X

പെരിയ ഇരട്ടക്കൊലക്കേസിലെ സി.ബി.ഐ അന്വേഷണം

യൂനുസ് അമ്പലക്കണ്ടി

ചീഫ് ജസ്റ്റിസ് എസ്.മണി കുമാര്‍, ജസ്റ്റിസ് സി.ടി രവികുമാര്‍ എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 2020 ആഗസ്ത് 25 ന് പെരിയ ഇരട്ടക്കൊലപാതക കേസില്‍ സി.ബി.ഐ അന്വേഷണം തുടരാന്‍ ഉത്തരവിട്ടതിലൂടെ പിണറായി സര്‍ക്കാറിന്റെ കരണത്താണ് പ്രഹരമേറ്റത്. ജനപക്ഷത്തു നില്‍ക്കേണ്ട സര്‍ക്കാര്‍ കൊലപാതകികളുടെ സംരക്ഷണമേറ്റെടുത്ത് സാമാന്യ ബോധത്തെയും നിയമവ്യവസ്ഥയേയും വെല്ലുവിളിച്ച് നാണംകെട്ട നാള്‍വഴികള്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്നതായിരുന്നു. അതിക്രൂരമായി രണ്ടു ചെറുപ്പക്കാര്‍ വെട്ടിനുറുക്കപ്പെട്ടപ്പോള്‍ വിതുമ്പിയ കേരളീയ മന:സ്സാക്ഷിയെ കൊഞ്ഞനംകുത്തുകയായിരുന്നു ഇടതു സര്‍ക്കാര്‍. എന്തു വിലകൊടുത്തും പ്രതികളെ രക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങിയ കേരള സര്‍ക്കാര്‍ നിര്‍ലജ്ജം അതിനു സ്വീകരിച്ച വഴികള്‍ ചരിത്രത്തിലെ കറുത്ത പാടുകളായി അവശേഷിക്കും.
2019 ഫെബ്രുവരി 17ന് രാത്രിയാണ് കാസര്‍കോട് ജില്ലയിലെ പെരിയയിലെ കണ്ണാടിപ്പാറയില്‍ വെച്ച് കല്യോട്ടെയൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലും കൃപേഷും കമ്യൂണിസ്റ്റ് കാപാലികരാല്‍ വധിക്കപ്പെടുന്നത്. പിടിയിലായ പതിനാലു പ്രതികളും സി.പി.എമ്മിന്റെ നേതാക്കളോ പ്രവര്‍ത്തകരോ അനുഭാവികളോ ആണ്. തുടക്കം മുതല്‍ കേസ് വഴിതിരിച്ചുവിടാനും യഥാര്‍ത്ഥ പ്രതികളെ രക്ഷിച്ചെടുക്കാനും കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ഭരണകൂടവും പൊലീസും നടത്തിയതെന്ന് വ്യക്തമാണ്. ലോക്കല്‍ പൊലീസും പിന്നീട്‌വന്ന ക്രൈം ബ്രാഞ്ചും കൊലചെയ്യപ്പെട്ടവര്‍ക്ക് നീതി നല്‍കുന്നതിനല്ല പ്രാമുഖ്യം നല്‍കിയത്. പ്രതികള്‍ക്ക് പുറത്തുവരാനുള്ള പഴുതുകളുണ്ടാക്കുന്നതിലായിരുന്നു അവരുടെ വ്യഗ്രതയെന്ന ആക്ഷേപം കുടുംബം ഉന്നയിച്ചത് അതിനാലാണ്. സി.പി.എമ്മുകാര്‍ പ്രതികളായ കേസില്‍ അവര്‍ ഭരിക്കുന്ന സര്‍ക്കാറില്‍നിന്നോ അവരുടെ നിയന്ത്രണത്തിലുള്ള അന്വേഷണ ഏജന്‍സികളില്‍ നിന്നോ നീതി പ്രതീക്ഷിക്കാതെ വന്നപ്പോഴാണ് കുടുംബം ഹൈക്കോടതിയില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി ഫയല്‍ ചെയ്യുന്നത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ഹരജി പരിഗണിച്ച് 2019 സെപ്തംബര്‍ 30 ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസ് സി.ബി.ഐക്ക് വിട്ടു. 2019 ഒക്ടോബര്‍ 29 ന് പതിമൂന്ന് പ്രതികളെ ഉള്‍പ്പെടുത്തി എറണാകുളം സി.ജെ. എം കോടതിയില്‍ സി.ബി.ഐ പ്രഥമ വിവര റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. വിചിത്രമെന്ന് പറയട്ടെ അതിനിടയിലാണ് കേരള സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്ത് അപ്പീല്‍ നല്‍കുന്നത്. അതോടെ പ്രതീക്ഷയോടെവന്ന സി.ബി.ഐ അന്വേഷണം നിലച്ചു. ഈ അപ്പീലില്‍ തങ്ങള്‍ക്കനുകൂലമായ വിധിക്കായി സര്‍ക്കാര്‍ അനുവര്‍ത്തിച്ച നയനിലപാടുകള്‍ തീര്‍ത്തും പരിഹാസ്യമായിരുന്നു.
കോടിയില്‍ പരം രൂപ ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്നും സംസ്ഥാന ഗവണ്‍മെന്റ് ഇതിനായി ചെലവഴിച്ചുവെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. സ്വാഭാവികമായും ഒരു ജനപക്ഷ സര്‍ക്കാര്‍ കാണിക്കേണ്ട സാമാന്യ മര്യാദയുടെ അയലത്തുപോലും ഭരണ വര്‍ഗം നിന്നില്ല. പ്രതികളെ പരസ്യമായി ചേര്‍ത്തുപിടിക്കുന്ന നിന്ദ്യമായ സമീപനമാണ് ഭരണകൂടത്തില്‍ നിന്നുണ്ടായത്. 88 ലക്ഷം രൂപയാണ് അഭിഭാഷകര്‍ക്ക് മാത്രമായി സര്‍ക്കാര്‍ നല്‍കിയയതത്രെ. ബി.ജെ.പി സഹയാത്രികരായ സുപ്രീംകോടതിയിലെ അഭിഭാഷകരേയാണ് കേസ് വാദിക്കാന്‍ നിയോഗിച്ചിരുന്നത്. കേസില്‍ ഒരു തവണ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാറിനു ഫീസായി നല്‍കിയത് 25 ലക്ഷം രൂപയാണ്. ഒന്നാം മോദി സര്‍ക്കാറിന്റെ കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്ന മനീന്ദര്‍ സിങിനു മൂന്നു തവണ ഹാജരായതിനു നല്‍കിയതാവട്ടെ 60 ലക്ഷം രൂപയും. അദ്ദേഹത്തിന്റെ ജൂനിയര്‍ പ്രഭാസ് ബജാജിനു മൂന്നു ലക്ഷം രൂപയും നല്‍കി. ഇത് സുപ്രീംകോടതിയിലെ വക്കീലുമാര്‍ക്ക് മാത്രം നല്‍കിയതിന്റെ കണക്കാണ്. ഒരു കോടി 85 ലക്ഷം രൂപ ഹൈക്കോടതിയില്‍ നിയോഗിച്ച അഭിഭാഷകര്‍ക്ക് മാത്രമായി സര്‍ക്കാര്‍ ഖജനാവില്‍നിന്നും നല്‍കിയെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചത്. സര്‍ക്കാറിനുവേണ്ടി കേസ് വാദിക്കാന്‍ കഴിവും പ്രാപ്തിയുമുള്ള അനേകം അഭിഭാഷകരെ ലക്ഷങ്ങള്‍ ശമ്പളം നല്‍കി നിയമിച്ച ഒരു സംസ്ഥാനത്താണ് മുടന്തന്‍ ന്യായങ്ങള്‍ നിരത്തി പ്രതികളെ രക്ഷപ്പെടുത്താനും പാര്‍ട്ടിയെ സംരക്ഷിക്കാനും മാത്രം ഒരു ജനാധിപത്യ സര്‍ക്കാര്‍ വഴിവിട്ട നീക്കം നടത്തിയത്.
എന്നാല്‍ കേസില്‍ സത്യസന്ധമായ അന്വേഷണം നടക്കണമെന്നും അന്വേഷണത്തിലെ അപാകതകള്‍ ആത്യന്തികമായി നീതി നിഷേധത്തിനാണ് കാരണമാവുകയെന്നും നിരീക്ഷിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാറിന്റെ വാദങ്ങളെ നിരാകരിക്കുകയും സി.ബി. ഐ അന്വേഷണം തുടരാന്‍ ഉത്തരവിടുകയുമാണ് ചെയ്തത്. അന്വേഷണം നടത്തി സി.ബി. ഐ തയ്യാറാക്കുന്ന ഫയലും നേരത്തെ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടും വിചാരണക്കോടതി പരിഗണിച്ച് തുടര്‍നടപടിയുണ്ടാവണമെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഏറെ ശ്രദ്ധേയമായ വിധി. സി.ബി.ഐക്ക് കേസ് ഡയറി കൈമാറാതെയും അന്വേഷണത്തോട് സഹകരിക്കാതെയും ശുഭപ്രതീക്ഷയോടെ കഴിഞ്ഞ ഒമ്പതു മാസമായി കാത്തുനിന്ന സര്‍ക്കാറിനും അന്വേഷണ സംഘത്തിനും ഹൈക്കോടതിയുടെ വിധി കനത്ത ആഘാതമായി. അതുകൊണ്ടുതന്നെ മകന്‍ കമ്യൂണിസ്റ്റുകാരാല്‍ കൊലചെയ്യപ്പെടുന്നത്‌വരെ സി.പി.എമ്മിന്റെ പ്രവര്‍ത്തകനായിരുന്ന കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ പറഞ്ഞത് പോലെ അപ്പീലുമായി ഖജനാവില്‍നിന്ന് കോടികള്‍ ചെലവഴിച്ച് പിണറായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോയാലും അത്ഭുതപ്പെടാനില്ല. പെരിയ കേസ് ഉള്‍െപ്പടെ സി.പി.എം പ്രതിസ്ഥാനത്തുള്ള നാലു രാഷ്ട്രീയ കൊലപാതക കേസുകളാണ് ഈ മേഖലയിലിപ്പോള്‍ സി.ബി.ഐ അന്വേഷിക്കുന്നതെന്നോര്‍ക്കണം. എം.എസ്.എഫ് നേതാവായിരുന്ന അരിയില്‍ ശുക്കൂര്‍ വധം,തലശ്ശേരിയിലെ ഫസല്‍ വധം, കതിരൂര്‍ മനോജ് വധം എന്നീ കിരാതമായ കൊലപാതക കേസുകള്‍ സി.ബി. ഐ അന്വേഷിച്ചുവരികയാണ്.
സര്‍ക്കാറിന്റെ ആജ്ഞാനുവര്‍ത്തികളായി ക്രൈംബ്രാഞ്ച് മാറുന്ന ദയനീയ കാഴ്ചയാണ് ഇയ്യിടെയായി കണ്ടുകൊണ്ടിരിക്കുന്നത്. എട്ടും പൊട്ടും തിരിയാത്ത പിഞ്ചു ബാലിക ബി.ജെ.പി നേതാവായ അധ്യാപകനാല്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട പാലത്തായി കേസിലെ ദുരവസ്ഥ സമൂഹ മാധ്യങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഇരയുടെ നീതിക്ക് പകരം പ്രതിയുടെ പ്രീതി മാത്രമായിരുന്നു അന്വേഷണ സംഘത്തിനാവശ്യം. ഏറെ ഒച്ചപ്പാടുകള്‍ക്ക്‌ശേഷം ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്ത് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ ഞെട്ടിക്കുന്ന ഉള്ളടക്കം പുറത്തുവന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും സഹപാഠിയുടെ വെളിപ്പെടുത്തലുംപ്രതിക്കെതിരെയുള്ള സുപ്രധാന തെളിവാണ്. വൈരുധ്യമെന്ന് പറയട്ടെ കുറ്റപത്രത്തോടൊപ്പം ഇതു രണ്ടുമില്ല. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരയുടെ മാതാവ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പരിഗണിച്ചപ്പോള്‍ അവിടെയും പ്രതിയുടെ പക്ഷത്താണ് അന്വേഷണ സംഘം നിലയുറപ്പിച്ചത്. ജാമ്യം റദ്ദാക്കേണ്ടതില്ല എന്നു പറഞ്ഞ ക്രൈംബ്രാഞ്ച് ഇരയായ പെണ്‍കുട്ടിയെ മോശമായി ചിത്രീകരിക്കുക പോലും ചെയ്തു.
കൊലപാതകമായാലും പീഡനമായാലും മുഖം നോക്കാതെയുള്ള നടപടികളുണ്ടായാലേ ഇത്തരം കൃത്യങ്ങള്‍ആവര്‍ത്തിക്കപ്പെടാതിരിക്കുകയുള്ളൂ. എന്നാല്‍ മറിച്ചാണ് സംഭവിക്കുന്നത്. തിരുവനന്തപുരത്തെ വെഞ്ഞാറമൂട്ടില്‍ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ രണ്ടു യുവാക്കള്‍ കൊല ചെയ്യപ്പെട്ടത് ഈ തിരുവോണത്തലേന്നാണ്. അത്യന്തം അപലപനീയമായ കൊലപാതകത്തിലെ പ്രതിസ്ഥാനത്ത് കോണ്‍ഗ്രസ്സാണെന്നാണ് സി.പി.എം പറയുന്നത്. മുല്ലപ്പള്ളിയും ശാഫി പറമ്പിലുമുള്‍പ്പടെ ഉത്തരവാദപ്പെട്ടകോണ്‍ഗ്രസ് നേതാക്കള്‍ ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാടുകള്‍ തീര്‍ത്തും മാതൃകാപരമാണ്. പ്രതിസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുണ്ടെങ്കില്‍ യാതൊരു വിധ സഹായവും പാര്‍ട്ടി നല്‍കില്ലെന്ന് സമൂഹമധ്യത്തില്‍ അവര്‍ ആവര്‍ത്തിച്ച് ഉറക്കെപ്പറഞ്ഞു. മാത്രവുമല്ല കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പടെ കാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ്. മനുഷ്യ ജീവനും അഭിമാനത്തിനും തെല്ലും വില കല്‍പ്പിക്കാത്ത നികൃഷ്ട ചെയ്തികളെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയും അത്തരക്കാരെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നതിനുള്ള ത്രാണിയാണ് എല്ലാവര്‍ക്കുമുണ്ടാവേണ്ടത്. പക്ഷെ, വിവിധ താല്‍പര്യങ്ങളാല്‍ സര്‍ക്കാറും പൊലീസുമുള്‍പ്പടെ നേരും നെറിയുമില്ലാതെ പ്രവര്‍ത്തിക്കുന്ന വേദനാജനകമായ ദുരവസ്ഥക്കാണ് വര്‍ത്തമാന കേരളം മൂകമായി സാക്ഷ്യം വഹിക്കുന്നത്.

web desk 3: