X

രാജ്യത്തിന്റെ ജീവശ്വാസം നിലനിര്‍ത്തണം

കെ. ആലിക്കുട്ടി മുസ്ലിയാര്‍

മുസ്‌ലിംകള്‍ക്ക് ജീവിക്കാന്‍ കൊള്ളാത്ത രാജ്യമാണ് ഇന്ത്യയെന്ന കണ്ടെത്തലുകളുമായി ചിലര്‍ നാടുവിട്ട വാര്‍ത്തയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഒരു മാധ്യമ ആഘോഷം. ചില പത്രക്കാര്‍ അവരെ ഐ.എസുമായും ബന്ധിപ്പിച്ചു. ഉത്തരവാദപ്പെട്ട അന്വേഷണ ഏജന്‍സികളാവട്ടെ ആദ്യം മൗനംകൊണ്ട് പുകമറയില്‍ നിര്‍ത്തുകയും പിന്നീട് കാടടച്ച് പൊയ്‌വെടി ഉതിര്‍ക്കുകയും ചെയ്തു. വസ്തുതകള്‍ അന്വേഷിച്ച് കണ്ടെത്തുന്നതിന് പകരം ചില നിക്ഷിപ്ത താല്‍പര്യക്കാരുടെ കയ്യിലെ പാവയായി ചില അന്വേഷണ ഏജന്‍സികളെങ്കിലും മാറി.ഇസ്‌ലാമോഫോബിയ പടര്‍ത്താന്‍ സയണിസം പടച്ചുണ്ടാക്കിയതാണെന്ന് ഒട്ടേറെ പഠനങ്ങള്‍ പറയുന്ന ഐ.എസ് ബന്ധം ആരോപിച്ച് വേട്ടയാടുന്നത് എല്ലാ അനീതികളെയും ന്യായീകരിക്കാനുള്ള എളുപ്പ വഴിയാണിപ്പോള്‍.

ഐ.എസ് കൊന്നൊടുക്കുന്നതും അതിന്റെ കെടുതികള്‍ അനുഭവിക്കുന്നതും മുസ്്‌ലിംകളാണെന്നതാണ് വസ്തുത. മദീനയിലെ വിശുദ്ധ മസ്ജിദുന്നബിയുടെ ചാരത്തുപോലും സ്‌ഫോടനം നടത്തിയ ഐ.എസ് ഇസ്്‌ലാമികമാണെന്ന് പറയുന്നതിന്റെ സാംഗത്യം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. സഊദിയുടെ നേതൃത്വത്തില്‍ മുസ്‌ലിം ലോകം ഒന്നടങ്കം നേര്‍ക്കുനേര്‍ യുദ്ധത്തിലേര്‍പ്പെട്ട ഐ.എസിന്റെ മനുഷ്യത്വ നടപടികളാണ് ലോകത്താകമാനമുള്ള മുസ്‌ലിം നൊമ്പരങ്ങളില്‍ പ്രധാനം. ഇസ്‌ലാമോഫോബിയ പടര്‍ത്തി മുതലെടുത്ത് നടത്താനുള്ള പ്രതീകമായി എതിരാളികള്‍ അതിനെ ഉപയോഗപ്പെടുത്തുന്നുണ്ട്.

 
15 കോടിയോളം വരുന്ന ലോകത്തെ രണ്ടാമത്തെ മുസ്്‌ലിം ഭൂരിപക്ഷ രാജ്യമായ ഇന്ത്യയില്‍ നിന്ന് ഐ.എസിലേക്ക് പോയതായി സംശയിക്കുന്ന റിപ്പോര്‍ട്ടില്‍ പോലും വിരലിലെണ്ണാവുന്നവരേയുള്ളൂ. ഇന്ത്യന്‍ മുസ്്‌ലിംകള്‍ ചരിത്രപരമായ ദശാസന്ധികളില്‍ നേടിയ ഉള്‍കരുത്താണ് ഇതിലൂടെ പ്രകടമാവുന്നത്. പ്രവാചക കാലത്തു തന്നെ ബഹുസ്വരതയുടെ ഈറ്റില്ലമായ ഇന്ത്യയിലെത്തിയ മാലിക് ദീനാറില്‍ തുടങ്ങി, ഹളര്‍മൗത്തില്‍ നിന്ന് സ്‌നേഹ സന്ദേശവുമായെത്തിയ സാദാത്തീങ്ങള്‍ വരെ ഊടും പാവും നല്‍കിയ ഇന്ത്യന്‍ മുസ്്‌ലിമിന് കേട്ടുകേള്‍വിയില്ലാത്ത പുതിയ വാദങ്ങളെ ഒരു മുഖ്യധാരാ സംഘടനയും ശരിവെച്ചില്ലെന്നതുമതി അക്കാര്യത്തിലെ നിലപാട് ബോധ്യപ്പെടാന്‍.

 
എന്നാല്‍, ഒറ്റപ്പെട്ട വ്യതിയാന വൈകല്യങ്ങളെ പോലും ഗൗരവത്തോടെയെടുക്കാന്‍ മുഖ്യധാരാ മുസ്്‌ലിം സംഘടനകളെല്ലാം ശ്രമിക്കുന്നുവെന്നതും കണ്ടേ മതിയാവൂ. തീവ്രവാദത്തിലേക്ക് വഴുതാനുള്ള സാധ്യതകളെയും പ്രകോപനങ്ങളെയും വ്യാമോഹങ്ങളെയും കൊട്ടിയടച്ച് ബഹുസ്വര സംസ്‌കൃതിയെ ഉദ്‌ഘോഷിച്ച് ഇന്ത്യന്‍ മുസ്‌ലിമിന് മുസ്‌ലിം സംഘടനകള്‍ ഒറ്റക്കും കൂട്ടായും ദിശാബോധം നല്‍കുമ്പോഴാണ് ചിലര്‍ ഇസ്്‌ലാമിക തീവ്രവാദത്തെ കൂരിരുട്ടില്‍ കരിമ്പൂച്ചയെ അന്വേഷിക്കുന്നപോലെ തെരയുന്നത്. ചില അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഭരണകൂട ഒത്താശയോടെ നടക്കുന്ന മുസ്‌ലിം വേട്ടക്ക് പിന്നില്‍ കൃത്യമായ അജണ്ടകളുണ്ട്. 1400 വര്‍ഷത്തോളമായി രാജ്യത്ത് ജീവിക്കുന്ന മുസ്‌ലിം സമാജമോ ഒമ്പത് പതിറ്റാണ്ടിലേറെയായി സംഘടന എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സമസ്തയോ തീവ്രവാദവും ഭീകരവാദവും പ്രചരിപ്പിച്ചതായി ഒരു ചെറു തെളിവുപോലും ആര്‍ക്കും നല്‍കാന്‍ കഴിയില്ലെന്ന് ഉറപ്പിച്ച് പറയാനാവും.

 
അസഹിഷ്ണുത കൊടികുത്തി വാഴുന്ന കാലത്ത് മൗലികാവകാശം ഹനിച്ചും ഏക സിവില്‍കോഡിലൂടെ മതത്തെ പിഴുതെറിയാനുള്ള ശ്രമങ്ങളും കരിനിയമങ്ങളും കാരാഗൃഹങ്ങളുമായി മാനസികവും കായികവുമായി ഇരകളാക്കപ്പെടുന്നത് മുസ്്‌ലിംകളും ദലിതുകളും ആദിവാസികളുമായ പാര്‍ശ്വവത്കരിക്കപ്പെട്ടവരാണ്. മുസ്‌ലിം വിരുദ്ധ കലാപങ്ങളും വ്യാജ ഏറ്റുമുട്ടലുകളും വേട്ടയാടലുകളും ആവര്‍ത്തിക്കുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ടവരെ കൂടുതല്‍ അരിക്കാക്കി ചൂഷണം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ന്യൂനപക്ഷങ്ങളെയും പിന്നാക്കക്കാരെയും ഭീതിപ്പെടുത്തിയും അസ്ഥിരപ്പെടുത്തിയും അവരുടെ പുരോഗതിക്ക് തുരങ്കം വെച്ചുമുള്ള ചെയ്തികള്‍.

 
നാലു വര്‍ഷം മുമ്പത്തെ നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം രാജ്യത്തെ ആകെ 1382 ജയിലുകളിലുള്ള 3,72,926 പേരില്‍ 75,053ഉം മുസ്‌ലിംകളാണ്. 22,943 (17. 8 ശതമാനം) മാത്രമാണ് ഇതില്‍ കോടതി ശിക്ഷ വിധിച്ചവര്‍. 51,206 മുസ്‌ലിംകളും വിചാരണത്തടവുകാരായി കഴിയുന്നു (ഏകദേശം 21.2 ശതമാനം പേര്‍). ഇപ്പോള്‍ അതിന്റെ തോത് ഇരട്ടിയായി വര്‍ധിച്ചതായാണ് പല പഠനങ്ങളും പറയുന്നത്. മൂന്നില്‍ രണ്ട് വിചാരണ തടവുകാരും കുറ്റപത്രമോ വിചാരണയോ ഇല്ലാതെയും നീണ്ടുനീണ്ടു പോകുന്ന വിചാരണ പ്രഹസനങ്ങളുടെയും തടവറയില്‍ എല്ലാ സ്വപ്‌നവും കരിഞ്ഞുണങ്ങി ഇരുട്ടില്‍ കഴിയുകയാണ്. ദേശീയ തലത്തില്‍ ചില സംസ്ഥാനങ്ങളില്‍ ഏതാനും വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അത്തരം പരിതസ്ഥിതി കേരളത്തിലേക്കുമെത്തിയിട്ടുണ്ട്.

 
ഇസ്്‌ലാം മത പ്രബോധകരില്‍ പലരെയും പൊലീസ് കാണുന്നത് കുറ്റവാളികളെ പോലെയാണ്. വസ്തുതാപരമായി യാതൊരു പിന്‍ബലവുമില്ലാതെ പലരുടെയും പേരില്‍ മത വിദ്വേഷമുണ്ടാക്കുന്ന പ്രസംഗം നടത്തി എന്ന കുറ്റാരോപണം നടത്തിയും ഭീകര പ്രസ്ഥാനങ്ങളോട് ചേര്‍ന്നു പ്രവര്‍ത്തിച്ചുവെന്നാരോപിച്ചും യു.എ.പി.എ ചുമത്തിയിട്ടുണ്ട്. മത വിദ്വേഷമുണ്ടാക്കുന്നതോ തീവ്രവാദത്തെയോ ഭീകരവാദത്തെയോ വളംവെക്കുന്നതോ ആയ ഒരു നീക്കവും അംഗീകരിക്കാന്‍ പാടില്ല. ബഹുസ്വര സമൂഹത്തില്‍ അത്തരം ചെയ്തികള്‍ രാജ്യത്തെ നിയമവ്യവസ്ഥക്ക് എതിരാണ് എന്നതിന് പുറമെ ഇസ്‌ലാമിക വിരുദ്ധവുമാണ്. പക്ഷെ, ഭീകരതക്കെതിരെ എന്ന പേരില്‍ വസ്തുതകള്‍ വളച്ചൊടിക്കാനും നിരപരാധികളെ കുടുക്കാനുമാണ് പൊലീസ് ശ്രമിക്കുന്നതെന്നത് വെറും ആരോപണമല്ല.

 
പല മുസ്‌ലിം പണ്ഡിതന്മാരുടെയും പേരില്‍ യു.എ.പി.എ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ ചുമത്താന്‍ പൊലീസ് കാണിക്കുന്ന അമിതാവേശം സംശയാസ്പദമാണ്. മുസ്‌ലിം സ്ഥാപനങ്ങള്‍ക്കെതിരായ നീക്കങ്ങളും ഇതിന്റെ തുടര്‍ച്ചയാണ്. ആത്മീയ-മത-ഭൗതിക വിദ്യാഭ്യാസങ്ങള്‍ സമന്വയിപ്പിച്ച് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ ശൃംഖലയാണ് പീസ് സ്‌കൂളുകള്‍. അവര്‍ ഇസ്്‌ലാമിക് സ്റ്റഡീസിന്റെ ഭാഗമായി പഠിപ്പിക്കുന്ന പാഠഭാഗങ്ങള്‍ വര്‍ഗീയതയും തീവ്രവാദവും വളര്‍ത്തുന്നു എന്നാണത്രെ പൊലീസ് ഭാഷ്യം.

എന്നാല്‍, സുതാര്യമായും വിവിധ മതങ്ങളില്‍ പെട്ട വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍കൊള്ളുന്നതുമായ ആ സംവിധാനത്തിലേക്ക് അന്യായമായി കടന്നുകയറി പുകമറ സൃഷ്ടിച്ചും കരിനിയമങ്ങളില്‍ പെടുത്തിയും വേട്ടയാടുന്നത് പ്രബുദ്ധ കേരളത്തിലാണ്. ജാമ്യം ലഭിക്കാത്ത വകുപ്പില്‍ പെടുത്തി കേസെടുത്ത പൊലീസ് തെളിവുണ്ടാക്കാന്‍ തത്രപ്പാടിലാണിപ്പോള്‍. പല പീസ് സ്‌കൂളുകളിലും കയറി അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഭീഷണിപ്പെടുത്തല്‍ തുടരുമ്പോള്‍ ആ സ്ഥാപനങ്ങളുടെ ഭാവി എന്താവുമെന്ന് ഊഹിക്കാം. കരിക്കുലത്തില്‍ അപാകതയുണ്ടെങ്കില്‍ അതില്‍ ഇടപെട്ട് തിരുത്തിക്കുന്നത് സ്വാഗതാര്‍ഹമാണെന്ന് ആ സ്ഥാപന അധികൃതര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

 

കേരളത്തിലെ പ്രമുഖ ഇസ്്‌ലാമിക പ്രബോധകന്‍ എം.എം അക്ബറിനെതിരായി പൊലീസ് തെറ്റായ കുറ്റാരോപണങ്ങള്‍ നടത്തിയിരിക്കുകയാണ്. അദ്ദേഹത്തിനെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ പൊലീസ് തന്നെ ശ്രമിക്കുവെന്ന ആരോപണം ഗൗരവതരമാണ്. സ്വതന്ത്രമായ മതപ്രബോധനം നടത്താന്‍ പോലും സാധിക്കാത്ത വിധത്തില്‍ അദ്ദേഹത്തെ സമ്മര്‍ദ്ദത്തില്‍ തളച്ചിരിക്കുന്നു. കേരള പൊലീസ് കേസ് കെട്ടിച്ചമച്ച് എന്‍.ഐ. എക്ക് കൈമാറുന്നതോടെ താന്‍ കുറ്റവാളിയല്ലെന്ന് തെളിയിക്കുന്ന സുദീര്‍ഘമായ കടമ്പയിലേക്ക് അദ്ദേഹം എടുത്തെറിയപ്പെടും. മഅ്ദനിയുള്‍പ്പെടെ ഒട്ടേറെ ഉദാഹരണങ്ങള്‍ തുറിച്ചു നോക്കുമ്പോള്‍ ഇക്കാര്യത്തില്‍ ആരുടെ അജണ്ടയാണ് നടക്കുകയെന്നത് എല്ലാവര്‍ക്കുമറിയാം.

 

ഒരു പാഠഭാഗത്തില്‍ സംശയാസ്പദമായ എന്തോ ഉണ്ട് എന്ന് ആരോപിച്ച് മുമ്പൊന്നും കേട്ടുകേള്‍വിയില്ലാത്ത കടുത്ത നിലപാടിലേക്ക് പൊലീസ് പോകുകയും കൊടും കുറ്റവാളികളെന്ന രൂപേണ വരിഞ്ഞ് മുറുക്കി ശ്വാസം മുട്ടിക്കുകയും ചെയ്യുമ്പോള്‍ ഇതിനൊരു മറുവശവുമുണ്ട്. കേരളത്തില്‍ വിവിധ സമുദായങ്ങളും മതങ്ങളും ഇതിലൊന്നും ഉള്‍പ്പെടാത്തവരും നടത്തുന്ന ഒട്ടേറെ സ്ഥാപനങ്ങളുണ്ട്. പക്ഷെ, അവിടെയൊന്നും പൊലീസ് എത്തി നോക്കുക പോലും ചെയ്യുന്നില്ല. അവിടെയും കയറി ഭീതി വിതക്കണമെന്നല്ല പറയുന്നത്.

എന്നാല്‍, ഒരു ഭാഗത്ത് മുസ്‌ലിം സ്ഥാപനങ്ങള്‍ക്കും പ്രബോധകര്‍ക്കുമെതിരെ അമിതാവേശത്തോടെ വെറും സംശയത്തിന്റെ പുകമറ തീര്‍ത്ത് ഇറങ്ങി പുറപ്പെടുന്നവരുടേത് ഇരട്ടത്താപ്പല്ലാതെ മറ്റെന്താണ്.പ്രകോപനപരമായി മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങളും ദേശദ്രോഹ പരാമര്‍ശങ്ങളുമായി വിഷലിപ്ത അന്തരീക്ഷം സൃഷ്ടിക്കുന്ന സംഘ്പരിവാര്‍ നേതാക്കളുടെ ചെയ്തികള്‍ കണ്ടില്ലെന്ന് നടിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിന്റെ അടിസ്ഥാനത്തില്‍ മുസ്്‌ലിം ന്യൂനപക്ഷം സ്ഥാപിച്ച് നടത്തുന്ന സ്ഥാപനങ്ങളെ വേട്ടയാടി ഉന്മൂലനം നടത്താനും അവരുടെ വിദ്യാഭ്യാസ സാമൂഹ്യ പുരോഗതി തടയാനുമുള്ള ആസൂത്രിത ശ്രമങ്ങള്‍ക്കെതിരെ യോജിച്ച മുന്നേറ്റം അനിവാര്യമാണ്.

 

പീസ് സ്‌കൂള്‍, എം.എം അക്ബര്‍ ഉള്‍പ്പെടെയുള്ള കരിനിയമത്തിന്റെ കരിനിഴലിലായ പ്രബോധകര്‍ എന്നിവരൊന്നും സമസ്തയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരല്ല. അവരുമായി ആശയപരമായി പല വിയോജിപ്പുകളുമുണ്ട്താനും. എന്നാല്‍, മുസ്്‌ലിം എന്ന പേരില്‍ അവര്‍ വേട്ടയാടപ്പെടുമ്പോള്‍ പൊതുധാരണയോടെ ചെറുക്കുകയെന്നതാണ് എല്ലാവരുടെയും കടമ. വൈദേശികാധിപത്യ കാലത്തും മുമ്പും പിമ്പുമെല്ലാം പൊതു ശത്രുവിനെതിരെ യോജിച്ച മുന്നേറ്റമുണ്ടായെന്നതാണ് നമ്മുടെ ചരിത്രം.

 

മമ്പുറം തങ്ങളും കോന്തുനായരും കുഞ്ഞായിന്‍ മുസ്‌ല്യാരും മങ്ങാട്ടച്ചനും സാമൂതിരിയും കുഞ്ഞാലി മരക്കാരും തുടങ്ങിയ കൂട്ടുകെട്ടുകള്‍ ഒറ്റപ്പെട്ടതല്ല. സമുദായത്തിന് അകത്തെയും പുറത്തെയും എല്ലാവരും പൊതു ലക്ഷ്യത്തില്‍ യോജിച്ചാല്‍ മാത്രമെ ബഹുസ്വരതയെന്ന രാജ്യത്തിന്റെ ജീവശ്വാസം നിലനിര്‍ത്താനാവൂ എന്നത് സാമാന്യ ബോധമുള്ള ആരും സമ്മതിക്കും. എല്ലാ പൗരന്മാരെയും ഒരേ കണ്ണോടെ കാണാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്. പ്രത്യേകിച്ചും 14 ശതമാനത്തോളം വരുന്ന എ.പി.ജെ അബുല്‍കലാമിന്റെ സമുദായത്തെ മാറ്റിനിര്‍ത്താനാവുമോ. രാജ്യത്തെ പൊതു സമൂഹം അതിന് സമ്മതിക്കില്ലെന്നതാണ് ചരിത്രം.
(സമസ്ത ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

chandrika: