X
    Categories: columns

ഭിന്നശേഷിക്കാര്‍ക്ക് രാഷ്ട്രീയ ഭൂമികയിലേക്കുള്ള വഴിദൂരം

അന്‍വര്‍ കണ്ണീരി അമ്മിനിക്കാട്

പറയാതിരിക്കാന്‍ കഴിയാത്തതുകൊണ്ടും അവഗണനയുടെ മൂര്‍ധന്യതയില്‍ എത്തിച്ചേര്‍ന്നതുകൊണ്ടുമാണ് ഭിന്നശേഷിക്കാര്‍ എന്ന വിഭാഗം രാഷ്ട്രീയ ഭൂമികയിലേക്കുള്ള വഴിദൂരം അളക്കുന്നത്. സമൂഹത്തിന്റെ സഹതാപത്തേക്കാള്‍ അഭിമാനകാരമായ നിലനില്‍പ്പാണ് ഓരോ ഭിന്നശേഷിക്കാരനും ആഗ്രഹിക്കുന്നത്. അതിനാല്‍ അഭിമാനകരമായ ഒരു പോരാട്ടത്തിന് രാഷ്ട്രീയ ഭൂമികയില്‍ കൃത്യമായ ഇടപെടലുകള്‍ അത്യാവശ്യമായിരിക്കുന്നു. രാഷ്ട്രീയ നേതൃത്വങ്ങള്‍ നിരന്തരം വാങ്ങിക്കൂട്ടുന്ന നിവേദനങ്ങള്‍ ഓരോ ഫോട്ടോയിലും മറ്റും അവസാനിക്കുന്ന സ്ഥിതിവിശേഷം ഏറിയിരിക്കുന്നു. അവസാനിപ്പിക്കേണ്ട അനാവശ്യ ട്രെന്‍ഡായി മാറിയ ഇത്തരം സമീപനങ്ങളും പ്രവണതകളും രാഷ്ട്രീയ പ്രവേശനത്തിലൂടെ ഒരു പരിധിക്കപ്പുറം പരിഹരിക്കാന്‍ സാധിക്കുന്നതാണ്.

ഭിന്നശേഷിക്കാരുടെ ആവശ്യങ്ങള്‍ സമര്‍പ്പിക്കുന്ന നിവേദനങ്ങള്‍ അര്‍ഹിക്കുന്ന പരിഗണനയോടെ ഉള്‍ക്കൊള്ളാതെ നാല് ശതമാനം സംവരണത്തില്‍ എല്ലാം നല്‍കി എന്ന പ്രതീതിയിലാണ് ഒരു വിഭാഗമുള്ളത്. ജോലി സംബന്ധമായ കാര്യങ്ങളില്‍ നാല് ശതമാനം സംവരണം നല്‍കി എന്ന് കൊട്ടിഘോഷിച്ചു അവാര്‍ഡുകള്‍ കരസ്ഥമാക്കുന്ന സര്‍ക്കാരുകള്‍ കൃത്യമായി കാര്യങ്ങള്‍ നിര്‍വഹിക്കുന്നില്ല എന്ന് തന്നെ പറയാം. ഇലക്ഷന്‍ അടുക്കുംതോറും ഭിന്നശേഷി പെന്‍ഷനുകള്‍ ആദ്യമുള്ള സംഖ്യ കുറച്ച് അടിക്കടി നൂറ് രൂപ കൂട്ടി 1400 ലോ 1500 ലോ എത്തിച്ചാല്‍ ഭിന്നശേഷിക്കാര്‍ക്ക് സര്‍വ പരിഗണനയും നല്‍കി എന്ന് സര്‍ക്കാരുകള്‍ ചിന്തിച്ചാല്‍ പൂര്‍ണ്ണമാവില്ല ഉത്തരവാദിത്വങ്ങള്‍. ചില കാട്ടിക്കൂട്ടലുകള്‍ക്കും പത്ര ദൃശ്യ വാര്‍ത്തകക്കുമപ്പുറം സാധാരണക്കാരനേക്കാള്‍ പ്രയാസമനുഭവിച്ചു ജീവിക്കുന്നവരാണ് ഇക്കൂട്ടര്‍ എന്ന് ഉള്‍ക്കൊള്ളുകതന്നെ വേണം. രാഷ്ട്രീയ ലാഭത്തിനുള്ള ഉപകരണ വസ്തുക്കളല്ല ഭിന്നശേഷിക്കാര്‍. വര്‍ഷങ്ങള്‍ തോറും എം.എല്‍.എ വേതനവും മറ്റും ലക്ഷക്കണക്കിന് കൂട്ടുമ്പോള്‍ ചില്ലറ കൂട്ടുന്ന ഈ പാവങ്ങളുടെ പേരിലുള്ള അവകാശവാദങ്ങളും പ്രചാരണങ്ങളും എന്തൊക്കെയായിരിക്കും. വിഭിന്ന കഴിവുകള്‍ ഉള്ളവര്‍ എന്ന ആലങ്കാരിക പ്രയോഗത്തേക്കാള്‍ അവകാശങ്ങളുടെ കൃത്യമായ നിര്‍വഹണം പ്രകടനപരതകള്‍ക്കപ്പുറം നടക്കുന്നില്ല എന്ന് തുറന്ന് പറയട്ടെ. ഇവിടെയാണ് രാഷ്ട്രീയഭൂമികയിലേക്കുള്ള ഭിന്നശേഷിക്കാരന്റെ സഞ്ചാരദൂരം കണക്കാക്കേണ്ടിവരുന്നത് എന്നുകൂടി ഓര്‍ക്കുക. ഭിന്നശേഷിക്കാരും രാഷ്ട്രീയ ഭൂമികയില്‍ തിളങ്ങി അധികാരങ്ങളില്‍ ഇടംപിടിച്ചു കൃത്യമായ നിര്‍വഹണം നടത്തേണ്ടതുണ്ട്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ഇത്തരം ഭിന്നശേഷിക്കാരെ അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞു മത്സരരംഗത്തേക്ക് കൊണ്ടുവരുന്നു എന്നത് മാതൃക തന്നെയാണ്.

ഒരു വ്യക്തി വീല്‍ചെയറില്‍ ഇരിക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടായെങ്കില്‍ അത്തരക്കാരെയെല്ലാം ഒരുമിച്ചുകൂട്ടി സംഘടന രൂപീകരിക്കേണ്ട ആവശ്യകത ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്തതാണ്. പക്ഷേ, എന്തുകൊണ്ട് ഇങ്ങനെയുള്ള സംഘടനകള്‍ രൂപീകരിക്കപ്പെട്ടു?. സര്‍ക്കാരുകളിലേക്കും ബന്ധപ്പെട്ട അധികാരികളിലേക്കും ഭിന്നശേഷിക്കാര്‍ക്ക് സഞ്ചരിക്കാനും മറ്റുമൊക്കെയുള്ള കാര്യങ്ങള്‍ക്കു നിത്യ ആചാരംപോലെ നിവേദനങ്ങള്‍ കൊടുത്തു ചെയ്യിക്കേണ്ട കാര്യമാണോ ഇതെല്ലാം. ഇവയെല്ലാം സര്‍ക്കാരിന്റെ മുന്‍ഗണനയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമല്ലേ. സര്‍ക്കാര്‍ നിസ്സംഗത വരുത്തിയതുകൊണ്ടു മാത്രമാവാം ഇത്തരം സംഘടനകള്‍ രൂപീകരിച്ചു അവരുടെ അവകാശങ്ങളല്ല, ആവശ്യങ്ങള്‍ ചോദിക്കേണ്ടിവന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ എല്ലാ കലക്ട്രറേറ്റിലേക്കും പലതരം ആവശ്യങ്ങളുമായുള്ള നിവേദനം സമര്‍പ്പിക്കാനായി അവകാശ റാലി സംഘടിപ്പിരുന്നു. വീല്‍ചെയറുമായി നിരത്തിലിറക്കിയതില്‍ ഭരണാധികാരികള്‍ക്കും മുഖ്യമായ പങ്കില്ലേ?. അത്തരക്കാരുടെ അവകാശങ്ങളെ അവഗണിക്കുകയെന്നത് തന്നെ ലജ്ജാകരമാണ്. ഇനിയെങ്കിലും ഭരണാധികാരികളുടെ കണ്ണൊന്ന് തുറന്നിരുന്നെങ്കില്‍ അവര്‍ക്കും ഇവിടെ ആരെയും ആശ്രയിക്കാതെ ജീവിക്കാമായിരുന്നു. കേരള പശ്ചാത്തലത്തില്‍ വീല്‍ചെയര്‍ ആശ്രയിക്കുന്നവര്‍ക്ക് എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍പോലും സാധിക്കില്ല. കാരണം അവിടെയൊന്നും വീല്‍ചെയര്‍ കയറാനുള്ള സൗകര്യം പോലുമില്ല. കേരളത്തിലെ എല്ലാ സ്ഥാപനങ്ങളിലും മറ്റും വീല്‍ചെയര്‍ റാമ്പ് നിര്‍ബന്ധമാക്കണമെന്നു ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. പക്ഷേ, എല്ലാം വാഗ്ദാന പട്ടികയില്‍ മാത്രം ഒതുങ്ങിപ്പോകുന്നു എന്നതാണ് ഖേദകരം.

വൈകല്യമുള്ളവരുടെ രാഷ്ട്രീയ സാമ്പത്തിക സാമൂഹിക സാംസ്‌കാരികമായ എല്ലാ മേഖലകളിലും അവര്‍ ഒറ്റപ്പെടാതെ നാല് ചുമരുകള്‍ക്കുളില്‍നിന്ന് ലോകത്തിന്റെ വെളിച്ചത്തേക്ക് കൊണ്ടുവന്ന് എല്ലാവരെയുംപോലെ ഉയര്‍ന്ന നിലവാരത്തില്‍ ജീവിപ്പിക്കാനാണ് ഐക്യരാഷ്ട്രസഭ ഇങ്ങനെയൊരു ദിനമായി ആചരിക്കുന്നത്. പരിമിധികളെ ഉള്‍ക്കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ഓരോരുത്തര്‍ക്കും ഒരുപാട് കഴിവുകളും മറ്റും ഉണ്ടാവാം. പക്ഷെ അവര്‍ക്ക് അവരുടെ മനസ്സ് എത്തുന്നിടത്തേക്ക് അതേ വേഗതയില്‍ ശരീരമെത്തിക്കാനാവില്ല. എങ്കിലും അവരുടെ പരിമിധികള്‍ക്കപ്പുറം അവര്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. അത്തരക്കാര്‍ക്ക് കൈത്താങ്ങിന്റെ സഹായം മാത്രം മതിയാവും ഉയര്‍ച്ചകളിലെത്താന്‍ എന്നതാണ് വാസ്തവം. അവര്‍ക്ക് പരിമിതമാക്കപ്പെട്ട അവകാശങ്ങളെ നേടിയെടുക്കാന്‍ സൗകര്യം ചെയ്ത് നല്‍കുകയെന്നത് ഭരിക്കുന്ന സര്‍ക്കാരുകളുടെ ബാധ്യതയാണ്. അത് ഒരിക്കലും വിസ്മരിക്കരുത്. ഇത് തിരിച്ചറിഞ്ഞു ആസൂത്രിതമായ പദ്ധതികള്‍ ചെയ്യാനാവണം.

ചെറുപ്പത്തില്‍ പോളിയോ ബാധിച്ചു തളര്‍ച്ചയിലോ അല്ലെങ്കില്‍ വാഹനാപകടങ്ങളിലും മറ്റു പലവിധത്തിലുള്ള വീഴ്ചകളിലും നട്ടെല്ലിനും മറ്റും ക്ഷതം സംഭവിച്ചു വീല്‍ചെയറിലും മറ്റു ചിലര്‍ ശരീരം മുഴുവന്‍ തളര്‍ന്നു കിടപ്പിലും തുടരുന്നുണ്ടാവാം. വ്യത്യസ്തമായ ചുറ്റുപാടുകളില്‍ വൈകല്യം അനുഭവിക്കുന്നവരാണ് പലരും. ലോകത്ത് 800 ദശലക്ഷം ആളുകള്‍ വൈകല്യം അനുഭവിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓരോ ഗവണ്‍മെന്റും ഇവരുടെ കാര്യത്തില്‍ ശക്തമായ മുന്‍കരുതലുകള്‍ എടുത്താല്‍ മാത്രമേ ഇത്തരക്കാരുടെ ഉയര്‍ച്ച പ്രാപ്യമാവൂ. വൈകല്യം ബാധിച്ചവരോട് എല്ലാവര്‍ക്കും സഹതാപത്തിന്റെ നോട്ടവും പരിചരണവും മാത്രമേയുള്ളൂ. ആരും അത്തരമൊരു ‘അയ്യോ പാവം’ സമീപനം ഇഷ്ടപെടുന്നവരല്ല. വൈകല്യങ്ങളാല്‍ ശാരീരിക പരിമിധികളുള്ള എല്ലാവരും മനസ്സുകൊണ്ട് ശക്തരാണ്. ഉള്ളതുകൊണ്ട് തൃപ്തിയടയാന്‍ നിര്‍ബന്ധിതമായി ശീലിച്ചവരാണ് അവര്‍. ഇല്ലായ്മകളെ പരാതിപ്പെട്ടു മാത്രം ജീവിക്കാതെ ദൈവം നല്‍കിയ മറ്റ് അനുഗ്രഹങ്ങളില്‍ സ്തുതിച്ച് ജീവിക്കുന്നവരും കൂടിയാണ് ഭിന്നശേഷിയുള്ള എല്ലാവരുമെന്നതാണ് അത്ഭുതം. എനിക്കെന്തിനെല്ലാം കഴിവുണ്ട് എന്നും സമൂഹത്തില്‍ എത്രത്തോളം ഇടപെടാന്‍ കഴിയുമെന്നതൊക്കെ സ്വന്തം മനസ്സിനോട് ചോദ്യങ്ങള്‍ ചോദിച്ചു അതിനുള്ള യഥാര്‍ഥ ഉത്തരങ്ങള്‍ കണ്ടെത്തി വേണ്ടതുപോലെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഈ ലോക ഭിന്നശേഷി ദിനത്തില്‍ ഇങ്ങനെയൊരു ഓര്‍മ്മപ്പെടുത്തല്‍. ഇന്നിരിക്കുന്ന വീല്‍ചെയറില്‍ നിന്നെങ്ങനെ എണീക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസം ഓരോരുത്തരും നേടിയെടുക്കല്‍ അത്യാവശ്യമാണ്. ‘കഴിയില്ല’ എന്ന് എത്രത്തോളം മനസില്‍ ആണയിട്ടു തിരിച്ചറിഞ്ഞവരും ഈ ശുഭാപ്തി വിശ്വാസം ആര്‍ജ്ജിച്ചെടുക്കാന്‍ ശ്രമിക്കുന്നവരാണ്.

ഒരാളെയും ആശ്രയിക്കാതെ ഈ ലോകത്ത് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ആര്‍ക്കും കഴിയില്ല എന്ന സത്യം എല്ലാവരും ഉള്‍ക്കൊള്ളുന്നുണ്ട്. പക്ഷേ അമിതാശ്രയമാണ് ഏറ്റവും വലിയ അടിമത്വം. ശാരീരിക പരിമിധികള്‍ നേരിടുന്ന ഓരോ വ്യക്തിയും തനിക്കു കഴിയാവുന്നത് എന്തെന്ന് തിരിച്ചറിഞ്ഞു അത് എത്ര ചെറുതാണെങ്കിലും ചെയ്തുതീര്‍ക്കാന്‍ ശ്രമിക്കും. കഴിയില്ല എന്ന ഉറച്ച മനസ്സില്‍ ഒന്നും തിളിര്‍ക്കില്ല. ശരീരത്തിന് വൈകല്യം നേരിട്ടാലും മനോധൈര്യമെന്ന വലിയ വെളിച്ചംകൊണ്ട് ഓരോ ജീവിതത്തിനും പുതിയ ലോകത്തേക്ക് പ്രവേശിക്കാന്‍ സാധിക്കും. അതിന് അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു അധികാരികള്‍ സഹായം ചെയ്തു നല്‍കണം. ഭിന്നശേഷിയുള്ളവരെ ഉള്‍പ്പെടുത്തി അവരുടെ എല്ലാ വിവരങ്ങളും ശേഖരിച്ചു വിദ്യാഭാസ യോഗ്യതക്കനുസരിച്ചു ഓരോ പ്രദേശാടിസ്ഥാനത്തില്‍ ഇത്തരക്കാര്‍ക്ക് ജോലി നല്‍കാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങളെ സംയോജിപ്പിച്ചു പോര്‍ട്ടല്‍ സൗകര്യം ഏര്‍പ്പെടുത്തന്നത് ഗുണകരമാകും. അതിലൂടെ ജോലിയില്‍ കയറാനായാല്‍ ഈ ജീവിതങ്ങള്‍ കൂടുതല്‍ കരുത്താവും എന്നതില്‍ സംശയമില്ല. എങ്കില്‍ മാത്രമേ ഇത്തരം പരിമിതിക്കാരുടെ സ്വപ്‌നങ്ങള്‍ക്ക് സാക്ഷാല്‍ക്കാരം ഉണ്ടാവുകയുള്ളു. പൊതുസമൂഹം ഇവരെ എങ്ങനെ സ്വീകരിക്കുമെന്നാണ് ആശങ്കയെങ്കില്‍ പ്രവൃത്തിയിലൂടെ തെളിയിക്കാന്‍ അവസരം നല്‍കി ശ്രമിക്കണം. ഭരണസിരാകേന്ദ്രങ്ങളില്‍ ഇത്തരം വ്യക്തിത്വങ്ങളുടെ സാന്നിധ്യം ഉണ്ടായെങ്കില്‍ മാത്രമേ ഇവിടെ മാറ്റങ്ങള്‍ സാധ്യമാവുകയുള്ളു. അല്ലാത്തപക്ഷം എല്ലാം നിവേദനങ്ങളില്‍ ഒതുങ്ങുന്ന പതിവ് തുടരും. ചിലപ്പോള്‍ പല ആക്ഷേപങ്ങളും പല കോണുകളില്‍നിന്നും കേട്ടേക്കാം. പക്ഷേ, എന്ത് നല്‍കുന്നുവോ അതിനപ്പുറം തിരിച്ചുനല്‍കാന്‍ പരിപൂര്‍ണ്ണരാണ് അവര്‍ എന്ന് തിരിച്ചറിയുക.
(ഇന്ന് ലോക ഭിന്നശേഷി ദിനം)

 

web desk 3: