X

ജീവിതം പുസ്തകമാക്കിയ അയ്യങ്കാളി

യു.സി രാമന്‍

മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനം കടന്നു പോവുമ്പോള്‍ ആ അത്ഭുത മനുഷ്യനെ ഓര്‍ത്തെടുക്കാന്‍ അദ്ദേഹം രചിച്ച പുസ്തകങ്ങളൊന്നും തന്നെയില്ലെങ്കിലും സാഗരങ്ങളെല്ലാം മഷിയാക്കിയാലും എഴുതി തീര്‍ക്കാനാവാത്തത്ര ആശയങ്ങളും ചിന്തകളും ജീവിതത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും സാധുജന പരിപാലന സംഘം എന്ന സംഘടനയിലൂടെയും മനുഷ്യകുലത്തിന് സംഭാവന ചെയ്താണ് അദ്ദേഹം കടന്നുപോയതെന്ന് മനസിലാക്കാന്‍ കഴിയും. ഒരു പുസ്തകം പോലും എഴുതാതെ പോയ മഹാത്മാ അയ്യങ്കാളിയുടെ നാല്‍പതോളം ജീവചരിത്ര കൃതികള്‍ മലയാളത്തിലിന്നും ലഭ്യമാണ് എന്നതും ശ്രദ്ധേയമാണ്. അതൊക്കെ തന്നെയാണ് അദ്ദേഹത്തെ മഹാത്മാവാക്കിയതും.
ഇന്നത്തെ ലോക സാമൂഹിക വ്യവഹാരങ്ങളും സംഭവ വികാസങ്ങളും പരിശോധിച്ചാല്‍ മഹാത്മാ അയ്യങ്കാളിയുടെ ജീവിതവും പ്രവര്‍ത്തന മാതൃകകളും ഈ അത്യാധുനിക കാലഘട്ടത്തിലും ഏറെ പ്രശസ്തവും ഗവേഷണ യോഗ്യവുമാണെന്ന് കാണാന്‍ കഴിയും. ലോകത്താകെയുള്ള വിവേചനങ്ങള്‍ പരിശോധിച്ചാല്‍ അത് ഭാഷയുടെയും വര്‍ണ്ണത്തിന്റെയും വര്‍ഗത്തിന്റെയും മതത്തിന്റെയും ജാതിയുടെയും ഉപജാതിയുടെയും ലിംഗത്തിന്റെയും അങ്ങനെയങ്ങനെ ബഹുവിധത്തിലാണ്. ഇത്തരത്തിലുള്ള വിവേചനങ്ങളെല്ലാംതന്നെ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ ഇന്നും അതിന്റെയെല്ലാ സ്വരൂപങ്ങളെയും ഉയര്‍ത്തിത്തന്നെ നിലനില്‍ക്കുന്നുവെന്നത് സൂചിപ്പിക്കുന്നത് അതൊക്കെ മനുഷ്യന്റെ മനസുകളെയും ജീവിത ക്രമത്തെയും എത്ര ആഴത്തിലാണ് സ്വാധീനിച്ചിരിക്കുന്നത് എന്നതാണ്. ട്രംപിന്റെ പുതിയ അമേരിക്കയില്‍ നിരന്തരമായും ട്രംപിന് മുമ്പുള്ള അമേരിക്കയില്‍ ഇടക്കിടെയുമെല്ലാം ഇത്തരത്തിലുള്ള കോമരങ്ങളുടെ നിറഞ്ഞാടല്‍ നടന്നുകൊണ്ടിരിക്കുന്നു. അതിനെല്ലാം കാരണമായി മാറുന്നത് ചിലരില്‍ നിന്ന് മറ്റു ചിലര്‍ക്ക് ജന്മനാതന്നെ ഔന്നത്യമുണ്ടെന്ന മിഥ്യാബോധമാണ്. ആ മിഥ്യാബോധം ഭൗതിക വിദ്യാഭ്യാസം കൊണ്ടോ വിവര സാങ്കേതിക വിദ്യ കൊണ്ടോ മാറ്റാന്‍ കഴിയുന്നതല്ലെന്നും അടിച്ചമര്‍ത്തപ്പെട്ടവന്റെ സ്വയമായുള്ള ഉയര്‍ന്നുവരലിലൂടെ മാത്രമേ അതില്ലാതാക്കാനാവുകയുള്ളൂവെന്നുമുള്ള അയ്യങ്കാളിയുടെ ജീവിത പാഠം തന്നെയാണ് ഇവിടെയും ഇന്നും പ്രസക്തമാവുന്നത്.
ശ്രുതിയും മനുസ്മൃതിയും ഭരണഘടനയായി അംഗീകരിച്ചു കൊണ്ട് ഇന്ത്യയില്‍ തന്നെ സവര്‍ണ ഭരണത്തിന്റെ ഏറ്റവും വലിയ ഇടമായിരുന്ന തിരുവിതാംകൂര്‍ രാജ്യത്തില്‍ വെള്ളക്കാളകളെ പൂട്ടിയ വില്ലുവണ്ടിയില്‍ തെരുവിലൂടെ വെളുത്ത വസ്ത്രധാരിയായി ജൈത്രയാത്ര നടത്തിയതിലൂടെ മഹാത്മാ അയ്യങ്കാളി കാണിച്ചു തന്ന മാതൃക തന്നെയാണ് എല്ലാ കാലത്തും പ്രസക്തം. തന്റെ വ്യക്തിപരമായ പ്രവര്‍ത്തന ശൈലിയിലൂടെയും മൂന്ന് പതിറ്റാണ്ട് കാലം നേതൃത്വം കൊടുത്ത സാധുജന പരിപാലന സംഘം എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളിലൂടെയും ലോകത്തെ അനീതിക്കും അസമത്വത്തിനും വിവേചനങ്ങള്‍ക്കുമെതിരായി പോരാട്ടം നടത്തുന്ന ലോകത്തെ എല്ലാ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും കൃത്യമായ മാര്‍ഗദര്‍ശനമാണ് അദ്ദേഹം നല്‍കിയത്. കാലം കഴിയുന്തോറും അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ക്ക് പ്രസക്തി ഏറിയേറി വരികയാണ്. അതുകൊണ്ട് തന്നെയാവാം അദ്ദേഹത്തെ മഹാത്മാ അയ്യങ്കാളിയെന്ന് വിളിക്കുന്നതും. 1893 ലെ വില്ലുവണ്ടി സമരത്തിന്റെ തുടര്‍ച്ചയായി അയ്യങ്കാളിപ്പടക്ക് രൂപം കൊടുക്കുകയും തമിഴ്‌നാട്ടില്‍നിന്ന് പ്രത്യേക പരിശീലകരെയെത്തിച്ച് അഞ്ച് വര്‍ഷത്തോളം നിരന്തര പരിശീലനത്തിലൂടെ നായര്‍ പട്ടാളത്തെ നേരിടാന്‍ പ്രാപ്തരാക്കുകയും 1898 ല്‍ സവര്‍ണ രാജ നിയമങ്ങളെ പരസ്യമായി വെല്ലുവിളിച്ചു ബാലരാമപുരം തെരുവിലൂടെ മഹാത്മാവിന്റെ തന്നെ നേതൃത്വത്തില്‍ സായുധ പദയാത്ര നടത്തുകയും ചെയ്തതിന് ശേഷമാണ് സാധുജന പരിപാലന സംഘം എന്ന സംഘടന രൂപീകരിക്കുന്നത്. അയിത്തം തൊട്ടുകൂടായ്മ എന്നിവയില്ലാതാക്കാനും തന്റെ സഹോദരങ്ങള്‍ക്ക് സ്‌കൂളില്‍ പോകാനും പൊതുവഴിയിലൂടെ സഞ്ചരിക്കാനും നിയമ പരിരക്ഷക്കായി കോടതികളെ സമീപിക്കാനും ആശുപത്രിയില്‍ ചികിത്സ ലഭിക്കാനുംവേണ്ടിയാണ് അയ്യങ്കാളി ഇതൊക്കെ ചെയ്തത്. തന്റെ ജീവിതവും പോരാട്ടങ്ങളും ഒരു സമൂഹത്തിന്റെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യങ്ങള്‍ക്കുമായി സമര്‍പ്പിക്കുകയും പിന്നീടത് ലോകത്തെ തന്നെ സമാന അവസ്ഥകള്‍ക്ക് ഉത്തമവും ഉന്നതവുമായ മാതൃകയാവുന്നതുമാണ് അദ്ദേഹത്തെ മനസിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ആദ്യം കണ്ടെത്താന്‍ കഴിയുന്നത്.
വിവേചനങ്ങളും ജാതി വെറിയും കേരളത്തില്‍ പോലുമിന്നും പൂര്‍ണമായി മാറിപ്പോയിട്ടില്ലെന്നതാണ് ഏറ്റവും ഗുരുതരമായ വസ്തുത. ദുരഭിമാന കൊലകളും അവര്‍ണന്റെ കുഞ്ഞുങ്ങളെ കൊല്ലുന്നതും മാനഭംഗപ്പെടുത്തുന്നതും കെട്ടിയിട്ടാക്രമിക്കുന്നതും നിത്യ വാര്‍ത്തകളാവുന്നതും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നതും വാളയാറിലടക്കം കണ്ടത് പോലെ പ്രതികള്‍ സ്വതന്ത്ര വിഹാരം നടത്തുന്നതും പ്രബുദ്ധരെന്ന് സ്വയം വിശേഷിപ്പിക്കുന്നവരായ നമ്മുടെ നാട്ടിലാണ്. മാറിയ ഫാസിസ്റ്റ് കാലത്തെ ഇന്ത്യന്‍ ഗ്രാമങ്ങളുടെയും തെരുവുകളുടെയും കഥ പറയാതിരിക്കുന്നതാണുചിതം. ഓരോ മണിക്കൂറിലും നിരവധി കേസുകളാണ് പുറത്ത്‌വന്നുകൊണ്ടിരിക്കുന്നത്. അതിലെത്രയോ മടങ്ങ് പുറത്ത്‌വരാത്തതായുമുണ്ട്. വര്‍ത്തമാനകാല ലോകത്ത് ഏറെ ഗൗരവത്തില്‍ പഠനത്തിനും ഗവേഷണത്തിനും വിധേയമാക്കേണ്ട അത്യപൂര്‍വ വ്യക്തിത്വത്തിനുടമയായ മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി അനുവദിച്ച 502 കോടിയില്‍ ഒരു രൂപ പോലും ചിലവഴിക്കാതെ പാഴാക്കിയ വാര്‍ത്ത മനസിനെ അലട്ടുകയും പട്ടിക ജാതിക്കാരനായ കൊടിക്കുന്നില്‍ സുരേഷ് പാര്‍ലിമെന്റിലെ പ്രവര്‍ത്തനം ഇരുപത്തി അഞ്ച് വര്‍ഷം തികച്ച വാര്‍ത്ത മനസിന് കുളിര്‍മയേകുകയും ചെയ്യുന്നുവെന്നതാണ് കേരള സാഹചര്യത്തിലുള്ള അനുഭവം.
(ദലിത് ലീഗ് സംസ്ഥാന കമ്മറ്റി പ്രസിഡന്റ്ാണ് ലേഖകന്‍)

web desk 3: