റിയ ഖാമിസ് അല്‍ അജ്മി, ഷമ്മ സൈദ് അല്‍ ബര്‍കി എന്നിവരും ഒമാനില്‍ നിന്നുള്ള മറ്റു നിരവധി താരങ്ങളും ഈ ഇന്തോ-ഒമാന്‍ സംരഭത്തില്‍ ഭാഗമായിട്ടുണ്ട്. ഷാഹുലും ഫായിസ് മടക്കരയും ചേര്‍ന്നാണ് കഥ, തിരക്കഥ, സംഭാഷണം തയാറാക്കിയിരിക്കുന്നത്. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം. അവിന്‍ മോഹന്‍ സിതാരയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ബി.കെ. ഹരി നാരായണന്‍, അന്‍വര്‍ അലി, ആര്‍. വേണുഗോപാല്‍ എന്നിവരുടെ വരികളില്‍ വിനീത് ശ്രീനിവാസന്‍, അല്‍ഫോന്‍സ് ജോസഫ്, സൂരജ് സന്തോഷ്, അവിന്‍ മോഹന്‍ സിതാര എന്നിവര്‍ ഗാനങ്ങളാലപിച്ചിരിക്കുന്നു.
‘സക്കറിയയുടെ ഗര്‍ഭിണികള്‍’, ‘കുമ്പസാരം’, ‘ഗ്രാന്‍ഡ് ഫാദര്‍’ എന്നീ ചിത്രങ്ങക്ക് ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘രാസ്ത’. ഇരുന്നൂറിലധികം പരസ്യ ചിത്രങ്ങള്‍ ഒരുക്കിയ ആഡ് ഫിലിം മേക്കര്‍ കൂടിയാണ് അനീഷ് അന്‍വര്‍.
എഡിറ്റിംങ്: അഫ്തര്‍ അന്‍വര്‍. പ്രൊജക്റ്റ് ഡിസൈന്‍: സുധാ ഷാ. കലാ സംവിധാനം: വേണു തോപ്പില്‍.

ഛായാഗ്രഹണം: പ്രേംലാല്‍ പട്ടാഴി. മേയ്ക്കപ്: രാജേഷ് നെന്മാറ. ശബ്ദരൂപകല്‍പന: എ.ബി ജൂബ്. കളറിസ്റ്റ്: ലിജു പ്രഭാകര്‍. പ്രൊഡക്ഷന്‍ മാനേജര്‍: ഖാസിം മുഹമ്മദ് അല്‍ സുലൈമി. വിഎഫ്എക്‌സ്: ഫോക്‌സ് ഡോട്ട് മീഡിയ. വസ്ത്രാലങ്കാരം: ഷൈബി ജോസഫ്. സ്‌പോട്ട് എഡിറ്റിംങ്: രാഹുല്‍ രാജു. ഫിനാന്‍സ് കണ്‍ട്രോളര്‍: രാഹുല്‍ ചേരല്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഹോച്ചിമിന്‍ കെ.സി. ഡിസൈന്‍: കോളിന്‍സ് ലിയോഫില്‍. പിആര്‍ഒ: എ.എസ് ദിനേശ്. മാര്‍ക്കറ്റിംങ് & കമ്യൂണികേഷന്‍: പ്രതീഷ് ശേഖര്‍.

ദുബൈയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംവിധായകന്‍ അനീഷ് അന്‍വര്‍, പ്രധാന നടന്‍ സര്‍ജാനോ ഖാലിദ്, നിര്‍മാതാവ് ലിനു ശ്രീനിവാസ്, മുനീര്‍ അല്‍ വഫ (മലയാളി ബിസിനസ് ഡോട് കോം) എന്നിവര്‍ പങ്കെടുത്തു.

webdesk14: