X

മണിപ്പൂരില്‍ വീണ്ടും ബാങ്ക് കൊള്ള; ഒരു കോടിയുടെ സാധനം കവര്‍ന്നു

ഇംഫാല്‍: കലാപം തുടരുന്ന മണിപ്പൂരില്‍ വീണ്ടും ബാങ്ക് കവര്‍ച്ച. കാങ്പോക്പി ജില്ലയിലെ ബാങ്കില്‍ നിന്ന് ഒരു കോടി രൂപ വിലമതിക്കുന്ന കമ്പ്യൂട്ടറുകളും മറ്റ് ഇലക്ട്രോണിക് വസ്തുക്കളുമാണ് കൊള്ളയടിച്ചത്. കഴിഞ്ഞദിവസം ചുരാചന്ദ്പൂരിലെ ആക്സിസ് ബാങ്ക് ശാഖയില്‍ നിന്ന് 2.25 കോടി രൂപ വിലമതിക്കുന്ന പണവും ആഭരണങ്ങളും കൊള്ളയടിച്ചിരുന്നു. മെയ് നാലുമുതല്‍ ഇംഫാല്‍ താഴ്വരയ്ക്ക് വടക്കുള്ള മണിപ്പൂര്‍ സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കിന്റെ കാങ്പോപി ബ്രാഞ്ച് അടച്ചിട്ടിരിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. മൂന്ന് ദിവസം മുമ്പ് ഉദ്യോഗസ്ഥര്‍ ബാങ്ക് തുറക്കാന്‍ പോയപ്പോഴാണ് മോഷണം വിവരമറിഞ്ഞതെന്ന് പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കമ്പ്യൂട്ടറുകളും ഒരു പ്രിന്ററും മറ്റ് വിലപിടിപ്പുള്ള ഇലക്ട്രോണിക് വസ്തുക്കളുമാണ് കാണാതായിരിക്കുന്നത്.

അതേസമയം, ഹെഡ് ഓഫീസിലെ നിര്‍ദേശ പ്രകാരം മെയ് പകുതിയോടെ തന്നെ എടിഎമ്മുകളില്‍ നിന്നും ബാങ്കില്‍ നിന്നുമെല്ലാം പണം സുരക്ഷിതമായി മാറ്റിയിരുന്നു. അതുകൊണ്ടുതന്നെ പണം സൂക്ഷിക്കുന്ന അലമാരകളും മറ്റും മോഷ്ടാക്കള്‍ തകര്‍ത്തിട്ടുണ്ടെങ്കിലും ഒന്നും കിട്ടിയിട്ടില്ലെന്നും ബാങ്ക് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.സംഭവത്തില്‍ കാംഗ്പോപി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജൂലൈ 10നാണ് ചര്‍ച്ചന്ദ്പൂരിലെ ആക്സിസ് ബാങ്കിന്റെ ശാഖയില്‍ നിന്ന് 2.25 കോടി രൂപയുടെ പണവും ആഭരണങ്ങളും കാണാതായത്. മോഷ്ടാക്കള്‍ ബാങ്കിന്റെ പിന്‍ഭാഗത്ത് നിന്ന് കുഴിയെടുത്ത് അകത്ത് കടക്കുകയായിരുന്നു. 1.25 കോടി രൂപയും ഒരു കോടിയിലധികം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും ഒരു കമ്പ്യൂട്ടറുമാണ് കൊള്ളയടിച്ചത്.

webdesk11: