X

വനിതാ സംവരണ ബില്ലിന് അംഗീകാരം; പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും

വനിതാ സംവരണ ബില്ലിന് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭാ യോഗം. ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്കു മൂന്നിലൊന്നു സംവരണം ഉറപ്പാക്കുന്നതാണു ബില്‍.  ‘ചരിത്രപരമായ തീരുമാനങ്ങള്‍’ ഉണ്ടാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചശേഷം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു നിര്‍ണായക നീക്കം.

മന്ത്രിസഭാ യോഗത്തിനു ശേഷം തീരുമാനങ്ങള്‍ മാധ്യമങ്ങളിലൂടെ അറിയിക്കുന്ന പതിവ് ഇത്തവണ ഉണ്ടായില്ല. അതിനാല്‍ വനിതാ സംവരണ ബില്‍ അടക്കമുള്ള കാര്യങ്ങളിലെ ഔദ്യോഗിക തീരുമാനം പുറത്തുവന്നിട്ടില്ലെന്നു ദേശീയ മാധ്യമങ്ങള്‍ പറയുന്നു. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

പാര്‍ലമെന്റിന്റെ 5 ദിവസത്തെ പ്രത്യേക സമ്മേളനം ആരംഭിച്ചതിനു പിന്നാലെയാണു മോദിയുടെ അധ്യക്ഷതയില്‍ കേന്ദ്രമന്ത്രിസഭാ യോഗം ചേര്‍ന്നത്. മന്ത്രിസഭാ യോഗത്തിന്റെ അജന്‍ഡ എന്താണെന്നു വ്യക്തമായിരുന്നില്ലെങ്കിലും, നിയമസഭകളിലേക്കും ലോക്‌സഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുത്തെന്നാണു റിപ്പോര്‍ട്ട്.

വനിതാ സംവരണം, വനിതാ സംവരണത്തിനുള്ളിലെ ഒബിസി സംവരണം, ഒരു രാജ്യം ഒരു തിര!ഞ്ഞെടുപ്പ്, രാജ്യത്തിന്റെ പേര് ഭാരത് എന്നു മാറ്റല്‍ തുടങ്ങിയ പല വിഷയങ്ങളും മന്ത്രിസഭാ യോഗത്തില്‍ പരിഗണിച്ചേക്കും എന്നായിരുന്നു വിവരം. തിങ്കളാഴ്ച പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ അവസാന ദിനമായിരുന്നു. പുതിയ മന്ദിരത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15ന് ലോക്‌സഭ സമ്മേളിക്കും.

മന്ത്രിസഭാ യോഗത്തിനു മുന്‍പ് കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയലും പ്രള്‍ഹാദ് ജോഷിയും ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും പ്രധാനമന്ത്രിയെയും കണ്ടിരുന്നു.

ഈ സമ്മേളനത്തില്‍ വനിതാസംവരണ ബില്‍ അവതരിപ്പിക്കണമെന്നു പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ഞായറാഴ്ച നടന്ന സര്‍വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് അടക്കം വിവിധ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നതാണ്. തിരഞ്ഞെടുപ്പു കമ്മിഷണറുടെ നിയമനം സംബന്ധിച്ചുള്ളതടക്കം 8 ബില്ലുകള്‍ അവതരിപ്പിക്കുമെന്നാണു കേന്ദ്രസര്‍ക്കാര്‍ അറിയിപ്പ്.

webdesk13: