X

ഫാറൂഖ് റൗസത്തുല്‍ ഉലൂം എഴുപത്തഞ്ചിന്റെ നിറവില്‍

പി. മുഹമ്മദ് കുട്ടശ്ശേരി
മൈസൂരിലെ വനനിബിഡമായ മലയില്‍ വിശാലമായ ഗുഹയില്‍ പ്രജ്ഞയറ്റ ഒരു കുറിയ മനുഷ്യന്‍ കിടക്കുന്നത് ഗിരിവാസികളുടെ ശ്രദ്ധയില്‍ പെട്ടു. അദ്ദേഹത്തെ താങ്ങിയെടുത്തു കൊണ്ടുപോയി മലയുടെ അടിവാരത്ത് ഒരു വീട്ടില്‍ കിടത്തി. ആത്മസിദ്ധിയുള്ള ഏതോ സന്യാസിയാണെന്ന ധാരണയില്‍ ജനം പുണ്യം നേടാന്‍ തടിച്ചുകൂടുകയായി. ജനശൂന്യമായ സ്ഥലത്ത് ഇടിഞ്ഞുപൊളിഞ്ഞ് പഴയ നമസ്‌കാര പള്ളിയിലേക്ക് അദ്ദേഹം താമസം മാറ്റി. അവിടെ ഭൂസ്വത്തുള്ള കുഞ്ഞാലിക്കുട്ടി ഹാജി എന്ന കര്‍ഷകന്‍ ഇദ്ദേഹത്തിന്റെ നിത്യസന്ദര്‍ശകനായി. അനുനയിപ്പിച്ചു മലപ്പുറത്തിനടുത്തുള്ള ആനക്കയത്തെ തന്റെ വീട്ടിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയി. ഈ സംഭവം കേരളത്തിലെ വിദ്യാഭ്യാസ നവോത്ഥാന രംഗത്ത് പുതിയ പ്രഭാതത്തിന്റെ തുടക്കമായിരുന്നു.
ആനക്കയത്ത് പ്രത്യക്ഷപ്പെട്ട ഈ അജ്ഞാത വ്യക്തിയാണ് പ്രഭാതത്തിന്റെ വിധാതാവ് എന്നര്‍ത്ഥമുള്ള പേരിന്റെ ഉടമയായ അബുസ്സബാഹ് അഹ്മദ് അലി. 1906ല്‍ തൃശൂര്‍ ജില്ലയിലെ ചാവക്കാട്ട് ജനിച്ച ഈ മഹല്‍വ്യക്തി നാട്ടിലെ അറബി ഇസ്‌ലാമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഈജിപ്തിലെ ലോക പ്രസിദ്ധമായ അല്‍ അസ്ഹര്‍ സര്‍വ്വകലാശാലയില്‍ ചേരുകയായിരുന്നു. പത്തു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി 1936ല്‍ ഇന്ത്യയിലേക്ക് മടങ്ങി കറാച്ചി, കല്‍ക്കത്ത, ബീഹാര്‍, മദ്രാസ് എന്നീ സ്ഥലങ്ങളില്‍ സേവനമനുഷ്ഠിച്ച് ഗുഹയില്‍ ഏകാന്തവാസം നടത്തി ആത്മീയ ശക്തി വര്‍ധിപ്പിക്കുകയായിരുന്നു.

 

1942ല്‍ ആനക്കയത്തെത്തിയ മൗലാനാ ആദ്യമായി അറബി ഭാഷാ പണ്ഡിതന്മാര്‍ക്ക് ഉപരിപഠനം നല്‍കാനായി റൗസത്തുല്‍ ഉലൂം എന്ന പേരില്‍ ഒരു അറബിക്കോളജും അതിന്റെ നടത്തിപ്പിനായി റൗസത്തുല്‍ ഉലൂം എന്ന പേരില്‍ ഒരു അസോസിയേഷനും രൂപീകരിച്ചു. 1944ല്‍ മഞ്ചേരിയിലേക്ക് മാറ്റിയ കോളജിന് 1945ല്‍ മദ്രാസ് യൂനിവേഴ്‌സിറ്റിയുടെ അഫ്‌ലിയേഷന്‍ ലഭിച്ചു. കേരളത്തില്‍ യൂനിവേഴ്‌സിറ്റിയുടെ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ അറബിക്കോളജ്. 1946ല്‍ മൗലാനാ അബുസ്സബാഹ് പ്രസിഡണ്ടായ അസോസിയേഷന്‍ കെ.എം സീതിസാഹിബ്, കെ.എം മൗലവി, രാജാ അബ്ദുല്‍ഖാദര്‍ ഹാജി, അഡ്വ. എം. ഹൈ ദ്രോസ്, ഹാജി അബ്ദുസ്സത്താര്‍ ഇസ്ഹാഖ് സേട്ട്, എം. കുഞ്ഞോയി വൈദ്യര്‍, പുനത്തില്‍ അബൂബക്കര്‍ തുടങ്ങിയവരെ ഉള്‍ക്കൊള്ളിച്ചു വികസിപ്പിച്ചു. സൊസൈറ്റി ആക്ട് അനുസരിച്ച് റജിസ്റ്റര്‍ ചെയ്തു.
1947ല്‍ ഫറോക്കിലെ പുളിയാളി അബ്ദുള്ളക്കുട്ടി ഹാജി അറബിക്കോളജിനായി 28 ഏക്കര്‍ ഭൂമി വഖഫ് ചെയ്തു. ഇവിടെ അറബിക്കോളജ് കെട്ടിടത്തിന്റെ പണി നടക്കുന്നതിനിടയില്‍ മുസ്‌ലിംകള്‍ക്ക് അറബി-മത വിദ്യാഭ്യാസം പോരെന്നും, അവരുടെ പുരോഗതിക്ക് ആധുനിക വിദ്യാഭ്യാസത്തിന് ഫസ്റ്റ് ഗ്രേഡ് കോളജ് അനിവാര്യമാണെന്നുമുള്ള ചിന്ത അബുസ്സബാഹില്‍ ഉടലെടുത്തു. ഈ ആശയത്തിന് റൗസത്തുല്‍ ഉലൂം അസോസിയേഷന്‍ പൂര്‍ണ അംഗീകാരവും നല്‍കി. 1948ല്‍ അറബിക്കോളജിനടുത്ത് തന്നെ ഫാറൂഖ് കോളജും സ്ഥാപിതമായി. തുടക്കത്തില്‍ റൗസത്തുല്‍ ഉലൂം ഫസ്റ്റ് ഗ്രേഡ് കോളജ് എന്നായിരുന്നു പേരെങ്കിലും പിന്നീട് മദ്രാസ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ലക്ഷ്മണ സ്വാമിയുടെ നിര്‍ദ്ദേശ പ്രകാരം സ്ഥലനാമവുമായി ചേര്‍ച്ചയുള്ള ഫാറൂഖ് എന്ന നാമം സ്വീകരിക്കുകയാണുണ്ടായത്. രണ്ടു കോളജുകള്‍ക്കുമായി വെവ്വേറെ മാനേജിങ് കമ്മിറ്റികള്‍ രൂപീകരിക്കുകയും റൗസത്തുല്‍ ഉലൂം അസോസിയേഷന്‍ ഉപരിസഭയായി തുടരുകയും ചെയ്തു.
ഇന്ന് അസോസിയേഷന്റെ കീഴില്‍ ഒമ്പത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു: അറബിക്കോളജ്, ഫാറൂഖ് കോളജ്, ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ട്രൈനിങ് കോളജ്, സി.ബി.എസ്.സി ഇം ഗ്ലീഷ് മീഡിയം സ്‌കൂള്‍, എജ്യുക്കേഷന്‍ സെ ന്റര്‍, ടീച്ചര്‍ ട്രൈ നിങ് ഇന്‍സ്റ്റിറ്റിയൂഷന്‍, എം.ബി. എ കോഴ്‌സ് നടത്തുന്ന മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍, എല്‍.പി സ്‌കൂള്‍. ഈ സ്ഥാപനങ്ങള്‍ നിലകൊള്ളുന്ന ക്യാമ്പസിന്റെ മധ്യത്തില്‍ മനോഹരമായ മസ്ജിദുല്‍ അസ്ഹറും. 1948ല്‍ ഈ പള്ളി നിര്‍മ്മിച്ച കെ. അവറാന്‍കുട്ടി ഹാജി ഇതിന്റെ നടത്തിപ്പിനായി വഖഫ് ചെയ്ത സ്വ ത്തിന്റെ ഇപ്പോഴത്തെ മുതവല്ലി പുത്രന്‍ കുഞ്ഞലവിയാണ്. കേരളത്തിന്റെ പൊതുവിലും മു സ്‌ലിം ന്യൂനപക്ഷത്തിന്റെ വിശേഷിച്ചും വിദ്യാഭ്യാസ പുരോഗതിയില്‍ ഈ സ്ഥാപനങ്ങള്‍ വഹിച്ചതും വഹിച്ചുകൊണ്ടിരിക്കുന്നതുമായ പങ്ക് അനിഷേധ്യമാണ്.

 

ഫാറൂഖ് കോളജ് ഇന്ന് നാക്ക് അംഗീകാരമുള്ള ഒരു അര്‍ധയൂനിവേഴ്‌സിറ്റിയായി ഉയര്‍ന്നിരിക്കുന്നു. കോളജ് കമ്മിറ്റി പ്രസിഡണ്ട് പി.കെ അഹ്മദും സെക്രട്ടറി കെ.വി കുഞ്ഞമ്മദ് കോ യയും മാനേജര്‍ അഡ്വ. എം. മുഹമ്മദും ട്രഷറര്‍ സി.പി കു ഞ്ഞിമുഹമ്മദുമാണ്. ഇരുപത് യു.ജി കോഴ്‌സും പതിനഞ്ച് പി.ജി കോഴ്‌സുമുള്ള വലിയ സ്ഥാപനം. അസോസിയേഷന്റെ പ്രഥമ സ്ഥാപനമായ റൗസത്തുല്‍ ഉലൂം അറബിക്കോളജ് ഇതിനകം നിരവധി അറബി ഭാഷാ പണ്ഡിതന്മാരെയും സാംസ്‌കാരിക നായകന്മാരെയും വാര്‍ത്തെടുത്തിട്ടുണ്ട്. അഡ്മിഷന്‍ റജിസ്റ്ററിലെ ആദ്യത്തെ പേരുകളില്‍ കോഴിക്കോട് വലിയ ഖാസി സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങളുടെ പേരുണ്ട്.

 

എഴുത്തുകാരനും ചിന്തകനുമായിരുന്ന ടി. മുഹമ്മദ്, സി.പി അബൂബക്കര്‍ മൗലവി, പ്രൊഫ. മങ്കട അബ്ദുല്‍ അസീസ്, എ.പി അബ്ദുല്‍ഖാദര്‍ മൗലവി തുടങ്ങിയവര്‍ മണ്‍മറഞ്ഞവരില്‍ ഉള്‍പ്പെടുന്നു. ജൂബിലി വര്‍ഷത്തില്‍ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍ ഡോ. മുസ്തഫാ ഫാറൂഖിയും മാനേജിങ് കമ്മിറ്റി പ്രസിഡണ്ട് പി.കെ അഹ്മദുമാണ്.അഫ്‌സലുല്‍ ഉലമാ കോഴ്‌സിന് പുറമെ അതിന്റെ പി.ജി കോഴ്‌സും, ബി.കോം വിത്ത് ഇസ്‌ലാമിക് ഫിനാന്‍സ്, ഫങ്ഷനല്‍ അറബിക് എന്നീ ഡിഗ്രി കോഴ്‌സുകളും സ്ഥാപനം നടത്തുന്നു. വിദ്യാര്‍ത്ഥികളെ ആദര്‍ശനിഷ്ഠയും അച്ചടക്കബോധവുമുള്ളവരായി വളര്‍ത്തുന്നതില്‍ സ്ഥാപനം പ്രത്യേകം ശ്രദ്ധിക്കുന്നു. സാമ്പത്തിക ശേഷിയില്ലാത്ത കുട്ടികള്‍ക്ക് സ്‌കോളര്‍ഷി പ്പ് നല്‍കുന്നുണ്ട്.
കെ.വി കുഞ്ഞമ്മദ്‌കോയ പ്രസിഡണ്ടായുള്ള റൗസത്തുല്‍ ഉലൂം അസോസിയേഷനില്‍ ഇ പ്പോ ള്‍ പി.വി അബ്ദുല്‍വഹാബ്, ഗള്‍ഫാര്‍ മുഹമ്മദലി, ആസാദ് മൂപ്പന്‍ തുടങ്ങി എഴുപത് അംഗങ്ങളുണ്ട്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്നതും പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും പരിപാടികള്‍ക്കും സാക്ഷിയാകുന്നതുമായ ഡൈമണ്ട് ജൂബിലിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് ക്യാ മ്പസില്‍ ജാമി അമില്ലിയ്യ ഇസ്‌ലാമിയ്യ വൈസ് ചാന്‍സലര്‍ ഡോ. തലത്ത് അഹ്മദ് നിര്‍വഹിക്കും.

chandrika: