X
    Categories: columns

പെരിയ ഇരട്ടക്കൊലയില്‍ പ്രതിരോധത്തിലാകുന്ന സി.പി.എം

പ്രഭാകര്‍ ദാസ്

പെരിയ ഇരട്ടക്കൊലയില്‍ സി.പി.എമ്മിന് വ്യക്തമായ പങ്കുള്ളതുകൊണ്ടാണ് എല്ലാ സന്നാഹവും ഉപയോഗിച്ച് സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്തത്. ലക്ഷങ്ങള്‍ ചെലവഴിച്ച് സുപ്രീംകോടതി അഭിഭാഷകരെ ഇറക്കുമതി ചെയ്താണ് നീതി നിഷേധിക്കാന്‍ അവര്‍ ശ്രമിച്ചത്. ജനങ്ങളുടെ പണം ധൂര്‍ത്തടിച്ച് സത്യം മൂടിവെക്കാനുള്ള ശ്രമത്തിന് പരമോന്നത കോടതിയില്‍നിന്ന് തിരിച്ചടി ലഭിച്ചിരിക്കുകയാണ്. പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐ അന്വേഷണത്തിനുവിട്ട സുപ്രീംകോടതി വിധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുവേളയില്‍ സി.പി.എമ്മിനും ഇടതുപക്ഷ സര്‍ക്കാറിനും കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അക്രമ രാഷ്ട്രീയത്തെ എപ്പോഴും എതിര്‍ത്ത പ്രബുദ്ധരായ കേരള വോട്ടര്‍മാര്‍ക്കിടയില്‍ സി.പി.എമ്മിന്റെ കഠാര രാഷ്ട്രീയം തുറന്നുവെക്കുന്നതിനുള്ള അവസരമാണ് കോടതി വിധിയിലൂടെ കൈവന്നിരിക്കുന്നത്. അഞ്ച് രാഷ്രട്രീയ കൊലക്കേസുകളാണ് ഇപ്പോള്‍ കണ്ണൂരും പരിസരത്തും സി.ബി.ഐ അന്വേഷിക്കുന്നത്. എല്ലാ കേസുകളിലും സി.പി. എമ്മാണ് പ്രതിസ്ഥാനത്തുള്ളത്.

മട്ടന്നൂര്‍ ഷുഹൈബ് വധക്കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
പെരിയ ഇരട്ടക്കൊലക്കേസില്‍ സുപ്രീംകോടതി വിധിയും എതിരാകുമ്പോള്‍ ഖജനാവിന് ലക്ഷങ്ങള്‍ നഷ്ടമാക്കിയെന്ന പഴിയ്ക്കുപുറമെ സി.ബി.ഐ വേണ്ടെന്നു പറഞ്ഞ് അവസാനംവരെ പൊരുതിയ സി.പി.എമ്മിന് മാനനഷ്ടവുമാണ് ഫലം. തദ്ദേശ തെരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കുമ്പോള്‍ ഇപ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തിക്കൊണ്ടിരിക്കുന്ന മറ്റ് അന്വേഷണങ്ങള്‍ക്കുപുറമേ ഇരട്ടക്കൊലയില്‍ സി.ബി.ഐ നടത്തുന്ന അന്വേഷണത്തെക്കൂടി പാര്‍ട്ടിക്ക് പ്രതിരോധിക്കേണ്ടതായിവരും. കേസന്വേഷണം നേരെയല്ലെന്ന അഭിപ്രായം കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങള്‍ക്ക് മാത്രമായിരുന്നില്ല. അതുകൊണ്ടുതന്നെ അവര്‍ ഹൈക്കോടതയേയും സമീപിച്ചു. ഹൈക്കോടതി സിംഗിള്‍ ബഞ്ചും പിന്നാലെ ഡിവിഷന്‍ ബഞ്ചും കേസ് സി. ബി.ഐ അന്വേഷിക്കണമെന്ന് ഉത്തരവിട്ടു. എന്നിട്ടം പൊലീസ് സി.ബി.ഐയോട് സമ്പൂര്‍ണ നിസ്സഹകരണം പുലര്‍ത്തി. ഡി.ജി.പിക്കും ക്രൈംബ്രാഞ്ച് മേധാവിക്കുമായി നാല് തവണ കേസ് രേഖകള്‍ തേടി സി.ബി.ഐ കത്ത് നല്‍കി. പക്ഷേ ഫലമൊന്നുമുണ്ടായില്ല. പിന്നീട് സുപ്രീംകോടതിയേയും സമീപിച്ചു. സുപ്രീംകോടതിയും കേസ് സി.ബി.ഐ അന്വേഷിക്കട്ടെയെന്ന നിലപാടെടുത്തതോടെ സംസ്ഥാന സര്‍ക്കാരിനും സി.പി.എമ്മിനും കനത്ത തിരിച്ചടിയാകുകയാണ്.

2019 ഫെബ്രുവരി 17നാണ് കാസര്‍കോട് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്‌ലാല്‍ (24) എന്നിവരെ വിവിധ വാഹനങ്ങളിലായെത്തിയ സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്. സി.പി.എം ഏരിയ, ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ ഉള്‍പ്പെടെ 14 പേരാണ് പ്രതികള്‍.

കേസുമായി സര്‍ക്കാര്‍ സുപ്രീംകോടതിവരെ പോയതോടെ എന്തൊക്കയോ മറയ്ക്കാനുണ്ടെന്ന സംശയവും ജനങ്ങളില്‍ ഉയര്‍ന്നുകഴിഞ്ഞു. സി.ബി.ഐയെ ഒഴിവാക്കാന്‍ ഖജനാവില്‍നിന്നും ലക്ഷങ്ങള്‍ ഒഴുക്കിയതിന് സര്‍ക്കാരിന് മറ്റൊരു ന്യായീകരണവും പറയാനുമില്ല. സുപ്രീംകോടതിയിലെ മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാരടക്കം വാദത്തിനായി എത്തിയതിന് 88 ലക്ഷത്തോളം രൂപയാണ് ചെലവായത്. ഭരണത്തിന്റെ തണലില്‍ നികുതിപ്പണം വന്‍തോതില്‍ ചെലവഴിച്ച് അവസാനം വരെ പൊരുതിയ സി.പി.എമ്മിന് ഒന്നും നേടാനായതുമില്ല. സി.ബി.ഐ അന്വേഷണം ഒഴിവാക്കാനായില്ലെന്നു മാത്രമല്ല, വരും ദിവസങ്ങളില്‍ കേസന്വേഷണത്തിന്റെ പേരില്‍ നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങള്‍ സി.പി.എമ്മിന് മാനനഷ്ടവുമാകും. ഇത്തരത്തിലുള്ളതാണ് കൃപേഷിന്റെയും ശരത്‌ലാലിന്റെയും രക്ഷിതാക്കളില്‍നിന്നുണ്ടായ ആദ്യ പ്രതികരണങ്ങളും. സുപ്രീംകോടതി വിധി നീതികേട് കാണിച്ച സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്നാണ് ശരത് ലാലിന്റെ പിതാവ് സത്യനാരായണന്‍ അഭിപ്രായപ്പെട്ടത്. സി.ബി.ഐ അന്വേഷണത്തില്‍ മുഴുവന്‍ കുറ്റവാളികളും വെളിച്ചത്തുവരുമെന്നാണ് പ്രതീക്ഷ. ജീവനും സ്വത്തും സംരക്ഷിക്കേണ്ട മുഖ്യമന്ത്രി വിശ്വാസം നഷ്ടപ്പെടുത്തി. ഇപ്പോള്‍ സര്‍ക്കാരിന്റെ കള്ളക്കളി പൊളിഞ്ഞിരിക്കുകയാണ്. പോരാട്ടത്തില്‍ ഒപ്പംനിന്ന എല്ലാവര്‍ക്കും നന്ദി പറയുന്നു. കൊലയാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കും തിരിച്ചടിയാണ് വിധി. ഈ ഭരണത്തില്‍ വിശ്വാസമില്ല. അവര്‍ ഭരിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയല്ലെന്നും സത്യനാരായണന്‍ പ്രതികരിച്ചു.

പെരിയ ഇരട്ടക്കൊല കേരളത്തില്‍ വലിയ പ്രതികരണമാണുണ്ടാക്കിയത്. ഭരണത്തിലിരിക്കുന്നവര്‍ തന്നെ നിയമവാഴ്ചയെ വെല്ലുവിളിച്ച് ക്വട്ടേഷന്‍ സംഘങ്ങളെപ്പോലെ ഭീതി പരത്തി കൊലപാതകങ്ങള്‍ നടത്തുന്നതിനെതിരെ കേരളം ഒറ്റക്കെട്ടായാണ് പ്രതികരിച്ചത്. പെരിയ കേസിലെ മുഖ്യപ്രതി പീതാംബരന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നിരിക്കെ അയാള്‍ക്കെങ്ങനെ പാര്‍ട്ടി അംഗത്വം ലഭിച്ചു, എങ്ങനെ നിലനിര്‍ത്താനായി എന്ന വലിയ ചോദ്യവുമുയര്‍ന്നിരുന്നു.

ലോക്കല്‍ പൊലീസില്‍ പതിവുപോലെ സി. പി.എമ്മും മുഖ്യമന്ത്രി പിണറായിയും സ്വാധീനം ചെലുത്തുമെന്നതുകൊണ്ട് ജനങ്ങള്‍ക്കും കൊല്ലപ്പെട്ടവരുടെ വീട്ടുകാര്‍ക്കും സംസ്ഥാനപൊലീസിന്റെ അന്വേഷണത്തില്‍ ആദ്യം മുതല്‍തന്നെ സന്ദേഹം ഉദിച്ചത് സ്വാഭാവികം. നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കിയ കേസില്‍, ആരോപണ വിധേയരായ പലരെയും വെറുതെവിട്ടിരുന്നു. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം പ്രതിസ്ഥാനത്ത് നിര്‍ത്തിയ നിരവധി പേരെ ക്രൈംബ്രാഞ്ച് രക്ഷപ്പെടുത്തുകയായിരുന്നു. പ്രാദേശിക നേതൃത്വം നടത്തിയ ഗൂഢാലോചനയില്‍ സി.പി.എമ്മിന്റെ ഏരിയ-ജില്ലാ നേതൃത്വത്തിനും ബന്ധമുണ്ടെന്നും പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചവരെപോലും തൊടാതെ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. മുന്‍ എം.എല്‍.എ, ജില്ലാ കമ്മിറ്റി അംഗം എന്നിവര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കി ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് വിവാദമായിരുന്നു.

കൊലക്കേസ് പ്രതികള്‍ക്ക് നിയമസഹായം നല്‍കാനും അവരെ രക്ഷിച്ചുനിര്‍ത്താനുമുള്ള ശ്രമങ്ങള്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടാവുന്നത് ആദ്യ സംഭവമൊന്നുമല്ല. പ്രമാദമായ കൊലക്കേസുകളില്‍ പ്രതികളായ സി.പി.എം പ്രവര്‍ത്തകരെ പാര്‍ട്ടി ഇടപെട്ട് രക്ഷപ്പെടുത്തുകയും പകരം വ്യാജ പ്രതികളെ ഹാജരാക്കി കേസ് ദുര്‍ബലമാക്കുകയും ചെയ്യുന്ന പതിവും ഈ പാര്‍ട്ടിക്കുണ്ട്. അന്വേഷണം വഴിതിരിച്ചുവിടാനുള്ള അടവുകള്‍ പതിനെട്ടും പാര്‍ട്ടിക്കറിയാം. ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ പ്രതികള്‍ സഞ്ചരിച്ച വാഹനത്തില്‍ ‘മാഷാഅള്ളാ’ സ്റ്റിക്കര്‍ പതിച്ച് അന്വേഷണം മറ്റൊരു വഴിയിലാക്കാനുള്ള ഹീനശ്രമം നടത്തിയതും മറ്റുള്ളവര്‍ക്ക് ഒരു ചുക്കുമറിയാത്ത ഈ പാര്‍ട്ടി തന്നെയാണ്. കൊല നടന്ന് മിനിറ്റുകള്‍ക്കകം ഈ സ്റ്റിക്കര്‍ കണ്ടുപിടിക്കുകയും കൃത്യം ‘ഇസ്‌ലാമിക തീവ്രവാദി’കളുടെ തലയില്‍ കെട്ടിവെക്കുകയും ചെയ്തത് പാര്‍ട്ടി ചാനലാണ്. പെരിയ കേസിലും അങ്ങനെയൊരു കളി കളിച്ചിരുന്നു. വാഹനാപകടമാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമിച്ചത്. കൊല നടന്ന സ്ഥലത്തിനു സമീപം പ്രതികള്‍ വാഹനം ഉപേക്ഷിച്ചിരുന്നു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കാറിലെത്തിയ സംഘമാണ് കൊലപ്പെടുത്തിയത്.

ഇനി അഥവാ പാര്‍ട്ടി പ്രവര്‍ത്തകരാരെങ്കിലും ശിക്ഷിക്കപ്പെട്ടാല്‍ അവര്‍ക്ക് എല്ലാ സഹായവും ചെയ്തുകൊടുക്കാനും പാര്‍ട്ടി സന്നദ്ധമാണ്. ശിക്ഷിക്കപ്പെടുന്നവര്‍ ജീവപര്യന്തം തടവ് അനുഭവിക്കേണ്ടവരായാല്‍ പോലും നിരന്തരം പരോള്‍ അനുവദിക്കപ്പെടുകയും ഒടുവില്‍ കാലാവധി അവസാനിക്കുന്നതിനുമുമ്പേ നല്ല നടപ്പ് റെക്കോര്‍ഡില്‍ വിട്ടയക്കപ്പെടുകയും ചെയ്യുന്നു. ഈ പ്രക്രിയക്കിടയില്‍ കുറ്റവാളികള്‍ മറ്റു കുറ്റകൃത്യങ്ങളില്‍ പങ്കാളികളാവുന്നതും അസാധാരണമല്ല. ജയിലിലായിരിക്കുമ്പോള്‍ മറ്റു പുള്ളികള്‍ക്ക് ലഭിക്കാത്ത സൗകര്യങ്ങള്‍ പാര്‍ട്ടിക്കാര്‍ക്ക് ലഭ്യമാവുന്നതും സാധാരണ സംഭവങ്ങള്‍ മാത്രം. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ സുഖവാസവും വേണ്ടത്ര പരോളും ലഭിച്ചത് ഓര്‍ക്കണം. കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കേണ്ട സി.പി.എം നേതാവിന് പരോള്‍ ഇനത്തില്‍ ലഭിച്ചത് 344 ദിവസമായിരുന്നു.

കൂടാതെ രണ്ട് തവണയായി 45 ദിവസത്തെ ആശുപത്രിവാസവും ലഭിച്ചിരുന്നു. കേസിലെ എട്ടാം പ്രതിയായ കെ.സി രാമചന്ദ്രന് പരോള്‍ ഇനത്തില്‍ ലഭിച്ചത് 232 ദിവസങ്ങള്‍. ഇതിന്പുറമെ ഹൃദ്രോഗ ചികിത്സയുടെ പേരില്‍ 85 ദിവസത്തെ ആശുപത്രിവാസവും ലഭിച്ചു. ഇതില്‍ 28 ദിവസം ആയുര്‍വേദ ചികിത്സയും ഉള്‍പ്പെടും. ജയില്‍പുള്ളികള്‍ക്കുള്ള ശിക്ഷാ ഇളവിനായി സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ള കൊടും കുറ്റവാളികള്‍ ഉള്‍പ്പെട്ടത് വിവാദമായിരുന്നു. വിവരാവകാശ നിയമപ്രകാരം ജയില്‍ വകുപ്പില്‍നിന്നു ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. ടി.പി കേസിലെ 11 പ്രതികളായ കൊടി സുനി, കെ.സി രാമചന്ദ്രന്‍, കുഞ്ഞനന്തന്‍, സിജിത്ത്, റഫീഖ്, അനൂപ്, മനോജ് കുമാര്‍, രജീഷ് മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരുടെ പേരാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. സര്‍ക്കാര്‍ നല്‍കിയ പട്ടിക ഗവര്‍ണര്‍ പി.സദാശിവം തിരികെ അയക്കുകയായിരുന്നു.

പാര്‍ട്ടി തന്നെ പ്രതികളെ കൊടുക്കുന്ന രീതിക്കുപകരം യഥാര്‍ത്ഥ പ്രതികളിലേക്ക് അന്വേഷണം പോയി എന്നതാണ് ടി.പി വധത്തിന് ശേഷമുണ്ടായ വികാസം. പക്ഷേ അത് മുകളിലേക്ക് നീങ്ങിയതോടെ കടിഞ്ഞാണ്‍ വീണു. അരിയില്‍ ശുക്കൂര്‍ വധത്തില്‍ ജയരാജനിലേക്കും ടി.വി രാജേഷിലേക്കും വരെ കുറ്റപത്രം എത്തിയിട്ടുണ്ട്. കതിരൂര്‍ മനോജ് വധക്കേസിലും ജയരാജന്‍ പ്രതിയായാണ്. കൊലയാളി സംഘങ്ങളെ സംരക്ഷിക്കുന്ന സമീപനം അവസാനിപ്പിക്കാത്തിടത്തോളവും യഥാര്‍ത്ഥ പ്രതികളിലേക്ക് അന്വേഷണം എത്താത്തിടത്തോളവും സി.പി.എമ്മിന്റെ കൊലക്കത്തി രാഷ്ട്രീയം തുടരും. രാഷ്ട്രീയ കൊലപാതകങ്ങളില്‍ യഥാര്‍ത്ഥ പ്രതികളെതന്നെ അറസ്റ്റ് ചെയ്യുകയും ഗൂഢാലോചന നടത്തുന്ന നേതാക്കളടക്കമുള്ളവരെ പ്രതി ചേര്‍ക്കുകയും ചെയ്താലാണ് ഇതിന് ശമനമുണ്ടാകുക. പെരിയ ഇരട്ടക്കൊല ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ ഒരു പീതാംബരനുമാത്രമാകില്ല എന്നുറപ്പാണ്. അതിന് പിന്നിലുള്ളവരെ കണ്ടെത്തി നിയമത്തിന് മുന്നിലേക്ക് കൊണ്ടുവന്നാലാണ് ഇത്തരം അരുംകൊലകള്‍ ആവര്‍ത്തിക്കുന്നതില്‍ അല്‍പമെങ്കിലും ശമനമുണ്ടാവുക. പെരിയയില്‍ സി.ബി.ഐക്ക് അതിന് കഴിയുമെന്ന് പ്രതീക്ഷിക്കാം.

 

web desk 3: