X
    Categories: columns

അങ്കപ്പുറപ്പാട്

ബി.ജെ.പി ദേശീയനിര്‍വാഹകസമിതിയംഗം, സംസ്ഥാന ജനറല്‍സെക്രട്ടറി ചുമതലകളില്‍നിന്ന് പാര്‍ട്ടിയുടെ സംസ്ഥാനഅധ്യക്ഷയാകുമെന്ന് കരുതിയിരിക്കുമ്പോഴാണ് ശോഭാസുരേന്ദ്രനെ സംസ്ഥാനവൈസ് പ്രസിഡന്റാക്കി പാര്‍ട്ടി മാറ്റിനിയമിച്ചത്. ഇടക്ക് വന്നുകയറിയ അബ്ദുല്ലക്കുട്ടിക്ക് വരെ ദേശീയവൈസ് പ്രസിഡന്റ് പദവി കനിഞ്ഞുനല്‍കിയപ്പോഴാണിത്. സ്വാഭാവികമായും ശോഭയെപോലൊരു തീപ്പൊരിനേതാവ് ഇതംഗീകരിക്കുമെന്ന് ആരും വിചാരിക്കില്ല. ബി.ജെ.പിയുടെ സംസ്ഥാനനേതൃത്വവും അങ്ങനെതന്നെയാകും ചിന്തിച്ചിരിക്കുക. ഒടുവിലിതാ ആഴ്ചകള്‍നീണ്ട മൗനത്തിനുശേഷം ശോഭ വെടിപൊട്ടിച്ചിരിക്കുന്നു. തന്നെ തരംതാഴ്ത്തിയത് ചിലരുടെ ഇടപെടല്‍ കാരണമാണെന്നും ഇതിനെതിരെ പാര്‍ട്ടിനേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ടെന്നും പരസ്യമായി പ്രതികരിച്ചിരിക്കുന്നു അവര്‍.

ഫെയ്‌സ് ബുക്കിലെ അടക്കം പാര്‍ട്ടിയെക്കുറിച്ചുള്ള മൗനം തുടരുകയാണ് ശോഭ.എങ്കിലും ഇനിയും മിണ്ടാതിരിക്കാന്‍ വയ്യ. ബി.ജെ.പിയുടെ സംസ്ഥാനത്തെ മാത്രമല്ല,രാജ്യത്തെ അപൂര്‍വം തീപ്പൊരിവനിതാനേതാക്കളിലൊരാളാണ് ശോഭസുരേന്ദ്രന്‍. പാര്‍ട്ടിയില്‍ പടിപടിയായി വളര്‍ന്ന് ഉന്നതസ്ഥാനത്തിലെത്തുമെന്ന ്‌വിചാരിച്ചിരിക്കുമ്പോഴാണ് ശോഭക്ക് പാര്‍ട്ടിക്കാര്‍തന്നെ പാരപണിതിരിക്കുന്നത്. സംസ്ഥാനഅധ്യക്ഷന്‍ കെ.സുരേന്ദ്രനും കേന്ദ്രമന്ത്രി വി.മുരളീധരനും ചേര്‍ന്നാണ് തനിക്ക് പണിതന്നതെന്ന് പറയാതെപറയുകയാണ് ശോഭ. കഴിഞ്ഞദിവസം തന്റെ തട്ടകമായിരുന്ന പാലക്കാട്ട് വാളയാറിലെ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മയെ കാണാനെത്തിയപ്പോഴാണ് ശോഭ മാധ്യമങ്ങളോട് മനസ്സുതുറന്നത്. ഇനിയെന്താണ് നടക്കാന്‍ പോകുന്നതെന്ന വേവലാതിയിലാണ് ബി.ജെപിയുടെ അണികള്‍. കേരളം അഴിമതിയുടെ കേളീരംഗമായിരിക്കുമ്പോള്‍ ശോഭയുടെ വാക്കുകള്‍ കേള്‍ക്കാതെ അമ്പരന്നിരിക്കുകയാണ് ബി.ജെ.പിയിലെ ശോഭഅനുകൂലികളിപ്പോള്‍. മുമ്പ് മന്ത്രി എം.എം മണിയെ കരണക്കുറ്റിക്ക് അടിക്കുമെന്നുവരെ പ്രസംഗിച്ച വനിതാനേതാവിനെ കണ്ടിട്ട് ഏറെനാളായെന്നാണ് പാര്‍ട്ടിക്കാരുടെ പരാതി.ഏതായാലും പുതിയ അങ്കത്തില്‍ പലരുടെയും പിന്തുണ ശോഭക്കുണ്ടെന്നുതന്നെയാണ് പലരും കരുതുന്നത്.

2016ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ പാലക്കാട്ട് മല്‍സരിച്ച് മൂന്നാംസ്ഥാനത്തായെങ്കിലും 1,36,000 വോട്ട് നേടിയത് ശോഭയുടെ വാക്‌സാമര്‍ഥ്യം കൊണ്ടുമാത്രമാണ്. 2014 ലെ ലോക്‌സഭാതിരഞ്ഞെടുപ്പിലും ഒരുകൈ നോക്കിയെങ്കിലും പാര്‍ട്ടി ജില്ലാനേതൃത്വംതന്നെ പാരപണിതു. ഇത് തുറന്നുപറഞ്ഞത് ശോഭതന്നെയാണ്. ശോഭ പോകുന്നിടത്തെല്ലാം പാര്‍ട്ടിയുടെ ഔദ്യോഗികഭാരവാഹികള്‍ വിട്ടുനില്‍ക്കുകയോ സജീവമല്ലാതാകുകയോ ചെയ്തു. പാലക്കാട്ട് താമസം തുടങ്ങി തട്ടകം ശരിയാക്കിയെടുക്കാമെന്ന ്കരുതിയിരിക്കുമ്പോഴാണ് പാര്‍ട്ടിയുടെ വക പൊല്ലാപ്പ്. ഇനി നോക്കുന്നത് വല്ല തിരുവനന്തപുരത്തോ തൃശ്രൂരോ ആണ്.

അവിടെയൊക്കെയും സുരേന്ദ്രാദി ഔദ്യോഗികക്കാരുടെ പാരയുണ്ടാകുമെന്നുറപ്പാണ്. മുറിവേല്‍പിച്ചിരിക്കുന്നത് കേന്ദ്രമന്ത്രിയെ വരെയാണ് എന്നതുമതി ശോഭയുടെ കഷ്ടകാലം തുടങ്ങാനാണെന്നാണ് സുരേന്ദ്രന്‍-മുരളി അനുകൂലികളിപ്പോള്‍ പറയുന്നത്. സുരേന്ദ്രനോട് മാധ്യമപ്രവര്‍ത്തകര്‍ കുത്തിക്കുത്തിച്ചോദിച്ചിട്ടും പ്രതികരിക്കാന്‍ കൂട്ടാക്കാതിരുന്നത് ശോഭയെ പരസ്യമായി വിമര്‍ശനംനടത്തിയതിന് പണികൊടുക്കുന്നതിന ്‌വേണ്ടിയാണെന്നാണ് പാര്‍ട്ടിക്കുളളിലെ അടക്കിപ്പിടിച്ച സംസാരം. അതിനിടെ സി.പി.എമ്മുമായി ശോഭ ആശയവിനിമയം നടത്തിയെന്നുവരെ സാമുഹികമാധ്യങ്ങളില്‍ ചിലര്‍ പ്രചരിപ്പിച്ചു. ശോഭ വിരോധികള്‍ അതിലും കടന്ന് ചെന്നെത്തിയത് ശോഭയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പോസ്റ്റുകളിട്ടാണ്. ഇതിനെതിരെയും പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് അവര്‍.

തൃശൂര്‍ വടക്കാഞ്ചേരിയില്‍ ജനിച്ച ശോഭ ബി.ജെ.പിയുടെ കുട്ടികളുടെ സംഘടനയായ ബാലഗോകുലത്തിലൂടെയാണ്. തൃശൂര്‍ ജില്ലാ സെക്രട്ടറി, ജില്ലാ ഭഗിനിപ്രമുഖ് എന്നീ പദവികള്‍ വഹിച്ച ശേഷമാണ് സംസ്ഥാനതലത്തിലെത്തുന്നത്. പാര്‍ട്ടിയുടെ കേരളത്തില്‍നിന്ന് ദേശീയ നിര്‍വാഹകസമിതിയിലേക്ക് നിയോഗിക്കപ്പെട്ട ആദ്യവനിതകൂടിയാണ്. അറിയപ്പെടുന്ന പ്രാസംഗിക. 2004ല്‍ സ്വന്തംനാടായ വടക്കാഞ്ചേരി നിയമസഭാമണ്ഡലത്തിലും പിന്നീട് പൊന്നാനിയിലും പുതുക്കാട്ടും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി. 2019ല്‍ ആറ്റിങ്ങലില്‍ യു.ഡി.എഫിന്റെ അടൂര്‍പ്രകാശിനോട് പരാജയപ്പെട്ടു.

പാര്‍ട്ടിയില്‍ പി.കെ കൃഷ്ണദാസിന്റെയും എം.ടി രമേശിന്റെയും ഗ്രൂപ്പുമായി മതിയായ അകലം പാലിക്കുന്നുണ്ടെങ്കിലും സുരേന്ദ്രനുംകൂട്ടരും കാണുന്നത് ശോഭയെ എതിരാളിയായി തന്നെയാണ്. ഇനിയൊരിക്കല്‍കൂടി പാലക്കാട് കിട്ടിയാലും മല്‍സരിക്കാനില്ലെന്നാണത്രെ ശോഭയുടെ ഇപ്പോഴത്തെ തീരുമാനം. ജില്ലാനേതൃത്വത്തിന് സുരേന്ദ്രന്‍ ഗ്രൂപ്പുമായുള്ള അടുപ്പമാണ് തനിക്ക് ഭീഷണിയെന്ന് അവര്‍ കരുതുന്നു. പാര്‍ട്ടിയില്‍ മുതിര്‍ന്നനേതാവ് ഒ.രാജഗോപാലുമായി ആശയവിനിമയം നടത്തുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ കാര്യംതന്നെ പാര്‍ട്ടിശാക്തികച്ചേരികളില്‍ കഷ്ടമാണ്. പിന്നെയുള്ളത് മോദിജി -അമിത്ഷാജി എന്നിവരാണ്. അതിനും ഇടക്ക് പാരയുണ്ട്. കഴിഞ്ഞദിവസംവരെ ദേശീയമഹിളാമോര്‍ച്ചയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് പേര് നിര്‍ദേശിക്കപ്പെട്ടെങ്കിലും തമിഴ്‌നാട്ടുകാരി വനതിയെയാണ് അമിത്ഷാജി പരിഗണിച്ചത്. വടക്കാഞ്ചേരി മണലിത്തറ പരേതനായ കൃഷ്ണന്റെയും കല്യാണിയുടെയും ആറാമത്തെ സന്തതി. ബി.ജെ.പിനേതാവുകൂടിയായ മലപ്പുറംജില്ലക്കാരനായ കെ.കെ സുരേന്ദ്രനാണ് ഭര്‍ത്താവ്. യദുലാലും ഹരിലാലും മക്കള്‍.

 

web desk 3: