X

നടപടി വൈകരുത്-എഡിറ്റോറിയല്‍

തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയും സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗവുമായ ജയചന്ദ്രന്റെ മകള്‍ ഇരുപത്തൊന്നുകാരിയായ അനുപമയുടെ കുഞ്ഞിനെ ആന്ധ്ര സ്വദേശികളായ ദമ്പതികള്‍ക്ക് ദത്ത് നല്‍കിയ സംഭവത്തില്‍ തിരുവനന്തപുരം കുടുംബകോടതി ഇന്നലെ പുറപ്പെടുവിച്ച ഉത്തരവ് സി.പി.എമ്മിനും ഇടതുപക്ഷ ഭരണകൂടത്തിനുമേറ്റ കരണത്തടിയാണ്. അന്തിമ നടപടിക്രമം പൂര്‍ത്തിയാക്കാനായി ദമ്പതികള്‍ നല്‍കിയ ഹര്‍ജിയിലാണ് ദത്ത് സ്റ്റേ ചെയ്തുകൊണ്ട് കുടുംബകോടതി ഇന്നലെ വിധി പുറപ്പെടുവിച്ചത്. ഇതിലൂടെ കുഞ്ഞിന്റെ സ്വന്തം മാതാവിനും പിതാവിനും കുഞ്ഞിനെ തിരികെ കിട്ടുമെന്ന പ്രതീക്ഷ വര്‍ധിച്ചിരിക്കുകയാണ്. അന്തിമവിധി വരുന്നതുവരെ കുഞ്ഞ് ദത്തെടുത്ത ദമ്പതികളുടെ പക്കല്‍തുടരണമെന്നാണ് കോടതിയുടെ കല്‍പന. കേരളത്തില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ പ്രസ്തുത കേസില്‍ നീതിയും നിയമവും മനുഷ്യത്വവും വിജയിക്കണമെന്നാണ് പൊതുസമൂഹം ഒന്നടങ്കം ആവശ്യപ്പെടുന്നത്. അമ്മ അനുപമ കോടതിവിധിയില്‍ സന്തോഷം രേഖപ്പെടുത്തിയതോടെ തല്‍കാലത്തേക്കെങ്കിലും വിവാദം അവസാനിക്കുമെന്ന ്കരുതാം. എങ്കിലും കുട്ടിയെ തിരികെകിട്ടുന്നതുവരെ ഒരമ്മയുടെ ആത്മരോദനത്തിനും സംഘര്‍ഷത്തിനും ആശ്വാസം നല്‍കേണ്ട ബാധ്യത സമൂഹത്തിനും വിശിഷ്യാ ഇതെല്ലാറ്റിനും കാരണക്കാരായ ഭരണസംവിധാനങ്ങള്‍ക്കുമുണ്ട്.

കേവലം ഒരുവ്യക്തി-സി.പി.എം പ്രാദേശിക നേതാവ്-വിചാരിച്ചാല്‍ സംസ്ഥാനത്തിന്റെ ഭരണസംവിധാനത്തെയാകെ കൈക്കുമ്പിളിലൊതുക്കാമെന്നതിന് ചരിത്രോദാഹരണമാണ് അനുപമ സംഭവം. ശിശുക്ഷേമസമിതി, വനിതാ-ബാലാവകാശകമ്മീഷനുകള്‍. പി.എസ്.സി തുടങ്ങിയവയിലെല്ലാം നാം ഇതെല്ലാം കണ്ടതാണ്. മിശ്രവിവാഹം പ്രോല്‍സാഹിപ്പിക്കണമെന്ന് പറയുന്ന പാര്‍ട്ടിയുടെ സന്തതസഹചാരിയായ ഒരു യുവതിക്ക് നീതി ലഭ്യമാക്കിക്കൊടുക്കാന്‍ വൈകിയതിന് ഇടതുപക്ഷ ഭരണകൂടം ഉത്തരം പറഞ്ഞേ മതിയാകൂ. ഒരുകൊല്ലമായി സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയും സംഘടനാസംവിധാനങ്ങളിലൂടെയും നടന്ന നീതിയുടെ നഗ്നമായ അട്ടിമറിക്ക് തൃപ്തികരമായ പരിഹാരം ഉണ്ടാക്കിക്കൊടുക്കേണ്ട ബാധ്യത തീര്‍ച്ചയായും സര്‍ക്കാരിനും അതിലുപരി സി.പി. എം നേതൃത്വത്തിനുമാണ്. കുഞ്ഞിനെ ആവശ്യപ്പെട്ട് അനുപമയും അവരുടെ ഭര്‍ത്താവും സമരരംഗത്തേക്ക് ഇറങ്ങിയില്ലായിരുന്നെങ്കില്‍ അവരുടെയും ജനങ്ങളുടെയും മുന്നില്‍ നീതി പരാജയപ്പെട്ടുപോകുമായിരുന്നു. അതിലേക്കാണ് നീതിപീഠം ഇന്നലെ നേരിയ പ്രതീക്ഷയെങ്കിലും തന്നിരിക്കുന്നത്. വനിത-ശിശുക്ഷേമ വകുപ്പു ഡയറക്ടര്‍ ടി.വി അനുപമ നടത്തുന്ന അന്വേഷണവും പൊലീസ് അന്വേഷണവും സര്‍ക്കാരിന്റെ നിയമസംവിധാനങ്ങളും കടുകിട തെറ്റാതെ നീങ്ങിയാല്‍ മാത്രമേ സംഭവത്തില്‍ നീതി പൂര്‍ണമായും പുലരൂ. കുഞ്ഞ് അനുപമയുടേതാണെന്ന് തെളിയിക്കുന്നതിനുള്ള പരിശോധനകളടക്കം എല്ലാ നിയമനടപടികളും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യപ്പെടേണ്ടതുണ്ട്. അല്ലെങ്കില്‍ അനുപമയെയും ഭര്‍ത്താവിനെയും എതിര്‍ക്കുന്നവരും സി.പി.എമ്മിന്റെ സൈബര്‍പോരാളികളുമായ ആളുകളുടെ ഇച്ഛക്കൊത്ത് കാര്യങ്ങള്‍ പര്യവസാനിച്ചേക്കുമെന്ന ഭീതി നിലനില്‍ക്കുകയാണിപ്പോഴും. സമൂഹത്തില്‍ അവസരസമത്വവും നീതിയും സ്ത്രീശാക്തീകരണവും നടപ്പാകണമെന്ന് വാദിക്കുന്ന കമ്യൂണിസത്തിന്റെ വക്താക്കളാണ് ഈ സംഭവപരമ്പരകള്‍ക്കെല്ലാം കാരണക്കാരാണെന്നത് ഇതിനകം എല്ലാവര്‍ക്കും ബോധ്യപ്പെട്ടുകഴിഞ്ഞു. സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗമായ പിതാവാണ് തന്നെക്കൊണ്ട് കുഞ്ഞിനെ ദത്ത് കൊടുപ്പിക്കാനായി കടത്തിക്കൊണ്ടുപോയതെന്ന് മകള്‍ അനുപമ പറയുന്നു. അതയാള്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനായി വ്യാജ രേഖ ചമയ്ക്കുകയും തന്നെ കബളിപ്പിച്ച് ഒപ്പിടീക്കുകയുംചെയ്തു. പാര്‍ട്ടി കുടുംബമായതിനാല്‍ ഇതിനെല്ലാം ഒത്താശ ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പോലും കൂട്ടുനിന്നുവെന്ന് തുറന്നടിച്ചത് ആരോഗ്യമന്ത്രിയും എം.പിയുമായിരുന്ന സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതിയാണ്.

അര്‍ധ ജുഡീഷ്യല്‍ സംവിധാനമായ ശിശുക്ഷേമ സമിതിയെപോലും ഇതിനായി ദുരുപയോഗിച്ചുവെന്നതാണ് അതിനേക്കാളൊക്കെ ഞെട്ടിപ്പിക്കുന്നത്. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗമായ ഷിജുഖാനാണ് ശിശുക്ഷേമ സമിതിയുടെ ജനറല്‍ സെക്രട്ടറിയെന്നിരിക്കെ കുട്ടിയുടെ പേരു മാറ്റുന്നതിനും ദത്ത് നടപടിക്രമങ്ങള്‍ ഇരുചെവിയറിയാതെ തിടുക്കത്തിലാക്കുന്നതിനും ജയചന്ദ്രന് എളുപ്പമായി. ഇതിന് ഏതുന്നതനാണ് നിര്‍ദേശം നല്‍കിയതെന്ന് വെളിപ്പെടണം. 2020 ഒക്ടോബര്‍ 22ന് അര്‍ധരാത്രിയാണ് മൂന്നുദിവസം മാത്രം പ്രായമായ കുഞ്ഞിനെ മറ്റൊരു ജില്ലയിലെ ആസ്പത്രിയില്‍നിന്ന് കടത്തിക്കൊണ്ടുവന്ന് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയില്‍ ഏല്‍പിക്കുന്നത്. ആ സമയം അവിടെ അമ്മത്തൊട്ടില്‍പോലും ഉണ്ടായിരുന്നില്ല. കേരളത്തിലെ ദമ്പതികള്‍ക്ക് നല്‍കാതെ നാലു വര്‍ഷമായി കാത്തിരിക്കുന്ന ആന്ധ്ര സ്വദേശികള്‍ക്ക് കുഞ്ഞിനെ ദത്ത് നല്‍കുന്നത് നിയമനടപടികള്‍ പൂര്‍ത്തിയാക്കാതെയായിരുന്നു. ശിശുക്ഷേമ സമിതിയുടെ സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തുക പോലുമുണ്ടായില്ല. ഇത്രയൊക്കെയായതോടെ ജാള്യത മറയ്ക്കാനെങ്കിലും ബന്ധപ്പെട്ടവര്‍ക്കെല്ലാമെതിരെ നടപടിയെടുക്കുകയാണ് സര്‍ക്കാരും സി.പി. എമ്മും ഉടനടി ചെയ്യേണ്ടത്. പകരം ഒരു പെണ്‍കുട്ടിക്കെതിരെ കേട്ടാലറയ്ക്കുന്ന വാക്കുകളാണ് കെ.കെ രമ എം.എല്‍.എയുടെ കാര്യത്തിലെന്നപോലെ സി.പി.എം സഖാക്കള്‍ എയ്തുവിട്ടുകൊണ്ടിരിക്കുന്നത്. ഡി.വൈ.എഫ്.ഐ ഇതിനെ രാഷ്ട്രീയമായി കാണുന്നില്ലെന്ന് പറഞ്ഞത് ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയായി. പൊലീസിലെയും ശിശുക്ഷേമ സമിതിയിലെയും പാര്‍ട്ടിയിലെയും ബന്ധപ്പെട്ടവരുടെ ഉത്തരവാദിത്തം കണക്കിലെടുത്ത് അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇനിയൊരു നിമിഷംപോലും വൈകിക്കൂടാ.

 

web desk 3: