X
    Categories: columns

പിണറായി സര്‍ക്കാറിന്റെ നെഞ്ചിടിപ്പ് കൂടുന്നു

മുനീര്‍ കാപ്പാട്

കേരളം അതിന്റെ പിറവി ആഘോഷിക്കുന്ന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വല്ലാത്ത അവസ്ഥയിലാണ്. സംസ്ഥാനം രൂപീകൃതമായതുമുതല്‍ ഇത്രയും മോശമായ ഒരു സര്‍ക്കാര്‍ അധികാരത്തിലിരുന്നിട്ടില്ല. സ്വര്‍ണ്ണ ക്കള്ളക്കടത്തു മുതല്‍ പ്രോട്ടോകോള്‍ ലംഘ നംവരെ നീളുന്ന ഒട്ടേറെ വിഷയങ്ങളില്‍ കുഴഞ്ഞിരിക്കുകയാണ് ഇടതുപക്ഷ ഭരണകൂടം. സ്പ്രിംഗ്ലര്‍ കരാര്‍, ലൈഫ് മിഷന്‍ ഭവന പദ്ധതിയിലെ കോഴ, സ്വര്‍ണ്ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വിവാദ നിയമനം, സ്വര്‍ണ്ണക്കടത്തിനുവേണ്ടി വിദേശ കറന്‍സി ഒളിച്ചു കടത്തല്‍ അങ്ങനെ നിരവധി അഴിമതികള്‍. ഇതിനൊക്കെ പുറമെ ഇപ്പോഴിതാ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഉയര്‍ന്ന ലഹരികടത്തു കേസും അറസ്റ്റും. മന്ത്രി ഇ.പി ജയരാജന്റെ മകനെതിരായ കോഴ ആരോപണവും മന്ത്രി കെ.ടി ജലീലിനെതിരെയുള്ള ആരോപണങ്ങളും വേറൊരു വശത്തുണ്ട്. ഇതിനെല്ലാമിടയില്‍ തന്നെയാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐ.ടി മേധാവിയുമായിരുന്ന എം ശിവശങ്കറാണ് സ്വര്‍ണക്കടത്തു അടക്കമുള്ള എല്ലാ കുറ്റകൃത്യങ്ങള്‍ക്കും പിന്നിലെ ‘കിംഗ്പിന്‍’ എന്ന എന്ന വസ്തുതയും അറസ്റ്റും. സ്വര്‍ണക്കടത്ത് വിവാദം ഉയര്‍ന്നവേളയില്‍ നെഞ്ചിടിപ്പ് കൂടുക ആര്‍ക്കാണെന്ന് നോക്കാമെന്ന് പറഞ്ഞ് വെല്ലുവിളി നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒടുവില്‍ ശിവശങ്കരിന്റെ അറസ്റ്റോടെ സ്വന്തം നെഞ്ചിടിപ്പ് കൂടിയ അവസ്ഥയിലാണ്.

മുഖ്യമന്ത്രി പിണറായി ചെയ്യുന്നതെല്ലാം ബൂമറാങ് ആകുകയാണ്. ജൂലൈ മാസത്തില്‍ രാജയോഗം ആവര്‍ത്തിക്കുമെന്നാണ് സര്‍വേകള്‍ പ്രവചിച്ചതെങ്കില്‍ ഇപ്പോള്‍ തൊട്ടതെല്ലാം പൊള്ളുന്ന അവസ്ഥിലാണ് മുഖ്യമന്ത്രിക്ക്. എന്തൊക്കെ കാര്യങ്ങള്‍ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടു ചെയ്യുന്നോ അതെല്ലാം തിരിച്ചടിക്കുന്ന വിചിത്രമായ അവസ്ഥ. ഈഴവ വോട്ടുകള്‍ ലക്ഷ്യമിട്ടു ശ്രീനാരായണ സര്‍വകലാശാല സ്ഥാപിച്ചപ്പോള്‍ കിട്ടിയ കയ്യടി വി.സിയെ നിയമിച്ചതോടെ തീര്‍ന്നു. പിന്നാലെ മുന്നോക്ക സംവരണം ഏര്‍പ്പെടുത്തിയതോടെ എല്ലാ സമുദായവും പിണങ്ങിയ അവസ്ഥ. ഇക്കാലമത്രയും ഒപ്പംനിന്ന വിഭാഗങ്ങളെല്ലാം എതിരായി. സംവരണത്തിന്റെ ആനുകൂല്യം കിട്ടിയ എന്‍.എസ്.എസാകട്ടെ അതു പോരെന്ന് പറഞ്ഞു രംഗത്തെത്തിയ അവസ്ഥയും.

എല്ലാം കൂടി കഷ്ടകാലം തലയില്‍ കയറി നില്‍ക്കുമ്പോഴാണ് അടുത്ത ഇടിവെട്ട് പണി കൂടി മുഖ്യമന്ത്രിക്ക് കിട്ടിയത്. സ്വര്‍ണ്ണക്കടത്തു കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടി എം ശിവശങ്കറിനെ അറസ്റ്റു ചെയ്തതാണ് മുഖ്യമന്ത്രിക്ക് വിനയായത്. അതുവരെ ശിവശങ്കറിനെ തള്ളിപ്പറയാത്ത പിണറായിക്ക് ഇപ്പോള്‍ പൂര്‍ണമായും അദ്ദേഹത്തെ കൈവിടേണ്ടിവന്നു. ഈ അറസ്റ്റിന്റെ ആഘാതം കഴിയും മുമ്പാണ് മറ്റൊരു പണി കൂടി സി.പി.എമ്മിനും സര്‍ക്കാറിനും കിട്ടിയത്. മയക്കുമരുന്ന് കേസിലാണ് പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ അഴിക്കുള്ളിലായത്. പാര്‍ട്ടിയുടെ രണ്ട് ഉന്നത നേതാക്കളാണ് അറസ്റ്റിനെത്തുടര്‍ന്ന് ആരോപണം നേരിടുന്നത്. ശിവശങ്കര്‍ കേസില്‍ മുഖ്യമന്ത്രിയും മകന്റെ അറസ്റ്റിന്റെ പേരില്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ ചിലരുടെ നെഞ്ചിടിപ്പ് ഉയരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തിരിഞ്ഞുകൊത്തുകയാണെന്ന് പ്രതിപക്ഷം പരിഹസിക്കുന്നു.

വിവാദങ്ങള്‍ക്ക് സര്‍ക്കാരുമായും പാര്‍ട്ടിയുമായും ബന്ധമില്ലെന്നു പറയുമ്പോഴും ശിവശങ്കറിന്റെയും ബിനീഷ് കോടിയേരിയുടേയും കേസുകള്‍ തെരഞ്ഞെടുപ്പില്‍ വിശദീകരിക്കേണ്ട ബാധ്യത പാര്‍ട്ടിയിലേക്കെത്തുകയാണ്. പ്രത്യേകിച്ചും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കൂടി അടുത്ത അവസ്ഥയില്‍. കീഴ്ഘടകങ്ങളില്‍ പുതിയ വിവാദങ്ങളെക്കുറിച്ച് ഭിന്നാഭിപ്രായമുണ്ട്. സര്‍ക്കാരിന്റെയും നേതാക്കളുടേയും ജാഗ്രതക്കുറവാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്ന് അവര്‍ പറയുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അടിക്കടിയുണ്ടാകുന്ന വിവാദങ്ങളിലെ ശരിതെറ്റുകള്‍ ജനത്തെ ബോധ്യപ്പെടുത്താന്‍ പ്രയാസമാണെന്നും കീഴ്ഘടകങ്ങള്‍ക്ക് അഭിപ്രായമുണ്ട്. പൂര്‍ണമായി കുറ്റപ്പെടുത്തുന്നില്ലെങ്കിലും മക്കള്‍ വിഷയത്തില്‍ കോടിയേരിക്കു തെറ്റുപറ്റിയതായി പാര്‍ട്ടി നേതൃത്വത്തിലെ ഒരു വിഭാഗം കരുതുന്നു. ബിനീഷിന്റെയും ബിനോയിയുടേയും പേരിലുയര്‍ന്ന നിരവധി വിവാദങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. മക്കള്‍ വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങള്‍ക്കു പാര്‍ട്ടി സഹായം ലഭിക്കുന്നുവെന്ന പ്രതീതിയുണ്ടായെന്നും അതിനെ തടയാന്‍ കോടിയേരി പരാജയപ്പെട്ടെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

ബിനീഷിന്റെ അറസ്റ്റ് പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ശക്തി പകര്‍ന്നിട്ടുണ്ട്. അറസ്റ്റിനെത്തുടര്‍ന്ന് പരിഹാസശരങ്ങളുമായി എത്തിയ പ്രതിപക്ഷം, പാര്‍ട്ടിക്കു ബുദ്ധിമുട്ടുണ്ടാക്കിയ സെക്രട്ടറിയാണ് കോടിയേരിയെന്ന വിമര്‍ശനവും ഉന്നയിച്ചു. വിവാദങ്ങളില്‍ വലിയ പ്രതിഷേധ സമരങ്ങള്‍ക്കാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. മറുവശത്ത്, വിവാദങ്ങള്‍ സര്‍ക്കാരിനെയോ പാര്‍ട്ടിയെയോ ബാധിക്കില്ലെന്നും എല്ലാം രാഷ്ട്രീയ വിവാദങ്ങളാണെന്നും ചൂണ്ടിക്കാട്ടി പ്രതിരോധത്തിനൊരുങ്ങാനാണ് സി.പി.എം ശ്രമം.
ഇതിനൊക്കെപുറമെ നിരവധി സ്ത്രീ പീഢന കേസിലും സര്‍ക്കാര്‍ പ്രതിയാണ്. ഇടതു സര്‍ക്കാറിന്റെ ഭരണകാലത്ത് കേരളത്തില്‍ പെണ്‍കുട്ടികള്‍ക്ക് ജീവിക്കാനാവില്ലെന്ന അവസ്ഥ വന്നിട്ടുണ്ട്. വാളയാറും പാലത്തായിയും അതാണ് പഠിപ്പിക്കുന്നത്.

 

web desk 3: