X

മണിപ്പൂരില്‍ വീണ്ടും വെടിവെപ്പ്: മൂന്ന് കുക്കികള്‍ മരിച്ചു

കുക്കി വിഭാഗത്തിൽപെട്ട മൂന്നുപേരെ ആയുധധാരികൾ വെടിവെച്ചുകൊന്നു. കാങ്പോപ്കി ജില്ലയിലെ ഐറങ്ങിനും കറമിനുമിടയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വാഹനത്തിലെത്തിയ സംഘം പ്രകോപനമൊന്നുമില്ലാതെ വെടിവെക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ആക്രമണത്തെ പൗരാവകാശ സംഘടനയായ കമ്മിറ്റി ഓൺ ട്രൈബൽ യൂനിറ്റി അപലപിച്ചു. മണിപ്പൂരിൽ സാധാരണ നില പുനഃസ്ഥാപിക്കുന്നതിൽ കേന്ദ്രസർക്കാറിന് ആത്മാർഥതയുണ്ടെങ്കിൽ താഴ്‌വരയെ അസ്വസ്ഥബാധിതമായി പ്രഖ്യാപിക്കുകയും സായുധസേന പ്രത്യേക അധികാര നിയമം ചുമത്തുകയും വേണമെന്ന് സംഘടന ആവശ്യപ്പെട്ടു.

അതേസമയം, മണിപ്പൂരിന്റെ അഖണ്ഡത സംരക്ഷിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ഭരണകക്ഷിയായ ബി.ജെ.പിയിലെ 23 എം.എൽ.എമാർ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ഡൽഹിയിൽ കേന്ദ്ര നേതൃത്വത്തെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ഇവർ. കുക്കി വിഭാഗത്തിന് പ്രത്യേക ഭരണസംവിധാനം വേണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് പ്രമേയത്തിൽ പറയുന്നു. മുഖ്യമന്ത്രി ബിരേൻ സിങ് പ്രമേയത്തിൽ ഒപ്പിട്ടിട്ടില്ല.

ഈയിടെ രൂപവത്കരിച്ച ‘യൂത്ത് ഓഫ് മണിപ്പൂർ’ സംഘടന നേതാക്കളുമായി മുഖ്യമന്ത്രി ബിരേൻസിങ്ങും എം.എൽ.എമാരും കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. തിങ്കളാഴ്ച രാത്രി യൂത്ത് ഓഫ് മണിപ്പൂർ അംഗങ്ങളായ നൂറുകണക്കിന് പേർ മുഖ്യമന്ത്രിയുടെ ബംഗ്ലാവിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതിനുശേഷമാണ് നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടത്. കുക്കികൾക്ക് പ്രത്യേക ഭരണസംവിധാനം വേണമെന്ന് പറയുന്ന 10 എം.എൽ.എമാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും വിഷയം ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭ സമ്മേളനം വിളിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

webdesk13: