X

1,000 ബിരുദ വിദ്യാര്‍ഥികള്‍ക്ക് ലക്ഷം രൂപ വീതം; മുഖ്യമന്ത്രിയുടെ പ്രതിഭ ധനസഹായ പദ്ധതിക്ക് മാര്‍ച്ച് 10വരെ അപേക്ഷിക്കാം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രതിഭ ധനസഹായ പദ്ധതിക്ക് മാര്‍ച്ച് 10 വരെ അപേക്ഷിക്കാം. പദ്ധതിയുടെ ഭാഗമായി 2021-22 അക്കാദമിക് വര്‍ഷത്തില്‍ പഠിച്ച അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കും. 1,000 പേര്‍ക്കാണ് സ്‌കോളര്‍ഷിപ്പായി നല്‍കുന്നത്. 2021-22 അധ്യയന വര്‍ഷം അവസാന വര്‍ഷ ഡിഗ്രി ബിരുദ പരീക്ഷ വിജയിച്ചവരില്‍ നിന്നും ഡിഗ്രിതല പരീക്ഷയില്‍ ലഭിച്ച ആകെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും അര്‍ഹരെ തെരഞ്ഞെടുക്കുന്നത്.

വിജയകരമായി പഠനം പൂര്‍ത്തീകരിച്ച ബിരുദ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ www.dcescholarship.kerala.gov.in വഴി മാര്‍ച്ച് 10ന് മുമ്പ് അപേക്ഷ നല്‍കണം.

ഡിഗ്രി/തത്തുല്യ കോഴ്‌സില്‍ റെഗുലറായി കോഴ്‌സ് പൂര്‍ത്തീകരിച്ചവരില്‍ 75 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിച്ചിരിക്കണം. അതത് സര്‍വകലാശാല നിഷ്‌കര്‍ഷിച്ചിട്ടുള്ള ഫോര്‍മുല ഉപയോഗിച്ച് കണക്കാക്കുന്ന ആകെ മാര്‍ക്കിന്റെ ശതമാനമായിരിക്കും സ്‌കോളര്‍ഷിപ്പിനായി പരിഗണിക്കുക. മെറിറ്റ് അടിസ്ഥാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചവരെയാണ് തെരഞ്ഞെടുക്കുക.

കേരള, കാലിക്കറ്റ്, കുസാറ്റ്, എം.ജി, കണ്ണൂര്‍, ആരോഗ്യ സര്‍വകലാശാല, വെറ്ററിനറി സര്‍വകലാശാല, കാര്‍ഷിക സര്‍വകലാശാല, ഫിഷറീസ് സര്‍വകലാശാല, നുവാല്‍സ്, സംസ്‌കൃത സര്‍വകലാശാല, എ.പി.ജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല, കേരള കലാമണ്ഡലം എന്നീ 13 സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്ത കോളജുകളിലെ വിദ്യാര്‍ഥികളായിരിക്കണം.

അപേക്ഷകരുടെ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ കവിയരുത്. ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ നല്‍കുന്ന ഹയര്‍ എഡ്യൂക്കേഷന്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ഥികളെ പരിഗണിക്കില്ല. സര്‍വകലാശാലയിലെ ഗവണ്‍മെന്റ് / എയ്ഡഡ്/ ഓട്ടോണമസ് / സെല്‍ഫ് ഫിനാന്‍സ് കോളജുകളെ ഒരുമിച്ചായിരിക്കും പരിഗണിക്കുക. വിദ്യാര്‍ഥികള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, കണ്‍സോളിഡേറ്റഡ് മാര്‍ക്ക് ലിസ്റ്റ്, വിജ്ഞാപനം പ്രസിദ്ധീകരിച്ച് ഒരു വര്‍ഷത്തിനകം ലഭിച്ച വരുമാന സര്‍ട്ടിഫിക്കറ്റ് മുതലായവ അപേക്ഷിക്കുന്ന സമയത്ത് അപ് ലോഡ് ചെയ്യണം. അപേക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക്: 04712306580, 9447096580, 9446780308.

 

webdesk13: