X

അരിതക്ക് കെട്ടിവക്കാനുള്ള പണം നല്‍കാമെന്നേറ്റ് നടന്‍ സലീം കുമാര്‍

ആലപ്പുഴ: കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെട്ടി വക്കാനുള്ള തുക നല്‍കാമെന്നേറ്റ് നടന്‍ സലീംകുമാര്‍. ഹൈബി ഈഡന്‍ എംപിയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. ഒട്ടേറെ ബുദ്ധിമുട്ടുകളുള്ള ചുറ്റുപാടില്‍ നിന്നും പഠിച്ച് വളര്‍ന്ന അരിതയുടെ ജീവിതക്കഥ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. ഇത് കേട്ടറിഞ്ഞാണ് സലീംകുമാറിന്റെ ഇടപെടല്‍. മണ്ഡലത്തില്‍ അരിതക്കായി വോട്ടുചോദിച്ച് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൈബി ഈഡന്റെ ഫെയ്‌സ്ബുക് കുറിപ്പ് വായിക്കാം:

നടന്‍ സലീം കുമാര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിനെ പറ്റി ചോദിച്ചു.
പശുവിനെ വളര്‍ത്തി പാല്‍ വിറ്റ് കുടുംബം പോറ്റുന്ന അരിതയുടെ ജീവിത കഥ ഹൃദയഭേദകമാണ്. അത് കൊണ്ടൊക്കെ തന്നെയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക കൂടുതല്‍ മികവുറ്റതാകുന്നത്.

തന്റെ അമ്മ ഏറെ ബുദ്ധിമുട്ടി കൂലിവേലക്ക് പോയാണ് തന്നെ പഠിപ്പിച്ചതെന്നും അരിതയുടെ വാര്‍ത്ത കണ്ടപ്പോള്‍ അമ്മയെ ഓര്‍ത്തു പോയെന്നും സലീംകുമാര്‍ പറഞ്ഞു.തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അരിതക്ക് കെട്ടി വക്കാനുള്ള തുക നല്‍കാമെന്നും കായംകുളത്ത് പ്രചാരണത്തിനെത്താമെന്നും സലീം കുമാര്‍ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നല്ല മനസിന് നന്ദി. അരിത ബാബുവിന് ഹൃദയം നിറഞ്ഞ വിജയാശംസകള്‍.

 

web desk 1: