X

വിദ്വേഷത്തിന്റെ കാഷായം

സ്വാമി വിവേകാനന്ദന്റെ കാവിയല്ല, ബി.ജെ.പിയിലെ യോഗി ആദിത്യനാഥ് മുതല്‍ സാക്ഷി മഹാരാജ് വരെയുള്ളവരുടെ കാവി. വിദ്വേഷത്തിന്റെ വിഷം കവിളില്‍ നിറച്ച് നടക്കുന്ന ഈ സംഘത്തെ സ്ഥലവും കാലവും നോക്കി വിന്യസിക്കുന്ന രീതിയാണ് ബി.ജെ.പിയുടേത്. മുക്താര്‍ അബ്ബാസ് നഖ്‌വിയെയും ഷാനവാസ് ഹുസൈനേയും പോലും ബേജാറിലാക്കുന്നതാണ് ഇവരുടെ വായ്‌നാറ്റം. നാലിന്റെയും നാല്‍പതിന്റെയും കഥ ആദ്യമായല്ല, സാക്ഷി മഹാരാജ് എന്ന സ്വയം പ്രഖ്യാപിത ആചാര്യന്‍ വിളമ്പുന്നത്.

ഏറ്റവും ഒടുവിലത്തേത് യു.പിയില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് ശേഷമായതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടുവെന്ന് മാത്രം.ചിലപ്പോഴെങ്കിലും അദ്ദേഹം പാകിസ്താനിലേക്കുള്ള റിക്രൂട്ടിങ് ഏജന്റാകും. മാട്ടിറച്ചി തിന്നുന്നവരെ, മതപരിവര്‍ത്തനം നടത്തുന്നവരെ എല്ലാം പാകിസ്താനിലേക്ക് അയക്കുമെന്ന് സാക്ഷി പ്രസ്താവിച്ചാലും രാജ്യത്തെ നിയമ സംവിധാനം അത് സഹിഷ്ണുതയോടെ കേള്‍ക്കും. കേസെടുത്ത് പൊല്ലാപ്പുണ്ടാക്കില്ല. എടുത്ത കേസുകള്‍ തന്നെ തെളിവില്ലെന്ന് കണ്ടെത്തി വിട്ടയക്കുകയായിരുന്നു. ചില്ലറ കേസുകളല്ല. കൊല, ബലാല്‍സംഗം തുടങ്ങിയവയാണ് കുറ്റങ്ങള്‍. ബി.ജെ.പി നേതാവും നിയമസഭാംഗവുമായ ബ്രഹ്മദത്ത ദ്വിവേദിയെ കൊല ചെയ്ത കേസില്‍ സാക്ഷി മഹാരാജിനെ അറസ്റ്റ് ചെയ്തതും കുറ്റപത്രം സമര്‍പിച്ചതുമാണ്.

തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. വിചാരണക്കാലത്ത് തിഹാര്‍ ജയിലില്‍ ഒരു മാസം കിടന്നതു മിച്ചം. മറ്റൊരു ബി.ജെ.പി പ്രവര്‍ത്തകയും സാക്ഷി തന്നെ നടത്തുന്ന കോളജിലെ പ്രിന്‍സിപ്പലും സാക്ഷിയുടെ ആശ്രമത്തിന്റെ അനുയായിയുമായ സുജാത വര്‍മ എന്ന സ്ത്രീയെയാണ് കാറില്‍ വെച്ച് മരുമക്കളുടെ സഹായത്തോടെ കൂട്ട ബലാല്‍സംഗം ചെയ്ത് വെടി വെച്ചു കൊന്നുവെന്നത്. ഇതിലും അറസ്റ്റും കുറ്റപത്രവും വിചാരണയുമൊക്കെയുണ്ടായി. തെളിവു മാത്രം കോടതിക്ക് കണ്ടെത്താനായില്ല. കൊല്ലപ്പെട്ട ദ്വിവേദി വാജ്‌പേയിയുടെ ഉത്തമ അനുയായിയായിരുന്നു. അതിനാല്‍ സാക്ഷിക്ക് പാര്‍ലിമെന്റിലേക്ക് സ്ഥാനാര്‍ഥിത്വം കൊടുക്കരുതെന്ന് വാജ്‌പേയി ശഠിച്ചു.

1991ല്‍ മഥുരയില്‍ നിന്നും 1996ലും 98ലും ഫാറൂഖാബാദില്‍ നിന്നും ലോക്‌സഭയിലെത്തിയ സാക്ഷിക്ക് 1999ല്‍ പാര്‍ട്ടി സ്ഥാനാര്‍ഥിത്വം നല്‍കിയില്ല. അതോടെ ‘ഭാജ്പാകാ കാല്‍ ഫൂന്‍’ എന്ന് ബി.ജെ.പിയെ തെറി പറഞ്ഞ് പുറത്തുപോയ സാക്ഷി സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരുകയും ഫാറൂഖാബാദില്‍ തന്നെ സ്ഥാനാര്‍ഥിയാവുകയും ചെയ്തു. പരാജയപ്പെട്ട ഇദ്ദേഹത്തെ രാജ്യസഭയിലേക്ക് അയച്ചത് മുലായംസിങാണ്. യാദവര്‍ക്ക് പിന്നാലെ പ്രബല പിന്നാക്ക ജാതിയായ ലോധ സമുദായത്തില്‍ നിന്ന് ജനസ്വാധീനമുള്ള ഒരാളെ മുലായത്തിന് വേണമായിരുന്നു.

 

എന്നാല്‍ വൈകാതെ കല്യാണ്‍സിങ് ബി.ജെ.പി വിട്ട് രാഷ്ട്രീയ ക്രാന്തി പാര്‍ട്ടി രൂപവത്കരിച്ചപ്പോള്‍ അതിന്റെ ഭാഗമായി. പിന്നീട് ആ പാര്‍ട്ടി ബി.ജെ.പിയില്‍ ലയിച്ചപ്പോള്‍ ബി.ജെ.പിയില്‍ തിരിച്ചെത്തി. 2007ല്‍ സോറോണില്‍ നിന്ന് നിയമസഭയിലേക്കും 2009ല്‍ ഫാറൂഖാബാദില്‍ നിന്ന് ലോക്‌സഭയിലേക്കും ആര്‍.കെ.പി സ്ഥാനാര്‍ഥിയായും 2012ല്‍ ഭൂഗാവില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയായും ജനവിധി തേടിയപ്പോള്‍ ആചാര്യന് കനത്ത തോല്‍വി ഏറ്റു വാങ്ങേണ്ടിവന്നു. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനം പതിനൊന്നാമതായിരുന്നു. 2014ല്‍ ഉനോയില്‍ നിന്ന് മോദി തരംഗത്തില്‍ വീണ്ടും ലോക്‌സഭയിലെത്തി.

ബാബ്‌രി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതിയായ ഇദ്ദേഹത്തിന് കേസും വിചാരണയും പുത്തരിയല്ല. 17 വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള സാക്ഷി മഹാരാജ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ നടത്തിപ്പുകാരനാണ്. അമ്പതിലേറെ ആശ്രമങ്ങളും ഉത്തരേന്ത്യയിലാകെ പരന്നു കിടക്കുന്നു. ആയുധധാരികളായ അംഗരക്ഷകര്‍ക്കൊപ്പം ശീതീകരിച്ച കാറില്‍ മാത്രം സഞ്ചരിക്കുന്ന ഈ ലോധാനേതാവ് എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടില്‍ അഴിമതി കാട്ടിയതിന് രാജ്യസഭ പുറത്താക്കിയ 11 പേരില്‍ ഒരാളാണ്. സ്വന്തം കോളജിന് എം.പി ഫണ്ടില്‍നിന്ന് 25 ലക്ഷം രൂപ നല്‍കിയതായി ജില്ലാ മജിസ്‌ട്രേറ്റ് കണ്ടെത്തി. ശ്രീ നിര്‍മല്‍ പഞ്ചായത്ത് അക്കാദയുടെ ജഗദ്ഗുരു ശങ്കരാചാര്യ പദവിക്ക് തുല്യമായ ആചാര്യ മഹാമണ്ഡലേശ്വര്‍ പദവി സ്വയം എടുത്തണിഞ്ഞതാണ്. ഡോക്ടര്‍ എന്ന് പേരിന്റെ കൂടെ കൊണ്ടുനടക്കുന്നു. പഞ്ചാബ് സര്‍വകലാശാലയില്‍ നിന്നാണത്രെ ഡോക്ടറേറ്റ്. ഇദ്ദേഹത്തിന്റെ നേതാവ് നരേന്ദ്രമോദിക്ക് തന്നെ ഏത് കോളജില്‍ പഠിച്ചുവെന്നു അറിയില്ലല്ലോ.

 

രാഹുല്‍ ഗാന്ധി മാട്ടിറച്ചി തിന്ന ശേഷം കേദാര്‍നാഥ് സന്ദര്‍ശിച്ചതാണ് നേപ്പാളിലെ ഭൂകമ്പ കാരണമെന്നും സൂര്യ നമസ്‌കാരത്തില്‍ പങ്കെടുക്കാത്തവര്‍ കടലില്‍ ചാടട്ടെ എന്നും മുഹമ്മദ് നബി ഏറ്റവും വലിയ യോഗാചാര്യനാണെന്നും പ്രസ്താവിച്ചപ്പോഴും ബി.ജെ.പി. വക്താക്കള്‍ അങ്കലാപ്പിലായി. മദ്രസകളെ തീവ്രവാദ പഠന കേന്ദ്രങ്ങളെന്ന് വിശേഷിപ്പിച്ച ഇദ്ദേഹം പാര്‍ലിമെന്റില്‍ വെച്ച് ഗോദ്‌സെ മഹാത്മാഗാന്ധിജിയെ പോലെ രാജ്യസ്‌നേഹിയാണെന്ന് പ്രസ്താവിച്ചത് വലിയ വിമര്‍ശനത്തിനിടയാക്കി.

 

ഹിന്ദു സ്ത്രീകള്‍ നാലു പെറണമെന്ന് നിര്‍ദേശിച്ച സാക്ഷി പക്ഷെ വിവാഹിതനല്ല. മുസ്‌ലിംകള്‍ നാലു കെട്ടി നാല്‍പത് കുട്ടികളെ സംഭാവന ചെയ്യുമ്പോള്‍ ഹിന്ദുക്കള്‍ നാലു പ്രസവിക്കുകയെങ്കിലും വേണമെന്നായിരുന്നു വിവാദ പ്രസംഗം. ജനസംഖ്യയെ കുറിച്ച് ഏറെ ആശങ്കപ്പെടുന്ന ഈ ഭീകര സന്യാസിമാരെല്ലാം വിഭാര്യരാണ്. ഈ പ്രക്രിയയില്‍ ഇവര്‍ക്കൊരു പങ്കുമില്ലെന്ന് വേണം കരുതാന്‍.

chandrika: