X

തുര്‍ക്കി നിര്‍ണായക തെരഞ്ഞെടുപ്പിലേക്ക്

 

കെ. മൊയ്തീന്‍കോയ

രാജ്യത്തിനകത്തും പുറത്തും ശത്രുക്കള്‍ വര്‍ധിച്ചുവരികയാണെങ്കിലും ജൂണ്‍ 24ന് നടക്കാനിരിക്കുന്ന തുര്‍ക്കിയിലെ പ്രസിഡണ്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ റജബ് ത്വയ്യിബ് ഉറുദുഗാന്‍ നേതൃത്വം നല്‍കുന്ന ജസ്റ്റീസ് ആന്റ് ഡവലപ്പ്‌മെന്റ് പാര്‍ട്ടി (എ.കെ പാര്‍ട്ടി) ഗംഭീര വിജയം നേടുമെന്ന് എതിരാളികള്‍ പോലും സമ്മതിക്കുന്നു. ഉറുദുഗാന്റെ ജനപ്രീതിയില്‍ ആര്‍ക്കും സംശയമില്ല. 2002 മുതല്‍ അധികാരത്തിലിരിക്കുന്ന എ.കെ പാര്‍ട്ടിക്ക് ഒരിക്കല്‍ കൂടി ജനങ്ങള്‍ അവസരം നല്‍കും, തീര്‍ച്ച.
അടുത്ത വര്‍ഷം നവംബര്‍ വരെ ഭരണത്തിന് കാലാവധിയുണ്ടെങ്കിലും ഉറുദുഗാന്‍ കാത്തിരുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ റഫറണ്ടം വിജയിക്കുകയും ഭരണത്തലവനായി എക്‌സിക്യുട്ടീവ് അധികാരമുള്ള ‘പ്രസിഡന്റ്’ പദവി നിലവില്‍ വരികയും ചെയ്തതോടെ ഉറുദുഗാന്‍ സര്‍വാധികാരിയാണിപ്പോള്‍. സ്വേഛാധിപതിയെന്ന് എതിരാളികള്‍ വിമര്‍ശിക്കുമ്പോഴും ഉറുദുഗാന്‍ എന്ന ഭരണാധികാരിയെ മഹാഭൂരിപക്ഷവും തുര്‍ക്കി ജനതയും അനുകൂലിക്കുന്നത് അദ്ദേഹത്തിന്റെ മികച്ച ഭരണ നൈപുണ്യത്തെയാണ്. ലോക രാഷ്ട്രീയ വ്യവഹാരത്തില്‍ ഉറുദുഗാന്‍ തിളങ്ങി നില്‍ക്കുന്നു. നാറ്റോ സൈനിക സഖ്യത്തിലെ ഏക മുസ്‌ലിം രാജ്യമാണ് തുര്‍ക്കിയെങ്കിലും അമേരിക്കയുമായും യൂറോപ്യന്‍ രാജ്യങ്ങളുമായും പല വിഷയങ്ങളിലും ‘ഏറ്റുമുട്ടു’ന്നു. ഫലസ്തീന്‍ ജനതയുടെ അവകാശ സംരക്ഷണ പോരാട്ടത്തിന്റെ മുന്നില്‍ നില്‍ക്കുന്ന ലോക നേതാവാണിപ്പോള്‍ ഉറുദുഗാന്‍. കഴിഞ്ഞ മാസങ്ങളില്‍ ഫലസ്തീന്‍കാര്‍ക്കെതിരെ നടന്ന ഇസ്രാഈലിന്റെ കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് തുര്‍ക്കിയിലെ ഇസ്രാഈലി അംബാസിഡറെ പുറത്താക്കി ശ്രദ്ധേയനായി ഉറുദുഗാന്‍ ഏറ്റവും അവസാനം യു. എന്‍ പൊതുസഭയില്‍ ഗസ്സയിലെ ഇസ്രാഈലി അതിക്രമത്തിന് എതിരെ അല്‍ജീരിയയുമായി ചേര്‍ന്ന് പ്രമേയം അവതരിപ്പിച്ച് പാസാക്കിയതും തുര്‍ക്കിയുടെ വിജയകരമായ നയതന്ത്ര ദൗത്യം തന്നെ. ഗസ്സയില്‍ ഉപരോധത്തില്‍ കഴിയുന്ന ഫലസ്തീന്‍കാര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ സമാധാന ദൗത്യസംഘത്തെ കടല്‍മാര്‍ഗം അയച്ചതിനെ തുടര്‍ന്നുണ്ടായ ഇസ്രാഈലി വെടിവെപ്പിന് എതിരെ ലോകവേദികളില്‍ പ്രതിഷേധം അറിയിച്ചു തുര്‍ക്കി. യു.എന്‍ വേദിയില്‍ ഇസ്രാഈലി പ്രസിഡന്റ് ഷിമോണ്‍ പെരസിനെ മുഖത്ത് നോക്കി ‘കൊലയാളി രാഷ്ട്രത്തലവന്‍’ ഇരിക്കുന്നിടത്ത് ഞാനില്ലെന്ന് പ്രഖ്യാപിച്ച് ഇറങ്ങിവന്ന ഉറുദുഗാന്റെ പ്രതിച്ഛായ മധ്യപൗരസ്ത്യ ദേശത്ത് തിളങ്ങിനിന്ന സന്ദര്‍ഭമായിരുന്നു. അതേസമയം, സിറിയയില്‍ സമാധാനം വീണ്ടെടുക്കാന്‍ റഷ്യക്കൊപ്പം ശ്രമം നടത്തുന്നതിനും തുര്‍ക്കി മുന്‍പന്തിയില്‍ നിലകൊണ്ടു. ജി.സി.സി രാഷ്ട്രങ്ങള്‍ ഒറ്റപ്പെടുത്തി ഭക്ഷണം ഇറക്കുമതി വരെ തടഞ്ഞപ്പോള്‍, ഖത്തറിന് സഹായം എത്തിക്കാന്‍ തുര്‍ക്കി രംഗത്തുവന്നു. എന്നാല്‍ സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ അമേരിക്കയോടൊപ്പം സിറിയന്‍ പ്രതിപക്ഷ സഖ്യത്തെ സഹായിച്ച തുര്‍ക്കി, പക്ഷേ, സ്വന്തം രാജ്യത്തിന് എതിരെ ഒളിയുദ്ധം നടത്തിയ സിറിയന്‍ കുര്‍ദ് സായുധ സംഘത്തെ (പി.കെ.കെ) അമര്‍ച്ച ചെയ്യാന്‍ മടിച്ചില്ല. അമേരിക്ക ആയുധം നല്‍കി പി.കെ.കെ യെ സഹായിച്ചുവെങ്കിലും തുര്‍ക്കി സൈന്യത്തിന് മുന്നില്‍ അവര്‍ക്ക് അടിയറവ് പറയേണ്ടിവന്നു.
ഉറുദുഗാന്റെ എ.കെ പാര്‍ട്ടി 2002-ല്‍ അധികാരത്തില്‍ എത്തുമ്പോള്‍ തുര്‍ക്കി സാമ്പത്തികമായി തകര്‍ച്ചയിലായിരുന്നു. സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തിയത് എ.കെ പാര്‍ട്ടിയുടെ സ്വീകാര്യത വര്‍ധിപ്പിച്ചു. തൊഴിലില്ലായ്മ പരിഹരിക്കാന്‍ തീവ്രശ്രമം നടത്തിവരുന്നു. യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നേടാന്‍ എ.കെ പാര്‍ട്ടി ഭരണം നടത്തിയ ശ്രമം വിജയിച്ചിട്ടില്ല. യൂറോപ്പിലെ തൊഴില്‍മേഖല യുവാക്കള്‍ക്ക് വേണ്ടി തുറന്നുകിട്ടുമെന്ന പ്രതീക്ഷയില്‍ ആയിരുന്നു ഉറുദുഗാന്‍ ഇതിന് ശ്രമം നടത്തിയത്. ചില യൂറോപ്യന്‍ രാജ്യങ്ങള്‍ തുടക്കം മുതല്‍ക്കേ തടസ്സം സൃഷ്ടിച്ചു. ഇക്കാര്യത്തില്‍ യാതൊരു പുരോഗതിയുമില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കഴിഞ്ഞ മാസം നടത്തിയ പ്രസ്താവന വിവാദങ്ങള്‍ക്ക് കാരണമായി. 1999 മുതല്‍ ഇ.യു അംഗത്വത്തിനുള്ള തുര്‍ക്കിയുടെ കാത്തിരിപ്പ് വൃഥാവിലാകുമെന്നാണ് കരുതേണ്ടത്. ഉറുദുഗാനെ ഒളിഞ്ഞു തെളിഞ്ഞും താഴെയിറക്കാന്‍ പല ശ്രമങ്ങളും നടന്നതാണെങ്കിലും അവയൊക്കെ പരാജയപ്പെട്ടു. 2016 ജൂ ലൈയില്‍ സൈനിക അട്ടിമറി പരാജയപ്പെട്ടത് ലോകം അത്ഭുതത്തോടെ ശ്വാസമടക്കി പിടിച്ച് കാണുകയായിരുന്നു. അങ്കാറ തെരുവുകള്‍ കയ്യടക്കിയ സൈന്യത്തെ തടയാന്‍, ഉറുദുഗാന്‍ നവമാധ്യമങ്ങളില്‍ നടത്തിയ ആഹ്വാനം ശിരസ്സാവഹിച്ച് ജനങ്ങള്‍ രംഗത്തുവരികയായിരുന്നു. സൈനിക അട്ടിമറിയെ ജനങ്ങള്‍ പ്രതിരോധിച്ച ചരിത്രം അത്യപൂര്‍വം. ഉറുദുഗാനില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം പ്രകടമായ ചരിത്രമാണ് സൈനിക അട്ടിമറിയുടെ പരാജയം. മണിക്കൂറുകള്‍ക്കകം അധികാരം നിലനിര്‍ത്തിയ ഉറുദുഗാന്‍ തുര്‍ക്കിയില്‍ ഹീറോയായി. അനാഥ ബാലന്റെ ദുരന്ത കഥയറിഞ്ഞ് സ്‌കൂളിലെത്തി അവന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഉറുദുഗാന്‍ സുഹൃത്തിന്റെ വിയോഗമറിഞ്ഞ് ശ്മശാനത്തിലുമെത്തി അനുശോചനമറിയിച്ച ജനനേതാവാണ്. ജനകീയ പ്രസിഡന്റ് ജനങ്ങള്‍ക്കിടയില്‍ തന്നെ.
ഉറുദുഗാന് എതിരെ സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള നീക്കം വിജയിച്ചിട്ടില്ല. എ.കെ പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍പെടുന്ന മുന്‍ പ്രസിഡന്റ് അബ്ദുല്ല ഗുല്ലിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. റഫറണ്ടത്തെ തുടര്‍ന്ന് എക്‌സി. പ്രസിഡന്റ് ഭരണത്തലവന്‍ ആയതോടെ പ്രധാനമന്ത്രി സ്ഥാനം നഷ്ടമായ അഹമ്മദ് ദവുടോംഗ് ഇവരോടൊപ്പം ചേര്‍ന്നിരുന്നുവെങ്കിലും അബ്ദുല്ല ഗുല്ലിനെ ഉയര്‍ത്തി കാണിക്കാന്‍ കഴിഞ്ഞില്ല. 2002-ല്‍ എ.കെ പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍, ഭരണഘടന കോടതിയുടെ വിലക്കുണ്ടായിരുന്നതിനാല്‍ മത്സര രംഗത്തില്ലാതിരുന്ന ഉറുദുഗാന്‍ അബ്ദുല്ല ഗുല്ലിനെയാണ് പ്രധാനമന്ത്രിയാക്കിയത്. പിന്നീട് ഉറുദുഗാന്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തു. ഗുല്ലിനെ വിദേശമന്ത്രിയാക്കി. കമാലിസ്റ്റ് ആശയങ്ങളുടെ സംരക്ഷകര്‍ എന്ന നിലയില്‍ ഭരണഘടനാതീത ശക്തികളായിരുന്ന സൈനിക നേതൃത്വത്തിന്റെയും ഭരണഘടന കോടതിയുടെയും വിലക്കും തടസ്സവാദങ്ങളും മറികടന്നു പാര്‍ലമെന്റിലേക്ക് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയെടുത്തുമാണ് അബ്ദുല്ല ഗുല്ലിനെ തുടര്‍ന്ന് പ്രസിഡന്റാക്കിയത്. കാലാവധി കഴിഞ്ഞതോടെ ഗുല്ല് എ.കെ പാര്‍ട്ടിയോട് പിണങ്ങി വിദേശത്തായിരുന്നു. നിലവിലെ പാര്‍ലമെന്റ് സീറ്റ് 550ല്‍ നിന്ന് 600 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. പത്ത് ശതമാനം വോട്ട് നേടാന്‍ കഴിയാത്ത പാര്‍ട്ടികള്‍ക്ക് പാര്‍ലമെന്റില്‍ പ്രവേശനം ഉണ്ടാകില്ല. മുഹറീം ഇന്‍സി എന്ന അധ്യാപകനാണ് റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി (സി.എച്ച്.പി) ഉയര്‍ത്തി കാണിക്കുന്ന പ്രധാന പ്രതിപക്ഷ സ്ഥാനാര്‍ത്ഥി. 87 ഇലക്‌ടോറല്‍ ജില്ലകളില്‍ നിന്നാണ് പാര്‍ലമെന്റ് അംഗങ്ങളെ തെരഞ്ഞെടുക്കുക. പ്രസിഡന്റിനെ നേരിട്ട് തെരഞ്ഞെടുക്കും. എ.കെ പാര്‍ട്ടിയും നാഷനലിസ്റ്റ് മൂവ്‌മെന്റ് പാര്‍ട്ടിയും (എം.എച്ച്.പി)യും ചേര്‍ന്നുള്ള പീപ്പിള്‍സ് അലയന്‍സ് 61.93 ശതമാനം വോട്ട് നേടുമെന്നാണ് പ്രവചനം. പ്രതിപക്ഷത്ത് റിപ്പബ്ലിക്കന്‍ പാര്‍ട്ടി (സി.എച്ച്.പി) പുതുതായി രൂപപ്പെടുത്തിയ നാഷനലിസ്റ്റ് ഇയി പാര്‍ട്ടി (സി.എച്ച്.പി) ഇസ്‌ലാമിസ്റ്റ് വെലാസിറ്റി പാര്‍ട്ടി, ഡമോക്രാറ്റിക് പാര്‍ട്ടി എന്നിവര്‍ ചേര്‍ന്നുള്ള ദേശീയ സഖ്യം വളരെ പിറകിലാണത്രെ. ഈ സഖ്യത്തിലെ ഇയി പാര്‍ട്ടിയിലെ മെറല്‍ അസ്‌നേര്‍ ആണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഏക വനിതാ സ്ഥാനാര്‍ത്ഥി.
1923 മുതല്‍ ഇസ്‌ലാമിനെ തുര്‍ക്കി രാഷ്ട്രീയത്തില്‍ നിന്ന് പൂര്‍ണമായും അകറ്റിനിര്‍ത്തിയ മുസ്തഫ കമാല്‍ പാഷയുടെ ആശയാദര്‍ശങ്ങളില്‍ നിന്ന് തുര്‍ക്കി മാറി ചിന്തിച്ചു തുടങ്ങിയത് പ്രൊഫ. നജ്മുദ്ദീന്‍ അര്‍ബകാന്റെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രംഗപ്രവേശത്തോടെയാണ്. സൈനിക നേതൃത്വവും ഭരണഘടന കോടതിയും അദ്ദേഹത്തിന്റെ ഭരണകൂടത്തെ പിരിച്ചുവിട്ടു. പിന്നീട് മില്ലി സലാമത്ത് പാര്‍ട്ടി, വെര്‍ച്യൂ പാര്‍ട്ടി എന്നിവയുമായി പ്രൊഫ. നജ്മുദ്ദീന്‍ രംഗത്തുണ്ടായിരുന്നുവെങ്കിലും കമാലിസ്റ്റുകള്‍ തകര്‍ത്തു. ഇതില്‍ നിന്നെല്ലാം പാഠം ഉള്‍ക്കൊണ്ടാണ് നജ്മുദ്ദീന്റെ സഹപ്രവര്‍ത്തകര്‍ എ.കെ പാര്‍ട്ടിയുണ്ടാക്കിയത്. ഭരണഘടനയോട് കൂറുപുലര്‍ത്തി കൊണ്ടു തന്നെ തന്ത്രപരമായ നീക്കങ്ങളിലൂടെ പ്രൊഫ. നജ്മുദ്ദീന്റെ ആശയങ്ങള്‍ തുര്‍ക്കിയില്‍ നടപ്പാക്കാന്‍ ഉറുദുഗാന് സാധിച്ചു. തുടക്കത്തില്‍ ഉറുദുഗാന് എല്ലാ സഹായവും ചെയ്തു വന്നിരുന്ന സമ്പന്നനും പണ്ഡിതനുമായ ഫത്തഹുല്ല ഗുലാനുമായി ഉറുദുഗാന്‍ പിന്നീട് അകന്നു. ഇക്കഴിഞ്ഞ അട്ടിമറിക്ക് പിന്നില്‍ ഗുലാന്റെ അനുയായികളാണെന്ന് ഉറുദുഗാന്‍ ആരോപിക്കുന്നു. അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുന്ന ഗുലാനെ വിട്ടുനല്‍കണമെന്ന് തുര്‍ക്കി അമേരിക്കയോട് ആവശ്യപ്പെടുന്നു.
പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് മാറുന്ന തുര്‍ക്കി ജനാധിപത്യത്തിന് ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ഉറുദുഗാനും സഹപ്രവര്‍ത്തകരും മികച്ച വിജയം കരസ്ഥമാക്കുമെന്നാണ് പൊതുവേ വിലയിരുത്തല്‍. അമേരിക്കക്കും യൂറോപ്പിനും അനഭിമതനാണെങ്കിലും ലോകമെമ്പാടുമുള്ള തുര്‍ക്കി വംശജര്‍ക്കിടയില്‍ ഉറുദുഗാന് ഹീറോ പരിവേഷമുണ്ട്. അതോടൊപ്പം മധ്യപൗരസ്ത്യദേശത്തെ സംഘര്‍ഷങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഉറുദുഗാന്റെ വിജയം സമാധാനകാംക്ഷികളും ആഗ്രഹിക്കുന്നു.

chandrika: