X
    Categories: IndepthSports

ഒറ്റ വൃക്ക കൊണ്ടാണ് എല്ലാം നേടിയത്; തുറന്നുപറഞ്ഞ് അഞ്ജു ബോബി ജോര്‍ജ്

കൊച്ചി: ലോക അത്ലറ്റിക്‌സില്‍ മലയാളികളുടെ അഭിമാനമായ ലോങ്ജമ്പ് താരം അഞ്ജു ബോബി ജോര്‍ജിന് ആകെയുള്ളത് ഒരേയൊരു വൃക്ക മാത്രം! രാജ്യാന്തര കരിയറിന് വിരാമമിട്ട് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഇക്കാര്യം അഞ്ജു തുറന്നുപറഞ്ഞത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലൂടെയാണ് അഞ്ജു ഒറ്റ വൃക്കയുമായാണ് താന്‍ ജീവിക്കുന്നതെന്ന സത്യം വെളിപ്പെടുത്തിയത്. കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജുവിനെ ഉള്‍പ്പെടെ ടാഗ് ചെയ്താണ് അഞ്ജുവിന്റെ വെളിപ്പെടുത്തല്‍.

‘വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം പറയട്ടെ. ഒറ്റ വൃക്കയുമായി ജീവിച്ച് ഉയരങ്ങളിലെത്താന്‍ ഭാഗ്യം സിദ്ധിച്ച അപൂര്‍വം ആളുകളിലൊരാളാണ് ഞാന്‍. പരുക്കുകള്‍ അലട്ടുമ്പോഴും വേദന സംഹാരി കഴിച്ചാല്‍ പോലും അലര്‍ജിയുടെ ശല്യം അസഹനീയമായിരുന്നു. ഇതുള്‍പ്പെടെ ഒട്ടേറെ പരിമിതികളാണ് പിടിച്ചുലച്ചത്. എന്നിട്ടും ഇവിടം വരെയെത്തി. പരിശീലകന്റെ മാജിക് എന്നോ കഴിവെന്നോ ഇതിനെ വിളിക്കാം’ – അഞ്ജു ട്വീറ്റ് ചെയ്തു.

ഇന്ത്യയില്‍നിന്ന് ലോക അത്‌ലറ്റിക്‌സ് മീറ്റില്‍ മെഡല്‍ നേടിയ ഒരേയൊരു അത് ലറ്റാണ് അഞ്ജു ബോബി ജോര്‍ജ്. 2003ല്‍ പാരിസില്‍ നടന്ന ലോക അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് അഞ്ജു ബോബി ജോര്‍ജ് വെങ്കലം നേടിയത്. പിന്നീട് 2005ല്‍ ലോക അത്‌ലറ്റിക്‌സ് ഫൈനലില്‍ സ്വര്‍ണവും നേടി. ഒന്നര പതിറ്റാണ്ടിലധികമായി ദേശീയ ലോങ്ജമ്പ് റെക്കോര്‍ഡും അഞ്ജുവിന്റെ പേരിലാണ്. 2004 ഏഥന്‍സ്, 2008 ബെയ്ജിങ് ഒളിമ്പിക്‌സുകളില്‍ പങ്കെടുത്തു. 2002ല്‍ മാഞ്ചസ്റ്ററില്‍ 6.49 മീറ്റര്‍ ചാടി വെങ്കലം നേടിയതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത അത് ലറ്റായി.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: