X

മണിമണിപോലെ ഉരുട്ടിക്കൊടുക്കപ്പെടും!


ജലീല്‍ കെ. പരപ്പന

ഞൊട്ടുക, ഉലത്തല്‍, മറ്റേപ്പണി, ഓ….,ത്ഫൂ, ഒറ്റപ്പെട്ട ..തുടങ്ങിയ വാക്കുകള്‍ മലയാള ഭാഷാനിഘണ്ടുക്കളില്‍ ഉണ്ടോ എന്ന് പൊലീസിനെപോലെ അരിച്ചുപെറുക്കി മഷിയിട്ടുനാക്കിയിട്ടും കണ്ടുകിട്ടിയിട്ടില്ല. കണ്ടവര്‍ അറിയിക്കണം. പുതിയതലമുറ മലയാളിക്കുവേണ്ടി നാട്ടുഭാഷാനിഘണ്ടു ഇറക്കുന്നതിലേക്കായാണ്. വണ്‍, ടു, ത്രീ..ഒക്കെ എല്‍..കെ.ജിക്കാരുടെ പുസ്തകത്തിലുണ്ട്. തല്‍ക്കാലം നമ്മുടെ വൈദ്യുതിവകുപ്പുമന്ത്രി മണിയാശാനെ ആശ്രയിക്കുകയാവും ഉചിതമെന്നുതോന്നുന്നു. അങ്ങോരുടെ ജില്ലയിലാണ് ഇക്കഴിഞ്ഞ ജൂണ്‍ 21ന് ഒരു പൗരനെ ഉലക്കകൊണ്ടിടിച്ചും ഉരുട്ടിയും കാന്താരിമുളക് പ്രയോഗിച്ചുമൊക്കെ ഇരട്ടച്ചങ്കുള്ള പൊലീസ് കാലപുരിക്കയച്ചത്. ഇതേക്കുറിച്ച് ചോദിക്കാന്‍ മൈക്കുമായി ചെന്ന ചാനലുകാരനോടാണ് മണിയാശാന്‍ ഷോക്കേറ്റതുപോലെ മേല്‍പ്രയോഗാദികള്‍ നടത്തിയത്.
താനിരിക്കുന്നിടത്ത് താനിരുന്നില്ലെങ്കില്‍ ഡാഷ് ചെന്നിരിക്കുമെന്ന പഴഞ്ചൊല്ലൊക്കെ മലയാളി മറന്നിരിക്കുന്ന സമയത്താണ് പുതിയ മണിപ്രവാളം. നമ്മുടെ പാവം പൊലീസുകാര്‍ക്ക് ഈ ഭാഷയൊന്നും അറിയത്തില്ലകേട്ടോ. അവര്‍ക്ക് ഒറ്റ ഭാഷയേ അറിയൂ- അടി, ഇടി, ഉഴിച്ചില്‍, പിഴിച്ചില്‍, ഉരുട്ടല്‍,പുരട്ടല്‍.. ഇത്യാദി ആയുര്‍വേദ ക്രിയകള്‍ മാത്രം. മുമ്പ് റാസ്‌കല്‍, ബാസ്റ്റാഡ് തുടങ്ങിയ ചില പദങ്ങള്‍ കേരള പൊലീസിന്റെ നിഘണ്ടുവിലുണ്ടായിരുന്നത് ഇപ്പോള്‍ പരിഷ്‌കരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് തായ്‌മൊഴിയാണ്. ഇപ്പോള്‍ പറഞ്ഞാല്‍ മനുഷ്യാവകാശകമ്മീഷനുണ്ട്. തമിഴ് സംസാരിക്കുന്ന കോലാഹലമേട് രാജ്കുമാറാണ് പൊലീസുകാര്‍ വെറുതെയൊന്ന് മദ്യപിക്കുമ്പോഴേക്കും മരിച്ചുവീണത്. പൊലീസിന് തമിഴ് അറിയാത്തതുകൊണ്ട് ചോദ്യംചെയ്യല്‍ ഒഴിവാക്കി. മദ്യപിച്ചതിനെ മര്‍ദിച്ചതാണെന്ന് ഭാഷയറിയാത്ത ചില ഭരണപക്ഷ വിരോധികളും പറഞ്ഞുണ്ടാക്കി. പ്രതിയെ ചോദ്യം ചെയ്യാന്‍ വീഡിയോയുടെയും ഒളിക്യാമറയുടെയും ഉലക്കയുടെയും തൈരു ചോറിന്റെയുമൊക്കെ സ്ഥാനത്ത് കയറും ചൂരലും കാന്താരിമളകുമൊക്കെയാണ് ഇപ്പോഴത്തെ ആംസ് ആന്റ്് അമ്യൂണിഷന്‍സ്. പെണ്ണായാലും ആണായാലും പ്രത്യേക പരിശീലനം സിദ്ധിച്ച വിദഗ്ധര്‍ സേനയിലുണ്ട്.
നെടുങ്കണ്ടം പൊലീസ്‌സ്റ്റേഷന്‍ മുറ്റത്ത് നല്ല ഒന്നാന്തരം പൊള്ളാച്ചി കാന്താരിമുളക് കൃഷി നടത്തുന്നത് എസ്.ഐ ഏമാന്റെ അച്ചിവീട്ടിലേക്ക് കൊണ്ടുപോകാനാണെന്ന് ധരിച്ചോ. സ്‌പെഷല്‍ മുളകു ചെടിയാണ്. ആശാന്‍ ആജ്ഞാപിക്കുമ്പോള്‍ മാത്രം മുളകുപ്രയോഗം തുടങ്ങിയേക്കണം. തെളിവ് മണിമണിയായി കിട്ടും. ഇതാണ് മൂന്നാംമുറ എന്ന് പണ്ടു പറഞ്ഞ കാന്താരിമുറ. ഏതായാലും മന്ത്രി ബാലനെ മാറ്റി മണിയാശാന് കേരളഭാഷാ ഇന്‍സ്റ്റിറ്റിറ്റിയൂട്ടിന്റെ (അത് മലയാളമല്ലകേട്ടോ) അധിക ചുമതലയോടെ ആഭ്യന്തരം, സാംസ്‌കാരിക വകുപ്പുകളുടെ ചുമതലകൂടി കൊടുക്കണം. പൊലീസിലെ സംഗീത സംവിധായകനെ വരുത്തി ഒരുപാട്ടു ട്രൂപ്പുമാകാം: പെരിയാറിന്‍ തീരത്ത്… ഇവിടുത്തെ പൊലീസാണ്, പോലീസ്… !

web desk 1: