X

കട്ടിപ്പാറ ദുരന്തം കാണാതെപോയ സര്‍ക്കാര്‍

കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മേഖലയായ താമരശേരി മലനിരയോടനുബന്ധിച്ചുള്ള കട്ടിപ്പാറയില്‍ പതിനാലു പേരുടെ മരണം ഉണ്ടാക്കിയ ഞെട്ടലില്‍നിന്ന് കേരളം ഇനിയും പൂര്‍ണവിമുക്തി നേടിയിട്ടില്ല. ജൂണ്‍ പതിമൂന്നിന് റമസാന്‍ ദിനത്തില്‍ അര്‍ധരാത്രിയാണ് ഇവിടെ ഉരുള്‍പൊട്ടലുണ്ടായത്. കട്ടിപ്പാറ കരിഞ്ചോലമലയിലെ പ്രദേശവാസികളായ പതിനാലു പേരുടെ ദാരുണ മരണമാണിവിടെ സംഭവിച്ചത്. ഉരുള്‍പൊട്ടലുണ്ടാകാറില്ലാത്ത മലയിലാണ് ദുരന്തം അപ്രതീക്ഷിതമായി സാധാരണക്കാരെ തേടിയെത്തിയതെന്നതാണ് ഏറെ വേദനാജനകം. എങ്കിലും പ്രദേശത്തെ ഖനനവും നിര്‍മാണങ്ങളും ഏറെ കാലേ ചര്‍ച്ച ചെയ്തിരുന്നതാണ്. നാട്ടുകാരും മുസ്‌ലിംലീഗിന്റേതടക്കമുള്ള രാഷ്ട്രീയപ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരുമൊക്കെ താമസംവിനാ രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുഴുകി.
എല്ലാവരുടെയും മൃതശരീരങ്ങള്‍ വീണ്ടെടുക്കാനായെന്ന് സര്‍ക്കാരിന് ആശ്വസിക്കാമെങ്കിലും യഥാര്‍ത്ഥത്തില്‍ ഇത്രയും വലിയൊരു ദുരന്തത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ കാണിച്ച അലംഭാവത്തെ എങ്ങനെയാണ് വിശേഷിപ്പിക്കുക? സംസ്ഥാനത്താകെ ഇരുപതുപേരുടെ മരണംനടന്ന ദിവസമായിരുന്നു കട്ടിപ്പാറ ഉരുള്‍പൊട്ടല്‍. സര്‍ക്കാരിന്റെ അടിയന്തിര രക്ഷാസംവിധാനങ്ങളായ പൊലീസ്, അഗ്നിശമനസേന എന്നിവ തക്കസമയത്ത് രക്ഷാപ്രവര്‍ത്തനത്തിയെങ്കിലും റവന്യൂ, വനം, കൃഷി വകുപ്പുകളുടെ സാന്നിധ്യം തുലോംപരിമിതമായിരുന്നു. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ആളുകളെത്താനും താമസിച്ചു. ആയിരത്തോളം കുടുംബങ്ങളാണ് ദുരന്തത്തിനിരകളായത്. ഗതാഗതം നിലച്ചതിലൂടെ കോഴിക്കോട്, വയനാട് ജില്ലകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. എന്നാല്‍ യഥാസമയം പട്ടാളത്തെ വിളിച്ചിരുന്നെങ്കില്‍ ഇത്തരമൊരു ഘട്ടത്തില്‍ ഒരാളെയെങ്കിലും രക്ഷിക്കാനായെന്ന് ആശ്വസിക്കാമായിരുന്നു. എന്നിട്ടും കൊടിയദുരന്തം വരുത്തിവെച്ച തീരാവേദനയും അരക്ഷിതാവസ്ഥയും പരിഹരിക്കുന്നതിനോ ഇരകള്‍ക്കും ബന്ധുക്കള്‍ക്കും സാന്ത്വനവും സഹായവും നല്‍കുന്നതിനോ വേണ്ട അടിയന്തിര ജാഗ്രതയും ആര്‍ജവവും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല എന്ന പരാതി കേവലം രാഷ്ട്രീയമായി തള്ളിക്കളയാനാവില്ല.
കാലവര്‍ഷത്തില്‍ ഇതുവരെയായി സംസ്ഥാനത്ത് അറുപതോളം പേര്‍ മരിച്ചതായാണ് കണക്ക്. നൂറുകോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായി. സംസ്ഥാനത്താകെ 56.7 ചതുരശ്ര കിലോമീറ്റര്‍ ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലയാണ്. കഴിഞ്ഞ അമ്പത് കൊല്ലത്തിനിടെ 84 ഉരുള്‍പൊട്ടലുകളിലായി മുന്നൂറോളം പേരുടെ മരണമുണ്ടായി. കേരളം കണ്ടിട്ടുള്ളതില്‍ രണ്ടാമത്തെ വലുതാണ് കട്ടിപ്പാറയിലേത്. പ്രതീക്ഷിച്ചതിലും നേരത്തെയും അതിശക്തമായും കാലവര്‍ഷം കേരളത്തിലെത്തി താണ്ഡവമാടിത്തുടങ്ങിയിരുന്നു. ഇതെല്ലാം മുന്‍കൂട്ടി കണ്ടറിഞ്ഞ് വേണ്ട സുരക്ഷാ, പുനരധിവാസ നടപടികളെടുക്കുന്നതില്‍ സംഭവിച്ച വീഴ്ച ആര് കണ്ണടച്ചാലും മറച്ചുവെക്കാനാകില്ല. പതിനാലാമത്തെയാളുടെ മൃതദേഹം പുറത്തെടുത്തപ്പോള്‍ പോലും മുഖ്യമന്ത്രി സ്ഥലത്തേക്ക് തിരിഞ്ഞുനോക്കിയില്ല. റവന്യൂമന്ത്രിയും ജില്ലയിലെ മന്ത്രി ടി.പി രാമകൃഷ്ണനും സ്ഥലത്തെത്തിയെങ്കിലും ഇത്രയും പേരുടെ മരണമുണ്ടായ സ്ഥലത്ത് എന്തുകൊണ്ട് മുഖ്യമന്ത്രിക്ക് ഒന്നെത്തിനോക്കാന്‍ പോലും തോന്നിയില്ലെന്നത് ജനാധിപത്യത്തിലെ ചോദ്യചിഹ്നമായി അവശേഷിക്കുന്നു. തിരുവനന്തപുരത്ത് സി.പി.എം കൗണ്‍സിലറെ മര്‍ദിച്ചുവെന്ന് കേട്ടപ്പോള്‍ ആസ്പത്രിയില്‍ ഓടിയെത്തിയ മുഖ്യമന്ത്രിയാണിതെന്ന് ഓര്‍ക്കുമ്പോഴാണ് ‘ഹാ കഷ്ടം’ എന്ന് നാം മൂക്കത്ത് വിരല്‍വെച്ച് പോകുന്നത്. സി.പി.എമ്മുകാര്‍ക്ക് വേണ്ടത്ര പിന്തുണയില്ലാത്ത പ്രദേശമാണ് കട്ടിപ്പാറയെങ്കിലും പഞ്ചായത്ത് ഭരണം ഇടതുപക്ഷത്തിനാണെന്നതെങ്കിലും മുഖ്യമന്ത്രിക്കും മറ്റും പരിഗണിക്കാമായിരുന്നു.
പശ്ചിമ ഘട്ട മലനിരകളില്‍ ഏറെ പരിസ്ഥിതിലോലമായ പ്രദേശമാണ് കട്ടിപ്പാറ ഉള്‍പെടുന്ന താമരശേരി വനമേഖല. ഇതിന് വലിയ അകലത്തല്ലാതെയാണ് സി.പി.എം പിന്തുണയുള്ള നിയമസഭാസാമാജികന്റെ നേതൃത്വത്തിലുള്ള വാട്ടര്‍തീം പാര്‍ക്ക് എന്നതാണ് നടേപറഞ്ഞ വിവേചനത്തിന്റെ കാരണം. കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്കിനെക്കുറിച്ചും നേരത്തെതന്നെ കേരളീയ സമൂഹത്തില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നതാണ്. അതിന്റെ തടാകം നിര്‍മിച്ചിരിക്കുന്ന ഭാഗത്താണ് ഇത്തവണ ഉരുള്‍പൊട്ടലുണ്ടായിരിക്കുന്നത്. കരിഞ്ചോലമലക്ക് മുകളിലും തടാകം നിര്‍മിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഏറെ വിവാദമായ കക്കാടംപൊയില്‍ വാട്ടര്‍തീം പാര്‍ക്ക് പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നതാണെന്ന പരാതിയാണ് നേരത്തെ ഉയര്‍ന്നിരുന്നതെങ്കില്‍ ഇപ്പോള്‍ അതിലുപരിയായി വ്യക്തമായിരിക്കുന്നത് ഉരുള്‍പൊട്ടലിനും പാര്‍ക്കിന്റെ നിര്‍മിതിക്ക് പങ്കുണ്ടെന്നാണ്. നിരവധി ക്വാറികളും ഈ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ക്വാറികളും മഴക്കുഴികളും തടാകങ്ങളും തടയണകളുമൊക്കെ മലകളുടെ മുകളില്‍ നിര്‍മിക്കുന്നത് താഴെ താഴ്ന്ന പ്രദേശങ്ങളിലും ചെരിവുകളിലും വസിക്കുന്ന ഹതഭാഗ്യരായ മനുഷ്യരുടെ ജീവനുകളാണ് കവര്‍ന്നെടുക്കുകയെന്ന് പരിസ്ഥിതി സ്‌നേഹികളും പ്രതിപക്ഷവും നേരത്തെതന്നെ ഉന്നയിച്ച വാദമുഖങ്ങള്‍ക്ക് ഇപ്പോള്‍ സാക്ഷ്യപത്രം ലഭിച്ചിരിക്കുകയാണ്. മുന്‍കാലത്തെല്ലാം പി.വി അന്‍വര്‍ എം.എല്‍.എയുടെ പരിസ്ഥിതിക്ക് ദോഷകരമായ നിര്‍മാണപ്രവര്‍ത്തനങ്ങളെ താലോലിച്ചിരുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഉരുള്‍പൊട്ടലുണ്ടായിട്ടും വിഷയത്തില്‍ നടപടിയെടുക്കാത്തത് കേവലമായ സാക്ഷ്യപത്രങ്ങളുടെ ഭാഗം പിടിച്ചാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നിര്‍മിച്ചിരിക്കുന്ന പാര്‍ക്കിന് പല വകുപ്പുകളുടെയും അനുമതി ലഭിച്ചിട്ടുള്ളത് നഗ്നമായ അധികാര ദുര്‍വിനിയോഗം മൂലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ ദുരന്തത്തിനുശേഷവും ഇതൊന്നും സമ്മതിച്ചുകൊടുക്കാന്‍ പോലും മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരോ തയ്യാറായിട്ടില്ല എന്നത് കേരളത്തിന്റെയാകെ ദുരന്തമായേ കരുതാനാകൂ. പ്രതിപക്ഷം വിഷയത്തില്‍ നിയമസഭയുടെ ശ്രദ്ധക്ഷണിച്ചിട്ടുപോലും അന്‍വറിന്റെ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ നാവനക്കാന്‍ പിണറായി വിജയന്‍ സഭയില്‍ തയ്യാറായില്ലെന്ന ്മാത്രമല്ല, അങ്ങനെയുണ്ടെങ്കില്‍ പരിശോധിക്കുമെന്ന ഒഴുക്കന്‍ മറുപടിയാണ് നല്‍കിയത്. പാര്‍ക്കിന് സ്റ്റോപ്പ്‌മെമ്മോ നല്‍കിയത് മാത്രമാണ് തിളച്ചുവന്ന ജനരോഷത്തെ തടഞ്ഞുനിര്‍ത്താനുള്ള സി.പി.എം ശ്രമം. ഇതുപക്ഷേ മലപോലെ വരുന്ന രോഷമാണെന്ന് അദ്ദേഹത്തിനും പാര്‍ട്ടിക്കും തിരിച്ചറിയാതെ പോകുന്നത് അധികാരത്തിന്റെ ശീതോഷ്മളതയില്‍ മയങ്ങുന്നതുകൊണ്ടാണ്. കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത യോഗത്തില്‍ പോലും ഇടതുപക്ഷത്തിന്റെ ധാര്‍ഷ്ട്യം ജനംകണ്ടു. സി.പി.എമ്മിന്റെ മറ്റൊരു സ്വതന്ത്ര എം.എല്‍.എ കാരാട്ട് റസാഖ് ഇരകളായ കുടുംബങ്ങളിലെ ആളുകളെ പോലും യോഗത്തില്‍ സംസാരിക്കാനനുവദിക്കാതിരുന്നതിലൂടെ ഇക്കാര്യം പൊതുസമൂഹത്തിന് ബോധ്യവുമായി. കട്ടിപ്പാറ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത് നാലുലക്ഷം രൂപയാണ്. ഇത് ഗണ്യമായി വര്‍ധിപ്പിച്ചേ തീരൂ. ആദ്യഘട്ടത്തില്‍ വെറും ഒരുലക്ഷം രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. മുന്‍കാലങ്ങളില്‍ ഇതുപോലൊരു ദുരന്തം ഉണ്ടാകുമ്പോള്‍ സര്‍ക്കാരും മന്ത്രിസഭയും സ്വീകരിക്കാറുള്ള ഊര്‍ജസ്വലതയും ആത്മാര്‍ത്ഥമായ നടപടികളും എന്തുകൊണ്ട് കോഴിക്കോട്ടെ കാര്യത്തിലുണ്ടായില്ലെന്നത് ഇടതുപക്ഷം വിശദീകരിക്കണം.

chandrika: