X
    Categories: CultureMoreViews

പ്രധാനമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി കെജരിവാള്‍

ന്യൂഡല്‍ഹി: എ.എ.പി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ലഫ്റ്റനന്റ് ഗവര്‍ണര്‍, ഐ.എ.എസ് ഓഫീസര്‍മാര്‍, സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരെയൊക്കെ ഉപയോഗിച്ച് എ.എ.പി സര്‍ക്കാറിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാറും പ്രധാനമന്ത്രിയുടെ ഓഫീസും പരിശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും കെജരിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ഡല്‍ഹിയില്‍ സമരം ചെയ്യുന്ന ഉദ്യോഗസ്ഥരെ കേന്ദ്രസര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം ലഫ്റ്റനന്റ് ഗവര്‍ണറാണ് സമരം ക്രോഡീകരിക്കുന്നതെന്നും കെജരിവാള്‍ ആരോപിച്ചു. എ.എ.പി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ തനിക്കും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കുമെതിരെ അടക്കം നിരവധി കേസുകളാണ് സി.ബി.എ എടുത്തിട്ടുള്ളത്. പക്ഷെ ഒന്നിലും അറസ്റ്റ് നടന്നിട്ടില്ല. ഈ കേസുകള്‍ക്കെല്ലാം എന്ത് സംഭവിച്ചുവെന്ന് തനിക്കറിയണമെന്നും കെജരിവാള്‍ പറഞ്ഞു.

അഴിമതിക്കെതിരായ പോരാട്ടമല്ല എ.എ.പി സര്‍ക്കാറിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുക മാത്രമാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. അതുകൊണ്ടാണ് കേസുകളില്‍ തുടര്‍നടപടിയില്ലാത്തത്. തെറ്റായ കേസുകള്‍ ചുമത്തി എ.എ.പി മന്ത്രിമാരേയും അവരുമായി ബന്ധപ്പെട്ടവരേയും അപമാനിക്കുക മാത്രമാണ് കേന്ദ്രസര്‍ക്കാറിന്റെ ലക്ഷ്യമെന്നും കെജരിവാള്‍ ആരോപിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: