X

ജയരാജനും രാജേഷിനുമെതിരെ സി.ബി.ഐ തുടരന്വേഷണം തുടങ്ങി

തളിപ്പറമ്പ്: എം.എസ്.എഫ് പ്രവര്‍ത്തകന്‍ അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സി.ബി.ഐ പുനരന്വേഷണം തുടങ്ങി. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍, കല്യാശേരി എം.എല്‍.എ ടി.വി രാജേഷ് എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണ് അന്വേഷണം തുടങ്ങിയത്.

സാക്ഷികളില്‍ നിന്ന് മൊഴിയെടുത്തു. പ്രതികളെ ഉടന്‍ ചോദ്യം ചെയ്യും. സി.ബി.ഐ തിരുവനന്തപുരം അഡീ. സൂപ്രണ്ട് വൈ.ഹരികുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഇതിനായി തലശേരിയില്‍ സി.ബി.ഐ ക്യാമ്പ് ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. ഷുക്കൂര്‍ കൊല്ലപ്പെടുന്ന സമയം ഒപ്പമുണ്ടായിരുന്ന നാല് സാക്ഷികളില്‍ മൂന്ന് പേരുടെ മൊഴിയും സി.ബി.ഐ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ തളിപ്പറമ്പിലെ മാധ്യമപ്രവര്‍ത്തകന്‍ എം.കെ മനോഹരനില്‍ നിന്നു മൊഴിയെടുത്തു. മറ്റൊരു മാധ്യമപ്രവര്‍ത്തകന്റെ മൊഴി അടുത്ത ദിവസം എടുക്കുമെന്നും സൂചനയുണ്ട്.

തലശേരി ക്യാമ്പ് ഓഫീസിലായിരുന്നു മൊഴിയെടുപ്പ്. അതേ സമയം തിരുവനന്തപുരം യൂണിറ്റ് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തിയാകും പ്രതികളെ ചോദ്യം ചെയ്യുക. രണ്ടാം ഘട്ടത്തിലാകും ജയരാജനെയും ടി.വി.രാജേഷിനെയും ചോദ്യം ചെയ്യുകയെന്നാണ് വിവരം. തളിപ്പറമ്പ് സഹകരണ ആസ്പത്രിയിലുണ്ടായിരുന്ന പി.ജയരാജനും ടി.വി രാജേഷും ഷുക്കൂറിനെ ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികളോട് എന്തെങ്കിലും പറയുന്നത് കേട്ടിരുന്നോ എന്നായിരുന്നു മനോഹരനോട് സി.ബി.ഐ സംഘം ചോദിച്ചത്. ഷുക്കൂറിനെ അക്രമിക്കുന്ന വിവരം ഇരുവര്‍ക്കും അറിയാമായിരുന്നെന്നും അത് തടയാന്‍ ശ്രമിച്ചില്ലെന്നുമാണ് പി. ജയരാജനും ടി.വി രാജേഷിനുമെതിരായ കേസ്. മറ്റുള്ളവരില്‍ നിന്നു ഷുക്കൂര്‍ കൊല്ലപ്പെട്ട ദിവസം നടന്ന സംഭവങ്ങളുടെ വിശദാംശങ്ങളാണ് ശേഖരിച്ചത്. നേരത്തെ ഷുക്കൂറിന്റെ മാതാവ് ആത്തിക്ക സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

chandrika: